20 July Friday

സ്വപ്നം വിളഞ്ഞതും നൂറുമേനി

വി ജെ വര്‍ഗീസ്Updated: Sunday Aug 13, 2017

രാജേഷ് കൃഷ്ണന്‍ / ഫോട്ടോ: ഫ്രാന്‍സീസ് ബേബി

നാളെയാണ് കമ്പളനാട്ടി.

നാടൊന്നാകെ ഞാറുനടാനിറങ്ങുന്ന ദിനം.

കര്‍ഷകസമരങ്ങള്‍ വിപ്ളവത്തീജ്വാല പടര്‍ത്തിയ തിരുനെല്ലിക്കടുത്ത് തൃശിലേരി ഗ്രാമത്തില്‍ കഴിഞ്ഞവര്‍ഷം അഞ്ചര ഏക്കറിലാണ് ഒറ്റദിവസംകൊണ്ട് ഞാറുനാട്ടിയത്. വയല്‍ക്കര ആളുകളാല്‍ നിറഞ്ഞു. ആടിയും പാടിയും അവര്‍ ഞാറ് നട്ടു. തുടിയും ചെണ്ടയും കൊഴുപ്പേകി. തൊഴിലാളികളും കൃഷിക്കാരും നാട്ടുകാരും മതിവരുവോളം സദ്യയുണ്ടു. ഇടയ്ക്കെപ്പൊഴോ വിസ്മരിക്കപ്പെട്ടുപോയ വയനാടന്‍ കാര്‍ഷികോത്സവം വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിക്കുകയായിരുന്നു അവര്‍.

വിശാലമായ നെല്‍പ്പാടങ്ങളെ പകുക്കുന്ന ഗ്രാമീണപാതകള്‍ പിന്നിട്ടാല്‍ കാക്കവയലിലെത്താം. അവിടെ വയലോരത്ത് വീട്ടിലെ രാജേഷ് കൃഷ്ണനെന്ന ചെറുപ്പക്കാരനാണ് നാട്ടില്‍ മാറ്റത്തിന്റെ വിത്തുവിതച്ചത്. ഇത്തവണ കമ്പളനാട്ടിയുടെ ആരവം ഉയരുമ്പോള്‍ നിലമൊരുക്കാനും ഞാറൊരുക്കാനുമുള്ള തിരക്കിലാണയാള്‍. സംസ്ഥാന യുവജനകമീഷന്റെ ഈ വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്ത് വന്നുമടങ്ങിയത്. സിനിമാതാരം പൃഥ്വിരാജിനും കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ബോള്‍താരം സി കെ വിനീതിനുമൊപ്പം പുരസ്കാരം പങ്കിട്ടത് ചേറില്‍ ചവിട്ടിനില്‍ക്കുന്ന അഭ്യസ്തവിദ്യനായ ഈ ജൈവകര്‍ഷകനാണെന്ന് നാട്ടിലധികംപേര്‍ക്കറിയില്ല. പതിനെട്ട് ഏക്കറോളം വരുന്ന കൃഷിയിടമാണിപ്പോള്‍ ഈ മുപ്പത്തെട്ടുകാരന്റെ ലോകം.

ബയോടെക്നോളജി ബിരുദവും ഇക്കോളജിയില്‍ ബിരുദാനന്തര ബിരുദവും പിന്നിട്ട് നേടിയ ബംഗളൂരു നഗരത്തിലെ ജോലിയും ജെഎന്‍യുവിലെ ഗവേഷണവും  ഉപേക്ഷിക്കാന്‍മാത്രം വയനാടന്‍ മണ്ണിന്റെ ഉര്‍വരത രാജേഷിനെ പ്രചോദിപ്പിച്ചത് എന്തുകൊണ്ടാകും. ഉത്തരംതരാതെ ചിരിമാത്രം സമ്മാനിച്ച് രാജേഷ് ഞാറുകെട്ടുമായി പാടത്തേക്കിറങ്ങി. അതിനുംമുമ്പേ ആറുവയസ്സുകാരി മകള്‍ വാണിയും.

