കടല്‍ദിനോസറിന്റെ ഫോസില്‍ ഇന്ത്യയില്‍നിന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2017, 05:15 PM | 0 min read

കരയില്‍ ദിനോസറുകളെന്നപോലെ, ജുറാസിക് കല്‍പ്പകാലത്ത് കടലിനെ വിറപ്പിച്ചവയാണ് ഇക്ത്തിയോസോറുകള്‍ (Icthyosaurs). ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബല്‍ജിയം, ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍നിന്നുമാണ് ഇതിനുമുമ്പ് ഇക്ത്തിയോസോര്‍ ഫോസിലുകള്‍ കണ്ടെത്തിയത്. ഏഷ്യയില്‍ ഇന്‍ഡോനേഷ്യയില്‍നിന്നും. എന്നാല്‍ ഇതാദ്യമായാണ് ഇന്ത്യയില്‍നിന്ന് ഇക്ത്തിയോസോറിന്റേതായ ഫോസില്‍ കണ്ടെടുക്കുന്നത്. ഗുജറാത്തിലെ കച്ച് മേഖലയില്‍പ്പെടുന്ന ഭുജ് പട്ടണത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ലോഡെയ് (Lodai) എന്ന ഗ്രാമത്തില്‍നിന്നു കണ്ടെടുത്ത ഇതിന് ഏകദേശം 250 ദശലക്ഷം വര്‍ഷം പഴക്കമുണ്ട്. ഹിമാലയമേഖലയില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മുനമ്പിനോടടുത്ത പ്രദേശങ്ങളില്‍നിന്നും ഇതിനുമുമ്പ് ദിനോസറുകളുടേതായ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇക്ത്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ടതും സമ്പൂര്‍ണവുമായ ഫോസില്‍ കണ്ടെത്തുന്നത്.

  ദിനോസറുകള്‍ കരയില്‍ വിഹരിച്ചിരുന്ന കാലത്ത്, കടലില്‍ അവയുടെ സമകാലികരായിരുന്ന ഭീമാകാരജീവികളാണ് 16 അടിയോളം നീളമുണ്ടായിരുന്ന ഇക്ത്തിയോസോറുകള്‍. നേര്‍ത്തു നീണ്ട താടിയും കൂര്‍ത്ത പല്ലുകളും വലിയ കണ്ണുകളുമുള്ള ഇവ പൂര്‍ണമായും മാംസഭോജികളായിരുന്നു. മത്സ്യങ്ങളായിരുന്നു ഇവയുടെ ആഹാരം. ഇക്ത്തൈസ് (ichthys)  എന്ന ഗ്രീക് വാക്കില്‍നിന്നാണ് വിളിപ്പേരിന്റെ ഉത്ഭവം. പല്ലിമത്സ്യം’എന്നാണ് ഈ പേരിന്റെ അര്‍ഥം. എന്നാല്‍ ഇക്ത്തിയോസോറുകളെ ഇങ്ങനെ വിളിക്കുന്നതില്‍ ശാസ്ത്രീയമായ ഒരു പിഴവ് ഒളിഞ്ഞിരിപ്പുണ്ട്. കാരണം, ജീവശാസ്ത്രപരമായി ഇവ മത്സ്യങ്ങളല്ല, ഉരഗങ്ങളാണ്. അതേ, ദിനോസറുകളുടെ വിഭാഗമായ റെപ്റ്റീലിയയിലെ അംഗങ്ങള്‍തന്നെ. അതുകൊണ്ടുതന്നെ കടല്‍ദിനോസറുകള്‍ എന്ന് ഇവയെ വിളിക്കുന്നതാണ് കൂടുതല്‍ ശരി. ലോകത്ത് ആദ്യമായി പൂര്‍ണരൂപത്തില്‍ ലഭിക്കുന്ന ഫോസില്‍ എന്ന ബഹുമതിയും ഇക്ത്തിയോസോറിനാണ്. 1812ല്‍ ഇംഗ്ളീഷിലെ ഡോര്‍സെറ്റ് കൌണ്ടിയിലെ കടലോരത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്.

കാഴ്ചശക്തി അടിസ്ഥാനമാക്കിയാണ് ഇക്ത്തിയോസോറുകള്‍ ഇരതേടിയിരുന്നത്. പ്രകാശം തീരെ കുറഞ്ഞ ആഴക്കടലിന്റെ അടിത്തട്ടില്‍പ്പോലും ഇരപിടിക്കാന്‍തക്കവണ്ണം ശക്തമായിരുന്നു ഇവയുടെ കാഴ്ചശക്തി. ആഴക്കടലിലെ ജലത്തിലൂടെ എത്തുന്ന കമ്പനങ്ങളെ ആന്തരകര്‍ണത്തിലെത്തിക്കുന്നതിലൂടെയും ഇവ പരിസരങ്ങളെ സൂക്ഷ്മമായി അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, ആഴക്കടല്‍ പരിസ്ഥിതിവിട്ട് അവ ഒരിക്കലും മുകളിലേക്കോ തീരക്കടലിലേക്കോ വന്നിരുന്നില്ല. മുട്ടയിടാനായി ഇക്ത്തിയോസോറുകള്‍ കടല്‍തീരത്തേക്ക് വന്നിരുന്നുവെന്നാണ് മുമ്പ് കരുതപ്പെട്ടത്. എന്നാല്‍ ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണെന്നാണ് ഇന്ന് തിരിച്ചറിയപ്പെട്ടത്. ഇക്ത്തിയോസോറുകളുടെ ഫോസിലുകള്‍ കണ്ടെടുത്ത ഇടങ്ങളെല്ലാം ഒരുകാലത്ത് ആഴക്കടലിന് അടിയിലായിരുന്നവയാണെന്ന സൂചനയും ഇതിലുണ്ട്. പടിഞ്ഞാറേ ഇന്ത്യയും മഡഗാസ്കറും തെക്കേ അമേരിക്കയുമായി ഗ്വാണ്ടാനോലാന്‍ഡ് എന്ന മഹാഭൂഖണ്ഡം പിളര്‍ന്നുപോയപ്പോള്‍  അവയ്ക്കിടയിലേക്കു കടന്നുകയറിയ കടല്‍ഞരമ്പുകളിലൂടെയാണ് ഇക്ത്തിയോസോറുകള്‍ ഇത്രയും ഉള്‍നാടന്‍ കരകളിലേക്കെത്തിയത്.

