21 May Monday

പോയ്‌മറയുവതെങ്ങനെ

പ്രഭാവര്‍മ്മUpdated: Sunday Feb 12, 2017

വര: ആര്‍ ബി ഷജിത്

എങ്ങും പോയിട്ടില്ല;  ഇവിടെയൊക്കെത്തന്നെയുണ്ട് എന്നേ  തോന്നുന്നുള്ളൂ.  ഈ പോയ്മറയായ്കയാണ് സത്യത്തില്‍ ഒ എന്‍ വി അവശേഷിപ്പിച്ച ഏറ്റവും വലിയ പൈതൃകം.  മലയാളത്തില്‍ നിന്ന് ഒരിക്കലും പോയ്മറയാത്ത,   മനസ്സില്‍നിന്ന് ഒരിക്കലും മങ്ങിമായാത്ത കാവ്യതേജസ്സ്! നിന്നിലെ  'ഉപ്പായിരിക്കും' എന്ന് എഴുതിയില്ലേ.  അതെ, നമ്മിലെ ഉപ്പായിത്തന്നെയിരിക്കുന്നു; ഇന്നും  എന്നും.

ഒ എന്‍ വിയെ പ്രഭാവര്‍മ്മ ഓര്‍ക്കുന്നു.  മലയാളത്തിന്റെ പ്രിയകവി ഓര്‍മയായിട്ട് നാളെ ഒരാണ്ട്

എങ്ങും പോയിട്ടില്ല;  ഇവിടെയൊക്കെത്തന്നെയുണ്ട് എന്നേ തോന്നുന്നുള്ളൂ. ഒന്നുകില്‍ ഇന്ദീവരത്തില്‍ പൂക്കളെ ലാളിച്ചുകൊണ്ട്; അതല്ലെങ്കില്‍ വി ജെ ടി ഹാളില്‍ പ്രസംഗിച്ചുകൊണ്ട്; അതുമല്ലെങ്കില്‍ ഡല്‍ഹിയിലോ വിദേശത്തോ സാംസ്കാരികപ്രഭാഷണം നടത്തിക്കൊണ്ട്... അതിനപ്പുറം എവിടേക്കും പോയ്മറഞ്ഞതായി തോന്നുന്നില്ല. നാളെ അല്ലെങ്കില്‍ മറ്റേന്നാള്‍ തിരിച്ചെത്തുമെന്നേ തോന്നുന്നുള്ളൂ.

യുവജനോത്സവത്തിലെ കവിതാപാരായണവേദിയിലെ കവിതാശീലുകളായി,  റേഡിയോയിലൂടെ ഒഴുകിവരുന്ന ഗാനങ്ങളായി, ചാനലുകളിലെ ചൈതന്യവത്തായ ദൃശ്യങ്ങളായി, എല്ലാത്തിനുമപ്പുറം മനസ്സിന്റെ മഹാകാശങ്ങളിലെ മായാത്ത ദീപ്തിയായി ഒ എന്‍ വി സാര്‍!

ഈ പോയ്മറയായ്കയാണ് സത്യത്തില്‍ ഒ എന്‍ വി അവശേഷിപ്പിച്ച ഏറ്റവും വലിയ പൈതൃകം. മലയാളത്തില്‍നിന്ന് ഒരിക്കലും പോയ്മറയാത്ത, മനസ്സില്‍നിന്ന് ഒരിക്കലും മങ്ങിമായാത്ത കാവ്യതേജസ്സ്! ചിലരുടെ കാര്യത്തില്‍, കാലം കടക്കെ ഏറെ ശ്രമിച്ചുള്ള ഓര്‍മിച്ചെടുക്കല്‍ വേണ്ടിവരും.  ഒ എന്‍ വി സാറിന്റെ കാര്യത്തില്‍  ഒരിക്കലും അതു വേണ്ടിവരില്ല.  മറവിയുടെ തഴുതുകളെ തകര്‍ക്കുന്ന ശക്തിയോടെ തെളിഞ്ഞു തെളിഞ്ഞു വരികയാണ് ആ മുഖം, ആ ചിരി, ആ വാക്കുകള്‍. ആ ഓര്‍മകള്‍ മനസ്സിലേക്കിരമ്പിക്കയറിവരും; ഇന്നും എന്നും.  നിന്നിലെ  'ഉപ്പായിരിക്കും' എന്ന് എഴുതിയില്ലേ. അതെ,  നമ്മിലെ ഉപ്പായിത്തന്നെയിരിക്കുന്നു; ഇന്നും എന്നും.  

