25 June Monday

പാവം പാവം വില്ലന്‍

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Jul 16, 2017

കൊല്ലം അജിത്

ക്രൂരതയുടെ പര്യായപദമാണ് കൊല്ലം അജിത് സിനിമയില്‍; ജീവിതത്തില്‍ അങ്ങനെയല്ല. മൂന്നരദശകത്തിനിടെ വെള്ളിത്തിരയില്‍ ചെയ്യാത്ത കൊള്ളരുതായ്മകളില്ല. ഇവരെപ്പോലുള്ള വില്ലന്മാര്‍ക്കേറ്റ മര്‍ദനത്തില്‍നിന്നാണ് ആരാധകമനസ്സില്‍ താരങ്ങള്‍ കട്ടൌട്ടുകളേക്കാള്‍ വളര്‍ന്നത്്. 'കൊലയ്ക്കും കൊള്ളിവയ്പിനും ചതിക്കും വഞ്ചനയ്ക്കും' അടിവാങ്ങലിനും ഇനിയും അവധികൊടുത്തിട്ടില്ല കൊല്ലം അജിത്്. അവസരം കിട്ടിയാല്‍ ഇനിയും 'അടിവാങ്ങാന്‍' തയ്യാറാണ്്. സ്വന്തമായി നിര്‍മിച്ച് സംവിധാനംചെയ്ത സിനിമ 'പകല്‍ പോലെ' തിയറ്ററുകള്‍ കിട്ടാതെ ഏഴുമാസമായി പെട്ടിയിലിരിപ്പാണ്്. വമ്പന്‍ സിനിമകളോട് ഏറ്റുമുട്ടേണ്ടിവരുന്ന ചെറുസിനിമയുടെ സംവിധായകന് വെള്ളിത്തിരയിലെ വില്ലനെപ്പോലെ മസിലുപെരുപ്പിക്കാനാകുന്നില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അറുനൂറിലധികം സിനിമകളില്‍ വേഷമിട്ട അജിത് സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് താരമായത്. സംവിധാനസഹായിയാകാന്‍പോയി ഒടുവില്‍ വില്ലനായും പിന്നീട് സംവിധായകനുമായിമാറിയ ജീവിതത്തിലെ വഴിത്തിരിവുകള്‍ അജിത് പങ്കുവയ്ക്കുന്നു.

തുടക്കമിട്ടത് പത്മരാജന്‍

പത്മരാജന്‍ സിനിമകളില്‍ ത്രില്ലടിച്ചാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റാകാന്‍ പോയത്്. ആരുടെയും ശുപാര്‍ശയില്ലാതെ നേരിട്ട് പൂജപ്പുരയിലെ വീട്ടില്‍ ചെന്നുകണ്ടു. അവസരം ചോദിക്കാന്‍ ചെന്ന എന്നോട് തുല്യനായ ഒരു വ്യക്തിയോടെന്നപോലെ അദ്ദേഹം പെരുമാറി. ആ പരിഗണന പിന്നീടൊരിക്കലും ആരില്‍ നിന്നും എനിക്ക് കിട്ടിയിട്ടില്ല. അപ്പോള്‍ അദ്ദേഹത്തോടൊപ്പം പത്ത് അസിസ്റ്റന്റുമാരുണ്ട.് അവര്‍ ആരെങ്കിലും മാറിയാല്‍ അവസരം തരാമെന്നേറ്റു. ഇറങ്ങുംമുമ്പ് അദ്ദേഹം ചോദിച്ചു. അജിത് എന്തുകൊണ്ട് അഭിനയിക്കാന്‍ വേഷം ചോദിക്കുന്നില്ല. എനിക്ക് അഭിനയമോഹം അപ്പോള്‍ ഉണ്ടായിരുന്നില്ല. സിനിമ പഠിക്കാനായിരുന്നു ആഗ്രഹം.  അജിത്തിന്റെ കണ്ണുകള്‍ കൊള്ളാമല്ലോ, ഞാന്‍ നിങ്ങള്‍ക്കൊരു വേഷം തരും.  മൂന്ന് വര്‍ഷം കഴിഞ്ഞ് അദ്ദേഹം വിളിച്ചു. പറന്ന്് പറന്ന് പറന്ന് (1983) എന്ന  സിനിമയിലേക്ക്്.