വയലോരമെന്ന വീട്

'ഇതൊരു സ്വപ്നജീവിതമാണ്. കുട്ടിക്കാലത്ത് കഥകളില്‍മാത്രം കേട്ടിരുന്നത്. പാടവും പറമ്പും പുന്നെല്ലിന്റെ മണവും നാട്ടിപ്പാട്ടിന്റെ താളവുമുള്ള ജീവിതം. അതാണിപ്പോള്‍ ജീവിച്ചറിയുന്നത്'-രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ വാടകവീട്ടില്‍ ജീവിച്ച സെക്രട്ടറിയറ്റ് ജീവനക്കാരനായ ഉണ്ണിക്കൃഷ്ണനും ഹൈസ്കൂള്‍ അധ്യാപികയായ സരസ്വതിബായിയും തറവാട്ടിലെ കാര്‍ഷിക കഥകള്‍ പറയുന്നതുകേട്ടാണ് മക്കള്‍ വളര്‍ന്നത്. അന്നേ രാജേഷിന്റെ മനസ്സില്‍ കൃഷിമോഹം മൊട്ടിട്ടിരുന്നു. അവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകള്‍ ഈ ഇഷ്ടം വര്‍ധിപ്പിച്ചു. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസില്‍നിന്ന് ബയോടെക്നോളജിയില്‍ ബിരുദമെടുത്തതും കൃഷി മുന്നില്‍ക്കണ്ട്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് ഇക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടിയശേഷം അന്താരാഷ്ട്ര പരിസ്ഥിതിസംഘടനയായ ഗ്രീന്‍പീസിനൊപ്പം പത്തുവര്‍ഷത്തോളം. ബംഗളൂരുവായിരുന്നു പ്രവര്‍ത്തനമേഖല.

'വിരമിച്ചശേഷം ഭൂമി വാങ്ങി കൃഷിചെയ്യണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍, റിട്ടയര്‍മെന്റിനുശേഷം രോഗബാധിതനായി 2004ല്‍ അച്ഛന്‍ മരിച്ചു. ഇതിനിടെ  വെള്ളായണി കാര്‍ഷിക കോളേജിന് സമീപം സ്ഥലം വാങ്ങി വീടുവച്ചിരുന്നു. വയലിനരികിലെ വീടിന് 'വയലോര'മെന്ന പേരിട്ടു. ഈ പേരായിരുന്നു കൃഷിയുമായുള്ള ആദ്യബന്ധം.'

വയനാടന്‍ മണ്ണ് വിളിച്ചപ്പോള്‍

വയനാട്ടിലേക്ക് കൃഷിയുടെ വഴികാണിച്ചത് പയ്യമ്പള്ളിയിലെ പ്രദീപ് അബ്രഹാം എന്ന സുഹൃത്ത്. എല്‍കെജി മുതല്‍ പ്രീഡിഗ്രിവരെ ഒന്നിച്ചു പഠിച്ച വിനോദ് കൃഷ്ണനും അരുണ്‍ എം നായര്‍ക്കും ഒപ്പംചേര്‍ന്ന് 2007ല്‍ 10 ഏക്കര്‍ വാങ്ങി. പിന്നീട് എട്ട് ഏക്കര്‍കൂടി. കൃഷിജീവിതം സ്വപ്നംകാണുന്ന രാജേഷിന്റെ ഈ കൂട്ടുകാര്‍ക്ക് ഇപ്പോഴും ഇവിടേക്ക് ചേക്കേറാനായിട്ടില്ല. ഇരുവരും മുംബൈയില്‍ ജോലിത്തിരക്കില്‍. അവരുടെ ജീവിതംകൂടിയാണ് താന്‍ ജീവിക്കുന്നതെന്ന് രാജേഷ് പറയുന്നു.

തുടക്കത്തില്‍ ഗ്രീന്‍പീസുമായുള്ള ബന്ധം ഉപേക്ഷിക്കാതെ വയനാട്ടില്‍ വന്നുപോയി അഞ്ചേക്കറില്‍ ജൈവ നെല്‍കൃഷി ചെയ്തു. ആഴ്ചയിലൊരിക്കല്‍ ബംഗളൂരുവില്‍നിന്ന് കൃഷിയിടത്തില്‍ വന്നുപോകും. പിന്നീട് കൃഷിമാത്രം മതിയെന്ന് തീരുമാനിച്ച് ജോലിവിട്ട് വീട്ടുവയലോരത്ത് വീടുവച്ചു. അതോടെ കൃഷിയും വര്‍ധിപ്പിച്ചു. 2015-16 വര്‍ഷം 20 ഏക്കറില്‍ നെല്‍കൃഷിചെയ്തു. 10 ഏക്കര്‍ സ്വന്തം വയലിലും 10 ഏക്കര്‍ പാട്ടത്തിനെടുത്തും. പൂര്‍ണമായും ജൈവകൃഷി. അതൊരു വെല്ലുവിളിയായിരുന്നു. കൂടുതല്‍ സ്ഥലത്ത് ജൈവനെല്‍കൃഷി പറ്റില്ലെന്ന് പറഞ്ഞവര്‍ക്ക് ചെയ്ത് കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. ഇത് വഴിത്തിരിവായി. കൃഷിവിജയം സമീപത്തെ കര്‍ഷകര്‍ക്കും പ്രചോദനമായി. അവരും കൂടുതല്‍ കൃഷി ചെയ്യാന്‍ തുടങ്ങി.

