22 September Saturday

ത്യാഗരാജയോഗവൈഭവം, അഗരാജയോഗവൈഭവം, രാജയോഗവൈഭവം

വി ജയിൻUpdated: Sunday Dec 24, 2017
കർണാടകസംഗീതത്തിൽ മറ്റാർക്കുമില്ലാത്ത ഉന്നതസ്ഥാനം ത്യാഗരാജന് ലഭിച്ചതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് ‘ത്യാഗരാജയോഗവൈഭവം' എന്ന ഗ്രന്ഥത്തിൽ സുനിൽ പി ഇളയിടം. ത്യാഗരാജൻ ജീവിച്ച കാലത്തിന്റെ സാമൂഹ്യ സവിശേഷതകളെ ചരിത്രപരമായി വിശകലനം ചെയ്തും കർണാടകസംഗീതത്തിന്റെ ഉള്ളടക്കത്തെ സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തിയുമാണ് ‘ത്യാഗരാജയോഗവൈഭവം' എന്ന ഗ്രന്ഥം രചിച്ചിരിക്കുന്നത്.
 
പതിനെട്ടാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലും 19ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായാണ് ത്യാഗരാജന്റെ ജീവിതം. ഫ്രഞ്ച് വിപ്ലവം നടന്ന കാലം. മാർക്‌സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചതും ഈ കാലയളവിൽ. ഇന്ത്യയിൽ ബ്രിട്ടീഷ് വാഴ്ച ഉറച്ചു. ഈ സാമൂഹ്യ അന്തരീക്ഷത്തിലാണ് ത്യാഗരാജന്റെ സംഗീതസേവനം. ത്യാഗരാജൻ ജീവിച്ചിരുന്ന തഞ്ചാവൂർ ഭരിച്ചിരുന്ന ശരഭോജി രാജാവിന്റെ ഇംഗ്ലീഷ് ജീവിതത്തോടും സംഗീതത്തോടും സംസ്‌കാരത്തോടുമുള്ള ആഭിമുഖ്യവും അത് സംഗീതത്തെ സ്വാധീനിച്ചതെങ്ങനെയെന്നും സുനിൽ വിശദീകരിക്കുന്നുണ്ട്. താളപ്പാക്കം അന്നമാചാര്യയുടെ കാലംമുതൽ കീർത്തനങ്ങൾ രചിക്കപ്പെടുകയും പാടുകയും ചെയ്തിരുന്നുവെങ്കിലും കർണാടകസംഗീതത്തിലെ മുഖ്യ സംഗീതരൂപമായി കീർത്തനങ്ങൾ മാറിയത് ത്യാഗരാജൻ ജീവിച്ചിരുന്ന കാലത്താണ്.
 
കർണാടകസംഗീതത്തിന്റെ ആദിപിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്നത് പുരന്ദരദാസനാണെങ്കിലും കർണാടകസംഗീതത്തെ ജനങ്ങളോട് ഏറ്റവും അടുപ്പിച്ച ആചാര്യൻ ത്യാഗരാജനാണെന്നും അതിൽ പിതൃതുല്യമായ സ്ഥാനമാണ് ത്യാഗരാജന് കർണാടകസംഗീതത്തിലുള്ളതെന്നും സുനിൽ പറയുന്നു. ത്യാഗരാജകീർത്തനങ്ങൾ സംഗീതത്തിന്റെ ഉൾക്കാമ്പുകൊണ്ട് കനപ്പെട്ടവയായിരുന്നില്ലെന്ന് സൂക്ഷ്മനോട്ടത്തിൽ വിലയിരുത്താം. ത്രിമൂർത്തികളിൽ മുത്തുസ്വാമി ദീക്ഷിതരുടെയും ശ്യാമാശാസ്ത്രിയുടെയും കൃതികളിലുള്ള സങ്കീർണമായ സൗന്ദര്യം ത്യാഗരാജകൃതികളിലില്ല. എന്നാൽ, ജനങ്ങൾക്ക് ഏറ്റവും എളുപ്പം ആസ്വദിക്കാനും കൂടെ പാടാനും കഴിയുന്നതായിരുന്നു ത്യാഗരാജകൃതികൾ. ജനങ്ങൾക്കിടയിൽ ജീവിച്ച് അവരിൽനിന്ന് എന്തെങ്കിലും സ്വീകരിച്ചാണ് അദ്ദേഹം ജീവിച്ചത്. ബ്രാഹ്മണാധിപത്യത്തിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളിലായിരുന്നു ത്യാഗരാജന്റെ ജീവിതമെങ്കിലും സാമാന്യജനങ്ങളോട് അദ്ദേഹം സംഗീതത്തിലൂടെ സംവദിക്കുകയും മാതൃകാപരമായ ഒരു ജീവിതം നയിക്കുകയും ചെയ്തു എന്നതാകാം അദ്ദേഹത്തിന്റെ പിതൃസ്വരൂപത്തിന് കാരണമായത്. ഭക്തിപ്രസ്ഥാനത്തിന്റെ ധാരയാണ് ത്യാഗരാജനിലൂടെ ഒഴുകിയത്.
 
