ചക്കയുടെ ആഗോളബ്രാന്ഡ് അംബാസഡറാണ് കാസര്‍കോട് വാണിനഗറിലെ കാര്ഷികപത്രപ്രവര്ത്തകന് ശ്രീപഡ്രേ. ജലസംരക്ഷണ പരിപാടിയിലൂടെയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിലൂടെയും ജനശ്രദ്ധയാകര്‍ഷിച്ച പഡ്രേ പക്ഷേ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചതെല്ലാം ചക്കയ്ക്കുവേണ്ടിയായിരുന്നു. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡയറക്ടര്‍സ്ഥാനം രാജിവച്ച് ആലുവയില്‍ ജാക്ക്ഫ്രൂട്ട് 365 എന്ന സ്ഥാപനം ആരംഭിച്ച ജെയിംസ് ജോസഫിന്റെ ഇടപെടലാണ് ചക്കയ്ക്ക് ഫൈവ്സ്റ്റാര്‍ പദവിയിലെത്തിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴയിലെ സാധാരണ കര്‍ഷകനായ ജെയിംസ് പി മാത്യുവും വര്‍ഷങ്ങള്‍ക്ക്മുമ്പ് തുടങ്ങിയതാണ് ചക്കയുക്കുവേണ്ടിയുള്ള പ്രചാരണം. ചക്ക ഉണക്കാനുള്ള ഡ്രയര്‍ സ്വന്തമായി വികസിപ്പിച്ചെടുത്തു. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം സഹിച്ച് ഇപ്പോഴും സൌജന്യമായി കേരളമെമ്പാടും ക്ളാസെടുത്തും സെമിനാറില്‍ പങ്കെടുത്തും മാത്യുചേട്ടന്‍ സജീവം. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാക്ഫ്രൂട്ട് പ്രൊമോഷന് കൌണ്‍സിലും വിഴിഞ്ഞം ചപ്പാത്തിലെ ശാന്തിഗ്രാമും ചേര്‍ന്ന് നടത്തിയ ചക്കവിളംബരയാത്രയിലും ചക്ക ഉത്സവത്തിലും മൂവരും അനുഭവങ്ങള്‍ പങ്കിട്ടു.
വേണം ചക്കത്തോട്ടങ്ങള്‍
പാഴായിപ്പോകുന്ന ചക്കയ്ക്ക് ഇപ്പോള്‍ നല്ലകാലം വരുന്നെന്ന ആശ്വാസത്തിലാണ് ശ്രീപഡ്രേ. ചക്ക ഒരു പഴംമാത്രമല്ല പച്ചക്കറിയും ഔഷധവും പ്രധാനഭക്ഷണവുമാണ്. ചക്കയും ചക്കവിഭവങ്ങളും ശീലമാക്കുന്നതുവഴിയുള്ള നേട്ടങ്ങള്‍ എത്രയോവര്‍ഷമായി പഡ്രേ നമ്മോട് വിശദീകരിക്കുന്നുണ്ട്. മഴവെള്ളസംഭരണത്തിനാാണ് പഡ്രേ ആദ്യമായി തുടക്കമിട്ടത്. പിന്നീട് സൌരോര്‍ജം, ചെലവില്ലാകൃഷി തുടങ്ങി എത്രയെത്ര പരിപാടികള്‍ക്ക് അദ്ദേഹം നേതൃത്വംകൊടുത്തു. ആദ്യമായി സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ ചക്കയുടെ പ്രചാരണപ്രവര്ത്തനത്തിനായി അഞ്ചുകോടി വകയിരുത്തിയത് പ്രതീക്ഷ പകരുന്നതായി പഡ്രേ പറയുന്നു.
നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന സമ്പൂര്‍ണ ഇനമാണ് ചക്ക. പ്രകൃതിയില്നിന്ന്് ചെലവില്ലാതെ ലഭിക്കുന്ന ഏക വിളയാണ് ചക്ക. വാണിജ്യാടിസ്ഥാനത്തില്‍ത്തന്നെ പ്ളാവിന്തോട്ടങ്ങള് ആരംഭിക്കേണ്ട സമയം അതിക്രമിച്ചു. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍നിന്ന് വിദേശത്തേക്ക് ചക്ക കയറ്റുമതി തുടങ്ങും. അതിനുമുമ്പ് നമ്മള് ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകണം. ഇത്രയേറെ ചെലവില്ലാത്ത ഭക്ഷണം നമുക്ക് കഴിക്കാന്‍ കിട്ടുമ്പോഴാണ് ഭക്ഷണത്തിനായി വന്‍ തുക ചെലവഴിക്കുന്നത്.
മലേഷ്യയില്‍ സാധാരണ പഴത്തോട്ടങ്ങള്‍ ആരംഭിക്കുന്നതു പോലെതന്നെ പ്ളാവിന്തോട്ടങ്ങള് ആരംഭിച്ചു. ഇന്ത്യയില്‍ ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും വ്യാപകമായി ചക്ക ഉല്‍പ്പന്ന നിര്‍മാണക്കമ്പനികളും ആരംഭിച്ചിട്ടുണ്ട്. 25 വര്‍ഷംമുമ്പ് മെക്സിക്കോയില്‍ പ്ളാവ് ഉണ്ടായിരുന്നില്ല. ലണ്ടന്‍ ഉള്‍പ്പെടെ പ്രമുഖനഗരങ്ങളിലെ സ്റ്റാര്‍ഹോട്ടലുകളില്‍ ചക്കവിഭവങ്ങള്‍ക്ക് പ്രത്യേകസ്ഥാനമുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ നാം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ചക്കക്കാര്യത്തില് നമ്മുടെ മേല്‍ക്കോയ്മ ഇല്ലാതാകുമെന്ന് പഡ്രേ ഓര്‍മ്മിപ്പിക്കുന്നു.
ചക്കബര്ഗര് ഉണ്ടാക്കിയ കഥ
മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡയറക്ടര്സ്ഥാനത്തുനിന്നാണ് ചക്ക സംസ്കരണത്തിലേക്ക് ജെയിംസ് ജോസഫ് എത്തുന്നത്. ആലുവകേന്ദ്രമായി ആധുനികരീതിയില്‍ ചക്ക സംസ്കരിച്ച് എല്ലാ ദിവസവും ചക്ക എന്ന ആശയം 'ജാക്ഫ്രൂട്ട് 365' എന്ന ബ്രാന്‍ഡ് നെയിമിലേക്ക് ജെയിംസ് പതിച്ചുവച്ചു. 2007ലാണ് യുകെയിലേക്ക് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജെയിംസ് പോകുന്നത്. 2009ല്‍ ജോലി രാജിവച്ച് കേരളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ മനസ്സില്‍ ചക്കമാത്രം. നാട്ടില്‍ പാഴായിപ്പോകുന്ന ലക്ഷക്കണക്കിനു ചക്ക എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചിന്തിച്ചു. ഇറച്ചി, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍ തുടങ്ങിയവയ്ക്കു സമാനമാണ് ചക്ക. എന്തുകൊണ്ട് ചക്കബര്ഗര് ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിച്ചു. ജാക്ഫ്രൂട്ട് 365 എന്ന ബ്രാന്‍ഡ് അവിടെ ജനിച്ചു.
പച്ചച്ചക്കയും ചക്കപ്പഴവും ഉണക്കി പായ്ക്കറ്റിലാക്കി. ജാക്ഫ്രൂട്ട് 365 എന്ന പേരില്‍ വിപണിയിലിറക്കി. ചക്കയെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലും പ്രധാന വിഭവമാക്കാം. അത് തെളിയിക്കാനായി ജെയിംസ് ജോസഫ് പ്രമുഖ ഷെഫുമാരെ തേടിയിറങ്ങി. ചക്കയോട് വിരോധമൊന്നുമല്ല, പക്ഷേ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, എല്ലായിടത്തും പരക്കുന്ന ഗന്ധം, ഒട്ടിപ്പിടിക്കുന്ന ചക്കപ്പശ... ഇതെല്ലാംകൊണ്ടാണ് ചക്ക ഉപയോഗിക്കാത്തത് എന്ന് ഷെഫുമാര്‍. തന്റെ കൈയിലിരുന്ന പായ്ക്കറ്റ് ജെയിംസ് പുറത്തെടുത്തു. പിന്നെ അവിടെ നിറഞ്ഞത് നിരവധി വിഭവങ്ങളായിരുന്നു. ബര്‍ഗര്‍, കാത്തിറോള്‍, സ്പ്രിങ്റോള്‍ തുടങ്ങിയവ മഫീന്‍, ചക്കപൈ, പേസ്ട്രി, കേക്ക് തുടങ്ങിയ ചക്കവിഭവങ്ങളായി ജനിച്ചു.