തൊട്ടടുത്തവര്‍ഷം 'സൌഹൃദ ഗ്രാമശ്രീ'യെന്ന കാര്‍ഷിക കൂട്ടായ്മയ്ക്ക് രൂപംനല്‍കി 35 ഏക്കറില്‍ കൃഷി. ഇതോടെ തൊട്ടടുത്തുള്ള കര്‍ഷകരും ജൈവകൃഷിയിലേക്ക് തിരിഞ്ഞു. ഇത്തവണ 15 ഏക്കറിലാണ് കൃഷി. 10 ഏക്കര്‍ സ്വന്തമായും അഞ്ച് ഏക്കര്‍ സംഘകൃഷിയും. പരമ്പരാഗത നെല്‍വിത്തുകളായ തൊണ്ടി, പാല്‍ത്തൊണ്ടി, ഗന്ധകശാല, മുള്ളന്‍കൈമ, വലിയ ചെന്നെല്ല് എന്നിവയാണ് കൃഷിചെയ്യുന്നത്. സുഗന്ധ ഇനമായ മുള്ളന്‍കൈമ കേരളത്തില്‍ത്തന്നെ അപൂര്‍വമായാണ് കൃഷിചെയ്യുന്നത്. വയനാട്ടില്‍ മറ്റൊരിടത്തുമില്ല.  കരയില്‍ കുരുമുളക്, കാപ്പി, വാഴ എന്നിവയും ജൈവരീതിയില്‍ കൃഷിചെയ്യുന്നു.

വിത്തിന്റെ രാഷ്ട്രീയം

വിപണനത്തിന് സ്വന്തം വഴി കണ്ടെത്തുന്നതിന്റെ ഭാഗമായി 'തിരുനെല്ലി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി'ക്ക് രൂപംനല്‍കി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഓര്‍ഗാനിക് റീട്ടെയില്‍ ഷോപ്പുകള്‍വഴിയാണ് വില്‍പ്പന. രാജേഷിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മാര്‍ക്കറ്റിങ്. ആവശ്യക്കാര്‍ വീട്ടില്‍ നേരിട്ടെത്തിയും വാങ്ങുന്നു. ഒരു കിലോ മട്ട തൊണ്ടി അരിക്ക് 65ഉം ഗന്ധകശാലയ്ക്ക് നൂറും രൂപ ലഭിക്കുന്നു. എന്നാല്‍, കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വിപണിയില്‍ ഇറങ്ങേണ്ടിവരുന്നത് ഗുണകരമല്ലെന്നാണ് യുവകര്‍ഷകന്റെ പക്ഷം. കൃഷിചെയ്യാന്‍ സമയം തികയാറില്ല. വിപണനംകൂടി ഏറ്റെടുക്കേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്.
കൃഷിക്കൊപ്പം വിത്ത് സംരക്ഷണത്തിനുള്ള പോരാട്ടവുമുണ്ട്. ഇതിനായി കേരളത്തിലെ വിത്ത് സംരക്ഷകരുടെ കൂട്ടായ്മയുണ്ടാക്കി. ദേശീയതലത്തിലുള്ള 'ഭാരത് ബീജ്സ് സ്വരാജ് മഞ്ച്' എന്ന കൂട്ടായ്മയ്്ക്കൊപ്പം പ്രവര്‍ത്തിക്കുന്നു.