ആദ്യ കണ്ടെത്തല്‍
ഏറ്റവും ആധുനിക ഫോസില്‍ നിര്‍ണയോപാധികള്‍ ഉപയോഗിച്ചായിരുന്നു പുതിയ ഫോസിലിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത്തരം സാങ്കേതികസൌകര്യങ്ങളെല്ലാം അപ്രാപ്യമായിരുന്ന ഒരുകാലത്ത്, 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ലോകത്തിലെ ആദ്യ ഇക്ത്തിയോസോറസ് ഫോസില്‍ കണ്ടെത്തിയത്. അതും അന്ന് വെറും 12 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മേരി അന്നിങ് എന്ന പെണ്‍കുട്ടി.  മരപ്പണിക്കാരന്റെ മകളായിരുന്നു മേരി. അച്ഛന്റെ മരണവും കടുത്ത ദാരിദ്യ്രവും അടിച്ചേല്‍പ്പിച്ച കഷ്ടതകളില്‍നിന്നു രക്ഷനേടാനായാണ് മേരിയും അനുജനായ ജോസഫ് അന്നിങ്ങും കടല്‍തീരത്ത് ഫോസിലുകള്‍ അന്വേഷിച്ചിറങ്ങിയത്. കണ്ടുകിട്ടുന്നവ തുച്ഛവിലയ്ക്ക് ശാസ്ത്രജ്ഞര്‍ക്ക് വില്‍ക്കുകയായിരുന്നു അവരുടെ ജോലി. അങ്ങനെയാണ് 1812ല്‍ ആദ്യത്തെ ഇക്ത്തിയോസോറസ് ഫോസില്‍ അവര്‍ കണ്ടെടുക്കുന്നത്.

അതിനുശേഷവും അനവധി ഫോസിലുകളെ മേരി അന്നിങ് കണ്ടെത്തിയെങ്കിലും ഒരു സ്ത്രീയെന്ന നിലയിലുള്ള വിവേചനം അന്നിങ്ങിന്റെ അത്തരം പ്രശസ്തിക്ക് തടസ്സംനിന്നു. മരിച്ചശേഷമാണ് ഒരു ഫോസില്‍ പഠനവിദഗ്ധ (പാലിയന്റോളജിസ്റ്റ്) എന്ന നിലയില്‍ മേരി അന്നിങ് അറിയപ്പെടുന്നതുതന്നെ.

കണ്ടെത്തിയത്  ഒപ്താല്‍മോസോറസിനെ
ഇപ്പോള്‍കണ്ടെത്തിയ ഇക്ത്തിയോസോറസിന്റെഫോസില്‍, ഓപ്താല്‍മോസോറസ് (Ophthalmosaurus) എന്ന ജനുസ്സില്‍ ഉള്‍പ്പെടുന്നതായാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ സ്പീഷീസ് ഏതാണെന്ന് ക്യത്യമായി തിരിച്ചറിയാനായിട്ടില്ല. മുന്‍വര്‍ഷങ്ങളിലൊരിക്കല്‍, കാവേരിതീരത്തുനിന്ന് ഇക്ത്തിയോസോറിന്റേതായ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇക്ത്തിയോസോറസ് ഇന്‍ഡിക്കസ് (Icthyosaurus indicus) എന്നാണ് ഈ ഫോസിലിന് പേരു നല്‍കിയത്. എന്നാല്‍, വ്യക്തമായതെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ (ഏതാനും ചില കശേരുക്കളും പല്ലുകളും മാത്രമാണ് അന്ന് ലഭ്യമായത്), പിന്നീട് ഈ പേര് പിന്‍വലിക്കുകയായിരുന്നു. അതുകൊണ്ട്, ഇപ്പോള്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലെ വിവരങ്ങള്‍ ശാസ്ത്രസമൂഹം വിശകലനംചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഫോസിലിന് പേര് കൈമാറിവന്നേക്കാമെന്ന് കരുതുന്നു. മ്യൂസിയത്തിലാണ് പുതിയ ഫോസിലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ജെ സി ബോസ് നാഷണല്‍ ഫെലോഷിപ്പിന്റെ ധനസഹായത്തോടെ ഡല്‍ഹി സര്‍വകലാശാല യുടെയും ഗുജറാത്തിലെ ക്രാന്തിഗുരു ശ്യംജി കൃഷ്ണവര്‍മാ കച്ച് സര്‍വകലാശാലയുടെയും കീഴിലുള്ള ‘ഭൌമശാസ്ത്ര ഗവേഷകരാണ് ഈ കണ്ടെത്തല്‍ യാഥാര്‍ഥ്യമാക്കിയത്. പ്ളോസ് (PLOS One  - പബ്ളിക് ലൈബ്രറി ഓഫ് സയന്‍സ,വണ്‍) എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home