19 October Friday

ആ കറ ഇനിയില്ല

പ്രൊഫ. എം കെ സാനുUpdated: Sunday Oct 15, 2017

ക്ഷേത്രങ്ങളിൽ അബ്രാഹ്മണരെയും പുരോഹിതരാക്കാനുള്ള വിപ്ലവകരമായ തീരുമാനം സംസ്ഥാന സർക്കാരിന്റെ പൊതുവായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഞാൻ കാണുന്നത്. ഒരു സർക്കാരിന്റെ പ്രവർത്തനങ്ങളെ നാം വിലയിരുത്തുന്നത് അവശ ജനവിഭാഗങ്ങളിൽ അത് എത്രത്തോളം ശ്രദ്ധ ചെലുത്തുന്നു എന്നതിനെ ആശ്രയിച്ചാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ പ്രവർത്തനം തുടങ്ങിയ കാലംമുതൽ, പരാധീനതകളുള്ളവരുടെ കാര്യത്തിൽ അവർക്ക് അനുകൂലമായ താൽപ്പര്യമാണ് കാണിച്ചുപോന്നിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ നേർക്ക്, അംഗവൈകല്യമുള്ളവരുടെ നേർക്ക്, ഭിന്നലിംഗക്കാരുടെ നേർക്ക്, വൃദ്ധജനങ്ങളുടെ നേർക്ക്, എച്ച്‌ഐവി ബാധിച്ച കുട്ടികളുടെ നേർക്ക്      ഇവരെയെല്ലാം ഔദാര്യത്തോടെ കണ്ടുകൊണ്ട് അവരുടെ ഉന്നമനത്തിന് ആവശ്യമായ പല പദ്ധതികളും പിണറായി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കാണുന്ന അടിസ്ഥാനവീക്ഷണം സമഭാവനയാണ്. എല്ലാ വിഭാഗങ്ങളെയും മനുഷ്യരാശിയിലെ അംഗങ്ങളായി കാണുകയും അവരിലെ അവശത അനുഭവിക്കുന്നവർക്ക് ഉയർന്നുവരാൻ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുകയാണ് അതിന്റെ കാതൽ.

പുരോഗമനപരമായ ഈ വീക്ഷണത്തിന്റെ ഭാഗമായിട്ടാണ് അബ്രാഹ്മണരും അവർണ ജനവിഭാഗങ്ങളിൽ പെട്ടവരുമായവരെ ദേവാലയങ്ങളിൽ പൂജാദികർമങ്ങൾ നയിക്കാൻ ചുമതലപ്പെടുത്തിയത്. കേരളത്തെ മാത്രമല്ല, ഇന്ത്യയെ മുഴുവൻ സഹസ്രാബ്ദങ്ങളായി അലട്ടിക്കൊണ്ടിരുന്ന ഒരു ശാപമാണ് ജാതിപരമായ ഉച്ചനീചത്വം. അതനുസരിച്ച്, താഴ്ന്നതെന്ന് കരുതപ്പെടുന്ന ജാതിയിൽ പെട്ടവർക്ക് ഉയരാൻ എല്ലാ സാധ്യതയും നിഷേധിക്കപ്പെട്ടിരുന്നു. സ്വാതാപ്തിുേശഷം അവരുടെ ജീവിതാവകാശങ്ങൾ പലതും അനുവദിക്കപ്പെടുന്നതിന് നിയമനിർമാണങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ജാതിമേധാവിത്വം കൊടികുത്തിവാണ ദേവാലയങ്ങളിൽ പുരോഹിതവൃത്തി അനുഷ്ഠിക്കാൻ അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ആ അവകാശമാണ് ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് പിണറായി സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങൾ എല്ലാവർക്കും ഈശ്വരാരാധന നടത്താനുള്ള പരിശുദ്ധമായ കേന്ദ്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അവിടെ പൂജാദികർമങ്ങളിലൂടെ വിശ്വാസികൾ പുണ്യം േതടുന്നു. അതിനുപകരിക്കുന്നതാണ് ശാസ്ത്രാനുസരണമായി നിർവഹിക്കുന്ന അനുഷ്ഠാനങ്ങളെന്നും വിശ്വാസികൾ കരുതുന്നു. ഈ ശാസ്ത്രം അഭ്യസിച്ചവർക്കെല്ലാം ക്ഷേത്രങ്ങളിൽ പുരോഹിതരാകാൻ അവകാശമുണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കുന്നതിലൂടെ ജാതിമേധാവിത്വത്തിന് കനത്ത ആഘാതമേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സാഹസികമായ ഈ നടപടിയിൽ സർക്കാരിനെ അഭിനന്ദിക്കാൻ ഭാവിതലമുറകൾ മടിക്കുകയില്ല.

തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായി ചുമതലയേറ്റ യദുകൃഷ്ണൻഭക്തർക്ക് പ്രസാദം നൽകുന്നു / ഫോട്ടോ: മനു വിശ്വനാഥ്

തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായി ചുമതലയേറ്റ യദുകൃഷ്ണൻഭക്തർക്ക് പ്രസാദം നൽകുന്നു / ഫോട്ടോ: മനു വിശ്വനാഥ്

കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ സ്വാമി വിവേകാനന്ദനാണ്. ജാതികൃതമായ ഉച്ചനീചത്വത്തിന്റെ വൈകൃതം നേരിൽ കണ്ടതുകൊണ്ടാണ് അദ്ദേഹം ആ വിശേഷണം നൽകിയത്. ഇന്ന് അവശവിഭാഗങ്ങൾക്ക് പൗരോഹിത്യവൃത്തി അനുഷ്ഠിക്കാൻ അവകാശം നൽകുമ്പോൾ സ്വാമി വിവേകാനന്ദൻ കണ്ട കറ കേരളത്തിൽനിന്ന് തുടച്ചുമാറ്റുകയാണ് ചെയ്തിരിക്കുന്നത്.

രണ്ടാമതൊരു ചരിത്രവസ്തുതകൂടി ഇവിടെ ഓർമിച്ചുപോകുന്നു. കൃത്യം 100 വർഷങ്ങൾക്ക് മുമ്പാണ് ടി കെ മാധവന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചുവന്ന ദേശാഭിമാനി പത്രത്തിലൂടെ ക്ഷേത്രപ്രവേശനം എല്ലാ ഹിന്ദുക്കൾക്കും അനുവദിക്കേണ്ടതാണ് എന്ന വാദം സി വി കുഞ്ഞുരാമൻ അവതരിപ്പിച്ചത്.

1917 ഡിസംബറിലായിരുന്നു അത്. അന്ന് സമൂഹത്തിൽ വിഭ്രാന്തിയുളവാക്കിയ ഒരു വാദമായിരുന്നു അത്. എന്നാൽ, സി വി കുഞ്ഞുരാമൻ ഒരു ലേഖനം കൊണ്ട് മതിയാക്കിയില്ല. ശ്രീമൂലം അസംബ്ലിയിൽ നായർ സമുദായത്തിലെ അംഗങ്ങളും ഈഴവസമുദായ അംഗങ്ങളും ഈ വാദം ഉന്നയിക്കേണ്ടതാണെന്ന് അദ്ദേഹം ശക്തമായ ഉദ്‌ബോധനം നൽകി.

അതനുസരിച്ച് അതുന്നയിക്കാൻ നായർ സമുദായാംഗവുമുണ്ടായി. അക്കാലത്ത് അത് എത്രത്തോളം ഫലംചെയ്തു എന്നത് ചിന്താവിഷയമല്ല. അത്ര ഫലമുണ്ടാക്കുകയില്ല എന്നത് നമുക്ക് അറിയുകയും ചെയ്യാം. എന്നാൽ, ദേശാഭിമാനി മുഖപ്രസംഗം പ്രസിദ്ധീകരിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടിനകം 1936ൽ തിരുവിതാംകൂറിൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടു. ഇന്ന്, ഇതാ പിണറായി സർക്കാർ അതിനെല്ലാം അപ്പുറം കടന്ന് അവർണ സമുദായാംഗങ്ങളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുകയും ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകളുടെ ദുരാചാരത്തിന് അറുതിവരുത്തുന്ന ഈ നടപടിയുടെപേരിൽ എല്ലാ മനുഷ്യസ്‌നേഹികളുടെയും അഭിനന്ദനം നിർലോഭമായി സർക്കാരിന് ലഭിക്കേണ്ടതാണ്.

ശ്രീനാരായണ ഗുരുവിന് ഏറ്റവുമധികം പ്രസക്തിയുണ്ടായിരിക്കുന്ന ഇക്കാലത്ത് ആ പുണ്യാത്മാവ് ഉപദേശിച്ച അദ്വൈതദർശനത്തിന്റെ ആവിഷ്‌കാരമായും ഈ നടപടിയെ കാണേണ്ടതാണ്. എന്നുവച്ചാൽ ഈ നടപടിക്ക് ദാർശനികമായ ഒരു മാനംകൂടി ഉണ്ടെന്നർഥം.

പ്രധാന വാർത്തകൾ
Top