'വിത്തുകള്‍ക്ക് ബൌദ്ധികാവകാശം നല്‍കുന്നത് അംഗീകരിക്കാനാകില്ല. വിത്ത് ഒരാളുടേതല്ല. സമൂഹത്തിന്റെ മുഴുവനുമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ കൈമാറ്റത്തിലൂടെ ലഭിച്ച വിത്തുകള്‍ വിത്ത് സൂചികയില്‍ ഉള്‍പ്പെടുത്തി കൈവശപ്പെടുത്തുന്നതിനെ പ്രതിരോധിക്കണം. ഇതിനകം ആറിനം നെല്‍വിത്തുകള്‍ വിത്ത് സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്'- രാജേഷ് ചൂണ്ടിക്കാട്ടി. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കണ്‍വീനര്‍കൂടിയാണ് ഈ യൂത്ത് ഐക്കണ്‍.

നാട്ടറിവ് സംരക്ഷണം

നാടന്‍വിത്തുകളെ സംബന്ധിച്ച അറിവുകള്‍ തിരിച്ചുപിടിക്കാനും ഇതിന്റെ പോഷകഗുണങ്ങളുടെ പരിശോധനകള്‍ക്കുമായുള്ള പഠനവും കൃഷിക്കൊപ്പമുണ്ട്. കൃഷിവകുപ്പിന്റെ പിന്തുണയോടെയാണിത്. ഇതിനായി 40 ഇനം നെല്‍വിത്തുകള്‍ മുളപ്പിച്ച് ഒരു വയലില്‍ തരംതിരിച്ച് നാട്ടിയിട്ടുണ്ട്. പ്രദേശത്തെ കര്‍ഷകരെ പങ്കെടുപ്പിച്ച് രണ്ട് ശില്‍പ്പശാലകളും രാജേഷ് വീട്ടില്‍ നടത്തി; വിത്ത് ഇട്ടപ്പോഴും ഞാറ് നട്ടപ്പോഴും. കതിരിടുമ്പോഴും കൊയ്ത്തിനും ശില്‍പ്പശാലകള്‍ തുടരും. അരിയുടെ നൂട്രീഷ്യന്‍ അനാലിസിസും നടത്തും. നാടന്‍വിത്തുകളിലെ പോഷകാംശങ്ങള്‍ കൃത്യമായി കര്‍ഷകരെ ബോധ്യപ്പെടുത്തി ഈ വിത്തുകള്‍ സംരക്ഷിക്കുകയാണ് പദ്ധതി.

കൃഷിയുടെ സാധ്യതകള്‍, കൃഷി അറിവ്, സാമ്പത്തികപിന്തുണ, വിപണനം, കൃഷിരീതികള്‍, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച അജ്ഞത കര്‍ഷകരെ പിറകോട്ടടിപ്പിക്കുന്നതായി രാജേഷ് പറയുന്നു. ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ആവശ്യമായ ഇത്തരം അറിവുകള്‍ നല്‍കണമെന്ന തീരുമാനത്തില്‍നിന്നാണ് തൃശിലേരിയിലെ സൌഹൃദ ഗ്രാമശ്രീയുടെ പിറവി. ഗ്രാമശ്രീ അംഗങ്ങള്‍ ആഴ്ചയില്‍ യോഗംചേര്‍ന്ന് കൃഷി അറിവുകളും വിവരങ്ങളും പങ്കുവയ്ക്കും. കര്‍ഷകരുടെ ഭയം മാറ്റാനുള്ള നയങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കണം. ജൈവകൃഷിയിലേക്ക് കൂട്ടത്തോടെ കര്‍ഷകരെ കൊണ്ടുവരണം. നേരത്തെ ഹരിതവിപ്ളവത്തിലേക്ക് എങ്ങനെ കൂട്ടിക്കൊണ്ടുപോയോ ആ രീതികളും ശ്രമങ്ങളുമെല്ലാം ഇനി ജൈവകൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും  ഉണ്ടാകണം.   2015-16ല്‍ 20 ഏക്കര്‍ നെല്‍കൃഷി ചെയ്തപ്പോള്‍ 1400 തൊഴില്‍ദിനങ്ങള്‍ നല്‍കിയതായി രാജേഷ് പറയുന്നു. തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രദേശത്തെ ആദിവാസികളാണ്. കൃഷിയിലൂടെ അവരുടെ ജീവിതത്തിലും മാറ്റമുണ്ടായി. 10 ഏക്കറില്‍ കൃഷിചെയ്യുമ്പോള്‍ എഴുനൂറ്റമ്പതോളം തൊഴില്‍ദിനങ്ങളാണ് നല്‍കുന്നത്. നാനൂറോളം തൊഴില്‍ദിനങ്ങള്‍ പുരുഷന്മാര്‍ക്കും ഇരുനൂറോളം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്കും നല്‍കാനായി. 150ല്‍ അധികം തൊഴില്‍ദിനങ്ങള്‍ രാജേഷ് ഒറ്റയ്ക്ക് സാര്‍ഥകമാക്കി.