പറന്ന് പറന്ന് പറന്ന്്

'പീഡനശ്രമ'ത്തോടെയായിരുന്നു ചലച്ചിത്രജീവിതത്തിന്റെ തുടക്കം. നായിക രോഹിണി ജോലിചെയ്യുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ധനികനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു എനിക്ക്്. പൊക്കവും തടിയും ഒക്കെ ഉള്ളതുകൊണ്ടാകണം ആ വേഷത്തിലേക്ക് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത്്. ഒരു നീണ്ട സീക്വന്‍സ്്, ഡയലോഗുകളുമുണ്ട്്്. ആദ്യഷോട്ടില്‍ത്തന്നെ സീന്‍ ഒകെ ആയി. അദ്ദേഹം എന്നെ അഭിനന്ദിച്ചു. ആ തുടക്കത്തില്‍നിന്ന് പിന്നീട് എന്നെ തേടിവന്നതെല്ലാം അത്തരം വേഷങ്ങളായിരുന്നു. വീട്ടില്‍നിന്ന് അഭിനയിക്കാനെന്നുപറഞ്ഞ് ഇറങ്ങിയ സ്ഥിതിക്ക് തോറ്റ് വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. അവസരങ്ങളോട് നോ പറയാനാകില്ല. വേഷം ചെറുതോ വില്ലനോ വികൃതരൂപിയോ എന്നതായിരുന്നില്ല, നിലനില്‍പ്പിനായിരുന്നു മുന്‍ഗണന. അങ്ങനെയാണ് ഞാന്‍ സ്ഥിരം അടിവാങ്ങുന്ന ആളായത്്.

നായകന്റെ അഗ്നിപ്രവേശം

ഒരിക്കല്‍ നായകവേഷവും എന്നെ തേടിയെത്തി. 1989ല്‍ പുറത്തിറങ്ങിയ അഗ്നിപ്രവേശം. സിനിമ ഇപ്പോഴും യൂ ട്യൂബില്‍ ലഭിക്കും. സുകുമാരിയും സോമനും ജഗതിയും ക്യാപ്റ്റന്‍ രാജുവും ലാലു അലക്സും മാളയും എല്ലാം അഭിനയിച്ച ചിത്രം സംവിധാനംചെയ്തത്  സി പി വിജയകുമാര്‍. രതീഷിനെ പോലെ ആക്ഷന്‍ ചെയ്യുന്ന നായകന്‍ എന്ന ഗണത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമമായിരുന്നു സിനിമ. ശരിക്കും അതൊരു അഗ്നിപ്രവേശമായിരുന്നു. നായകനാകാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ പപ്പേട്ടന്‍ (പത്മരാജന്‍) പറഞ്ഞു ഒരുപക്ഷേ നിന്റെ വഴി അതായിരിക്കും എന്ന്്. പക്ഷേ അങ്ങനെ സംഭവിച്ചില്ല. അടികൊള്ളല്‍ തന്നെയായിരുന്നു എന്റെ വഴി.
കരിയറില്‍ ഗതിമാറ്റാന്‍ നിരവധി അവസരങ്ങള്‍ മുന്നിലെത്തിയെങ്കിലും എന്തുകൊണ്ടോ എല്ലാം നഷ്ടമായി.

മൂന്നരദശാബ്ദം നീണ്ട തല്ല്

പകല്‍പോലെ എന്ന ചിത്രത്തില്‍ കൊല്ലം അജിത്

പകല്‍പോലെ എന്ന ചിത്രത്തില്‍ കൊല്ലം അജിത്

35 വര്‍ഷത്തെ അഭിനയജീവിതത്തില്‍ വില്ലന്‍വേഷങ്ങളായിരുന്നു ഭൂരിപക്ഷവും. നായകനാകാന്‍വന്ന എല്ലാവരില്‍നിന്നും അടിവാങ്ങിയിട്ടുണ്ട്്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൈയില്‍ നിന്ന് തുല്യമായ തോതില്‍ അടിവാങ്ങിക്കൂട്ടിയിട്ടുണ്ട്്. അവര്‍ക്കൊപ്പം നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴത്തെ ന്യൂജനറേഷന്‍ പയ്യന്മാര്‍ ഒഴിച്ച് പോയ മൂന്ന് ദശകത്തില്‍ മലയാളത്തില്‍വന്ന ഏതാണ്ടെല്ലാ നായകന്മാരും എന്റെ പുറത്ത് കൈയാങ്കളി നടത്തിയിട്ടുണ്ട്്. ഇനിയും തല്ലുകൊള്ളാന്‍ തയ്യാറാണ്. പക്ഷേ മലയാള സിനിമയുടെ സ്വഭാവത്തില്‍വന്ന മാറ്റം എന്നെപ്പോലെ നിരവധി പേര്‍ക്ക് പ്രതികൂലമായിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി ആരും തേടിവരാറില്ല.