ചക്കപ്പുഴുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി കുറയ്ക്കുമെന്നും ഇന്സുലിനന്റെയും മരുന്നിന്റെയും ഡോസ് പാതിയായി കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് ഗവേഷണഫലം. പഴുത്ത ചക്കയില്‍ ഷുഗറിന്റെ അളവ് കൂടുതലാണെങ്കിലും പച്ചച്ചക്കയില്‍ അഞ്ചിലൊന്നുമാത്രമാണ്. പച്ചച്ചക്കയോ അതുകൊണ്ടുണ്ടാക്കുന്ന പുഴുക്കോ കഴിച്ചാലാണ് പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തിയത്. ചക്ക വ്യാപകമായി ആഹാരമാക്കുന്ന ശ്രീലങ്കയിലെ മെഡിക്കല്‍ ജേണലിലാണ് ഇതുസംബന്ധിച്ച ഗവേഷണഫലം ആദ്യമായി പുറത്തുവന്നത്.
പച്ചച്ചക്കയില്‍ പഞ്ചസാരയുടെ അളവ് തീരെ കുറവായതും ശരീരം ആഗിരണംചെയ്യാത്ത ഫൈബര്‍ (നാര്) അടങ്ങിയിട്ടുള്ളതുമാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. പക്ഷേ, ചക്കപ്പുഴുക്ക് ചപ്പാത്തിയോ ചോറോ കഴിക്കുന്നതിനു പകരം പ്രധാന ഭക്ഷണമായി തന്നെയാണു കഴിക്കേണ്ടത്. നാരുകള്‍ അടങ്ങിയ ഭക്ഷണമാകയാല്‍ വയര്‍ നിറയും. ശോധന എളുപ്പമാകും. അതോടൊപ്പം ഷുഗറിലും കുറവു വരുന്നു. ഇടിച്ചക്കയ്ക്ക് ഈ ഗുണമില്ല. ചക്കവറ്റല്‍ (ചിപ്സ്) കഴിച്ചാലും പ്രയോജനമില്ല.
പഴുത്ത ചക്കമാത്രമേ പ്രമേഹരോഗികള്‍ക്ക് വര്‍ജ്യമായിട്ടുള്ളൂവെന്ന് ആയുര്‍വേദ ഡോക്ടര്‍മാരും പറയുന്നു.
ചക്കസദ്യയൊരുക്കി മാത്യുചേട്ടന്‍
പാലക്കാട് കാഞ്ഞിരപ്പുഴയിലെ കര്ഷകന് ജെയിംസ് പി മാത്യുവിന്റെ മകന് ലിനോ ജേക്കബ്ബിന്റെ വിവാഹം സെപ്തംബര്‍ 15നാണ്. നെയ്ചോറും ചിക്കന്ബിരിയാണിയും ആരും പ്രതീക്ഷിക്കണ്ട. ഒന്നാന്തരം ചക്കസദ്യയാണ് ഓസ്ട്രേലിയയില്‍ ജോലിക്കാരനായ മകനുവേണ്ടി മാത്യു ഒരുക്കുന്നത്. ചക്കപ്പുഴുക്കും അച്ചാറും തോരനും ഇടിച്ചക്കത്തോരനും ചക്കപ്പഴജ്യൂസും എല്ലാമടങ്ങുന്ന ചക്കസദ്യ. കുടിക്കാന്‍ ചക്കമുള്ളുകൊണ്ടുള്ള വെള്ളവും.