കർണാടകസംഗീതത്തിന്റ രൂപപരിണാമപ്രക്രിയയിൽ സജീവമായി ഇടപെട്ടതാണ് ത്യാഗരാജന്റെ പ്രസക്തി. ദന്തഗോപുരങ്ങളിൽനിന്ന് ജനമനസ്സുകളിലേക്ക് അതിനെ എത്തിച്ചു. സരളമായ ഭാഷയും വക്രതയില്ലാത്ത രചനയും സുഗമമായ ആലാപനസാധ്യതയും ത്യാഗരാജകൃതികളെ അതുവരെയില്ലാത്ത വലിയ സ്വീകാര്യതയിലേക്ക് ഉയർത്തി. രാമസ്തുതിയായിരുന്നു പ്രധാന ഉള്ളടക്കം. എന്നിരുന്നാലും ജീവിതസമീപനത്തിൽ വ്യത്യസ്ത വീക്ഷണം അദ്ദേഹം പുലർത്തി. ത്രിമൂർത്തികളുടെ ജീവിതകാലത്ത് സംഗീതത്തെ രൂപപ്പെടുത്തിയ സംഗീതബാഹ്യമായ ഘടകങ്ങളെ സുനിൽ അനാവരണം ചെയ്യുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.
 
പുസ്തകത്തിന് അനുബന്ധമായി യേശുദാസ് മലയാളികളുടെ സംഗീതാസ്വാദനത്തിലേക്ക് ഉയർന്നുവന്നതിന്റെ കാര്യകാരണങ്ങളിലേക്ക് കണ്ണോടിക്കുന്നുണ്ട്. അവിടെയെത്തുമ്പോൾ ചലച്ചിത്രഗാനങ്ങൾ മലയാളികളുടെ സംഗീതബോധത്തെ ഏറ്റവുമേറെ സ്വാധീനിക്കുന്ന സംഗീതരൂപമായി മാറിയതെങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. യേശുദാസിന്റെ സ്വീകാര്യതയെക്കുറിച്ച് വിലയിരുത്തുമ്പോൾത്തന്നെ അദ്ദേഹത്തെ വലിയൊരു വിഗ്രഹമായി പ്രതിഷ്ഠിക്കുന്ന സംഗീതബാഹ്യമായ കാരണങ്ങളെക്കുറിച്ച് ഒട്ടൊക്കെ മൗനംപാലിക്കുകയും ചെയ്യുന്നു. ഒരു കാലമാണ് യേശുദാസിനെ സൃഷ്ടിച്ചത്. രചയിതാക്കളും സംഗീതസംവിധായകരും ഒരുക്കിയ  വളരെ മികച്ച ഒരു സംഗീതകാലത്തെ അതിന്റെ സാരാംശം കുറെയൊക്കെ ചോർത്തിക്കളഞ്ഞ് പ്രതിധ്വനിപ്പിച്ച ഗായകനാണ് യഥാർഥത്തിൽ യേശുദാസ്.
 
jaindesh@gmail.com
പ്രധാന വാർത്തകൾ
Top