സിനിമയിലെ മാറ്റത്തിന്റെ ഇരകള്‍

മലയാള സിനിമിയില്‍ പോയ കുറെ വര്‍ഷങ്ങളായി കഥപറച്ചിലിലും ശൈലിയിലുംവന്ന മാറ്റം ഗുണപരമാണെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍, അതുമൂലം വഴിയാധാരമായവരും ഒരുപാടുണ്ട്്. പണ്ടത്തെ പ്രമുഖ നടന്മാര്‍പോലും അവസരംകാത്ത് വീട്ടിലിരിപ്പാണ്്. പ്രമുഖരായ അമ്മനടിമാര്‍ ഇപ്പോള്‍ സിനിമയില്‍ വേണ്ടാത്തവരായി. പ്രതിഭ തെളിയിച്ച സഹനടന്മാരും പുതിയ മാറ്റത്തിന്റെ ഇരകളാണ്. ആരും ഒന്നും തുറന്നുപറയുന്നില്ല എന്നേയുള്ളൂ.

ഒറ്റയാള്‍ സിനിമ

അറുനൂറിലധികം സിനിമയില്‍ അഭിനയിച്ച എനിക്ക് അനുഭവങ്ങള്‍ തന്നെയാണ് ഗുരു. നൂറ്റമ്പതോളം സംവിധായകര്‍ക്കൊപ്പമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്്. അവര്‍ക്കൊത്തുള്ള ജീവിതമാണ് എന്നെ സിനിമ പഠിപ്പിച്ചത്്. നിര്‍മാണവും സംവിധാനവും രചനയും തിയറ്റര്‍ സംഘടിപ്പിക്കലും പോസ്റ്റര്‍ അടിക്കലും വരെ ഒറ്റയ്ക്കുചെയ്യുന്ന സിനിമാക്കാരനാണ് ഞാന്‍. ഷോട്ട് സെറ്റ്ചെയ്ത് ആക്ഷന്‍ പറഞ്ഞശേഷം ഞാന്‍തന്നെ ഓടിപ്പോയി അഭിനയിക്കുന്നു. അഭിനയത്തിനിടെ ഞാന്‍തന്നെ കട്ട് പറയുന്നു. ഡയലോഗ് പറഞ്ഞുതരാന്‍ അസിസ്റ്റന്റുപോലും ഇല്ലാതെയാണ് ഞാന്‍ സിനിമയെടുക്കുന്നത്. ഒരുപക്ഷേ അങ്ങനെ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകനും ഞാനായിരിക്കും. 'പകല്‍പോലെ' എന്ന രണ്ടാം ചിത്രം റിലീസ് ചെയ്യാന്‍ തിയറ്ററുകള്‍തേടിയുള്ള അലച്ചിലിലാണ് ഞാനിപ്പോള്‍. ഭീകരരായി മുദ്രകുത്തപ്പെടുന്നവരുടെ ജീവിതം പറയുന്ന സിനിമയുടെ സന്ദേശം ജനങ്ങളിലെത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്്. വമ്പന്‍ സിനിമകളുമായുള്ള മത്സരത്തില്‍ എന്റെ കൊച്ചുസിനിമയ്ക്കായി തിയറ്ററുകള്‍ കിട്ടുന്നില്ല. എന്റെ കാത്തിരിപ്പ് ഇപ്പോള്‍ എഴുമാസം നീണ്ടു. പക്ഷേ ഞാന്‍ തളരില്ല. പരിശ്രമിച്ചുകൊണ്ടേയിരിക്കും. ഞാന്‍ സംവിധാനംചെയ്യുന്ന മൂന്നാമത്തെ സിനിമ 'ഒരു കടലിനും അപ്പുറം' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 'കോളിങ് ബെല്‍' ആയിരുന്നു ആദ്യസിനിമ. മമ്മൂക്കയെ നായകനാക്കി ഒരു സിനിമയെടുക്കുക എന്നതാണ് എന്റെ സ്വപ്നപദ്ധതി.

unnigiri@gmail.com

പ്രധാന വാർത്തകൾ
Top