ചക്കയോടുള്ള പ്രിയം ജെയിംസിന് തുടങ്ങുന്നത് 16 വര്‍ഷംമുമ്പാണ്. കുടുംബസ്വത്തായി ലഭിച്ച അഞ്ചേക്കറില്‍ നിറയെ പ്ളാവുകളുണ്ടായിരുന്നു. പറമ്പില്‍ നിറഞ്ഞ് കായ്ച്ചുകിടക്കുന്ന ചക്കകള്‍ ചീഞ്ഞ് ബുദ്ധിമുട്ടായപ്പോഴാണ് ഇത് എങ്ങനെ സംസ്കരിച്ച് ഉപകാരപ്രദമാക്കാമെന്ന് ജെയിംസ് ചിന്തിച്ചത്. അതിനായുള്ള ഗവേഷണം സ്വന്തമായി തുടങ്ങി. ചക്ക ആവിയില്‍ ഉണക്കിയെടുത്ത് സൂക്ഷിക്കാനുള്ള ഡ്രയര്‍ കണ്ടുപിടിച്ചു. നിരവധിപേര്‍ ചക്ക ഉണക്കലിന്റെ സാങ്കേതികവിദ്യ മനസ്സിലാക്കാനായി മാത്യുചേട്ടനെ തേടിയെത്തുന്നു. അതിനിടെ ചക്കകൊണ്ട് എന്തൊക്കെ ഉണ്ടാക്കാന്‍ കഴിയുമെന്ന് പഠിക്കാന്‍ പോയി. വര്‍ഷങ്ങളോളം കൃഷി ഗവേഷകരുടെയും വിദഗ്ധരുടെയും കാലുപിടിച്ച് പറഞ്ഞു, നിങ്ങള്‍ ഈ വഴിയില്‍ ഒന്നു ചിന്തിക്കൂ. പക്ഷേ, ആരും ചെവിക്കൊണ്ടില്ല. ചക്കകൊണ്ട് വൈന്‍ ഉണ്ടാക്കി കഴിഞ്ഞ തവണത്തെ കൃഷിമന്ത്രി അടക്കമുള്ളവരെ കൊണ്ടുവന്നു കാണിച്ചു. ഗുണമുണ്ടായില്ല. നിരവധി സെമിനാറുകളിലും ചര്‍ച്ചകളിലുമെല്ലാം പങ്കെടുത്തു. ചക്കയ്ക്കു പിന്നാലെ നടന്ന് ചക്കയെന്ന വിളിപ്പേരുവരെ കിട്ടി. മാത്യുവിന്റെ ബൈക്കിനുപോലും നാട്ടുകാരിട്ട പേര് ചക്കവണ്ടിയെന്നാണ്. ഇത്രയും കാലം രാപ്പകലില്ലാതെ ചക്കയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വന്തം കൈയില്‍നിന്ന് പണം മുടക്കി പ്രവര്‍ത്തിച്ചിട്ടും നിരാശയാണ് ഫലം. ആര്‍ക്കും ചക്കയോട് വലിയ അടുപ്പമില്ല. ജോലിഭാരംകൊണ്ട് ചക്കയെ അടുക്കളയില്‍നിന്ന് അകറ്റിനിര്‍ത്തുകയാണ് മലയാളികള്‍. അതേസമയം, ഫലപ്രദമായി ഉപയോഗിച്ചാല്‍ ഇത്രയേറെ ഗുണംചെയ്യുന്ന മറ്റൊരുഫലമില്ലെന്ന് മാത്യുചേട്ടന്‍ പറയുന്നു.
കര്‍ണാടകത്തില്‍ ചിക്മംഗളൂരുവില്‍ കാപ്പിത്തോട്ടമുണ്ടായിരുന്നു. ചക്കയ്ക്കുവേണ്ടി മുഴുവന്‍ സമയവും നീക്കിവച്ചപ്പോള്‍ അത് വിറ്റു. കേരളത്തില്‍ ചക്കയ്ക്ക് വിലകിട്ടുന്ന കാലംവരുമെന്നുതന്നെ ഉറച്ചുവിശ്വസിക്കുന്നു ഈ മനുഷ്യന്.
sureshgopidbi@gmail.com