ഒപ്പമുണ്ട് ഉമയും വാണിയും

ഗ്രീന്‍പീസിനൊപ്പമുള്ള ബംഗളൂരു കാലമാണ് രാജേഷിന് ഉമയെ സമ്മാനിച്ചത്. ഫിലിംക്ളബ്ബില്‍ വച്ചാണ് പരിചയപ്പെട്ടത്. സിനിമയിലും ഭക്ഷണത്തിലുമുള്ള പൊതുവായ ഇഷ്ടങ്ങളാണ് അവരെ  അടുപ്പിച്ചത്. അക്കാലത്ത് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ രാപ്പകല്‍ പോരാട്ടത്തിലായിരുന്നു രാജേഷ്.  ബിടി വഴുതനയ്ക്കെതിരെയും പഞ്ചാബിലെ കര്‍ഷകര്‍ക്കിടയില്‍ ക്യാന്‍സര്‍ വ്യാപകമാകാന്‍ കാരണമായ ജിഎം പരുത്തിക്കെതിരെയും വസ്തുതശേഖരണമായിരുന്നു പ്രധാനം. ബിടി വഴുതനയോട് സര്‍ക്കാര്‍ 'നോ' പറഞ്ഞവര്‍ഷത്തിലാണ് രാജേഷും ഉമയും പരസ്രം 'യെസ്' പറഞ്ഞത്. ഐടി ജീവനക്കാരിയായ തമിഴ്നാട് സ്വദേശി ഉമയും രാജേഷിനൊപ്പം വയനാട്ടിലേക്കെത്തി. പച്ചക്കറിക്കൃഷിയും ഗാര്‍ഡനിങ്ങുമാണ് ഉമയുടെ മേഖല. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന ആറുവയസ്സുകാരി വാണി അച്ഛന്റെ കൈയില്‍ തൂങ്ങി കൃഷിയിടത്തിലുണ്ട്.

സഹോദരന്‍ രഞ്ജിത് കൃഷ്ണന്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. അദ്ദേഹത്തിന്റെ പിന്തുണകൂടിയുള്ളതുകൊണ്ടാണ് തനിക്ക് കാര്‍ഷികസ്വപ്നങ്ങളുമായി മുമ്പോട്ട് പോകാനാകുന്നതെന്ന് രാജേഷ് പറഞ്ഞു.

പരമ്പരാഗതമായി വയനാടിന്റെ കാര്‍ഷികസംസ്കൃതിയില്‍ അലിഞ്ഞുചേര്‍ന്ന ആചാരമാണ് കമ്പളനാട്ടി. ഗോത്രപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണിത്. ഗോത്രത്തറവാടുകളിലെ ആബാലവൃദ്ധം തുടികൊട്ടി, വാദ്യോപകരണമായ ചീനി മുഴക്കി പാടത്തിറങ്ങും. ഗോത്രവിഭാഗങ്ങള്‍ മുറുകെ പിടിച്ചിരുന്ന ഈ ആചാരം നെല്‍ക്കൃഷി കുറഞ്ഞതോടെ മറവിയിലായി. ഒരനുഷ്ഠാനംപോലെ ഇവര്‍ കൊണ്ടുനടന്നിരുന്ന ഈ കാര്‍ഷികോത്സവം രാജേഷ് അടക്കമുള്ളവരുടെ കാര്‍ഷിക കൂട്ടായ്മയിലൂടെ തിരിച്ചുകൊണ്ടുവരികയാണ്. കൃഷിയിലെ കൂട്ടായ്മയും നാട്ടുനന്മയുമാണ് അവര്‍ തിരിച്ചുപിടിക്കുന്നത്. ശരിയെന്ന് തോന്നുന്നത് ചെയ്യാന്‍ ചങ്കൂറ്റമുള്ള ഒരാളെങ്കിലും മുന്നോട്ടുവന്നാല്‍മതി നമുക്കുചുറ്റും മാറ്റമുണ്ടാക്കാന്‍. അതിനുള്ള സാക്ഷ്യപത്രമാണ് രാജേഷിന്റെ ജൈവജീവിതം.

varghese.desh@gmail.com

പ്രധാന വാർത്തകൾ
Top