'മണ്ണിന്റെയാത്മാവില്‍നിന്നും ഒരു പൊന്‍മുത്തെടുത്തു തരാം ഞാന്‍' എന്നു പാടിക്കൊണ്ട് 1940കളുടെ രണ്ടാംപാതിയില്‍ കവിതയിലേക്ക് കടന്നുവന്ന ഈ കവി 'ദുഃഖതപ്തമാകാതെന്‍ ചേതനയ്ക്കില്ലാ നാദം' എന്ന തത്വം എന്നും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. ഒരിക്കലും പരസ്പരവിരുദ്ധമാകാത്ത കവിതയിലെയും ജീവിതത്തിലെയും നിലപാടുകള്‍കൊണ്ട് ഒ എന്‍ വി എന്നും നിസ്വരുടെ പൊരുതുന്ന ജീവിതപക്ഷത്തുനിന്നു. മലയാളത്തിന്റെ യശസ്സിന് പുതിയ ചിറകും ചക്രവാളങ്ങളും നല്‍കി. അനുവാചകമനസ്സിന് പുതിയ അനുഭവങ്ങളും അനുഭൂതികളും നല്‍കി. പ്രകൃതിയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും കാവലാളായി നിലകൊണ്ടു. പതിറ്റാണ്ടുകളിലൂടെ ഒ എന്‍ വി നടന്നുകയറിയത് വിശ്വമാനവികതാബോധത്തിന്റെ ദീപഗോപുരങ്ങളിലേക്കാണ്; സര്‍വഭൂതഹൃദയത്വത്തിന്റെ കരുണാമയമായ മഹാകാശങ്ങളിലേക്കാണ്; പ്രപഞ്ചതാളക്രമം നിര്‍ണയിക്കുന്ന ഭാവനയുടെ സൌരയൂഥ ഭ്രമണപഥങ്ങളിലേക്കാണ്; അവയിലൂടെയെല്ലാമായി അനുവാചകമനസ്സുകളുടെ ഭാവുകത്വത്തിന്റെ മഹാമണ്ഡപങ്ങളിലേക്കാണ്. ആ യാത്രയിലെ വിവിധ ഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യജീവിതം.

കവിതയില്‍ ഇടപ്പള്ളിപ്രസ്ഥാനമുണ്ടാക്കിയ കാല്‍പ്പനികഭാവാന്തരീക്ഷത്തിന്റെ ഭാഗമായിവന്ന വിഷാദാത്മകതയെ പ്രത്യാശയുടെ വജ്രഖഡ്ഗങ്ങള്‍കൊണ്ടു മുറിച്ചുമാറ്റി സ്വന്തം പാത തീര്‍ത്തുകൊണ്ടാണ് ഒ എന്‍ വി കടന്നുവന്നത്. ഒ എന്‍ വിയില്‍ നിറഞ്ഞ പ്രത്യാശയ്ക്ക് വരാനിരിക്കുന്ന നവോദയത്തിന്റെ ശോണച്ഛവിയുണ്ടായിരുന്നു അന്ന്. പ്രസാദാത്മകമായ ഒരു ജീവിതവീക്ഷണത്തിന്റെ പ്രകാശമാണ് അത് പ്രസരിപ്പിച്ചത്. അങ്ങനെ ഒ എന്‍ വിക്കവിതകള്‍ കാലത്തിന്റെ ഉണര്‍ത്തുപാട്ടുകളായി മലയാളത്തിന്റെ മനസ്സിലിടം നേടി.

അന്ന് ഉണര്‍ത്തുപാട്ടുകളുമായി എത്തിയത് ഒ എന്‍ വി തനിച്ചായിരുന്നില്ല. ഒരു ആവിവണ്ടിയുടെ ആവേശത്തോടെ എത്തിയ മറ്റു ചിലരുമുണ്ടായിരുന്നു. എന്നാല്‍, അതില്‍ ചിലര്‍, ആവിവണ്ടി പാളംതെറ്റിയോടുന്നു എന്നുപറഞ്ഞ് സ്വയം രക്ഷപ്പെടാമെന്ന മട്ടില്‍ വഴിയിലിറങ്ങി.

ഒ എന്‍ വി വഴിയിലിറങ്ങിയില്ല. എന്നുമാത്രമല്ല, നീതിനിപുണന്മാര്‍ നിന്ദിക്കുമോ വാഴ്ത്തുമോ എന്നുനോക്കാതെ ന്യായത്തിന്റേത് എന്ന് തനിക്ക് തോന്നിയ പഥത്തില്‍നിന്ന് വ്യതിചലിക്കാതെ എന്നും നടന്നു. അങ്ങനെ നടന്ന വഴികളിലൊക്കെത്തന്നെ സര്‍ഗാത്മകതയുടെ വസന്തങ്ങള്‍ തീര്‍ക്കുകയുംചെയ്തു. സ്വപ്രത്യയസ്ഥൈര്യത്തിന്റേതായിരുന്നു ആ വഴികള്‍.

ഒ എന്‍ വി കവിതയെഴുതിക്കൊണ്ടിരുന്ന കഴിഞ്ഞ പതിറ്റാണ്ടുകളില്‍ എത്രയോ പരീക്ഷണസമ്പ്രദായങ്ങളുടെ മലവെള്ളപ്പാച്ചില്‍ ഇതിലേ കടന്നുവന്നു. അതിലൊന്നും ഭയക്കാതെ, ഭ്രമിക്കാതെ, സ്വന്തമായ ഒരു നിലപാടുതറയില്‍ ആത്മവിശ്വാസത്തോടെ ഒ എന്‍ വി നിന്നു. മലവെള്ളപ്പാച്ചിലെല്ലാം അലറിയടങ്ങിയപ്പോഴും ഒരു നീര്‍ച്ചോലയായി ആ കവിത നമ്മുടെ തപ്തമാനസങ്ങളെ ആര്‍ദ്രമാക്കിക്കൊണ്ട് നമുക്കൊപ്പംനിന്നു.

ഒ എന്‍ വി എഴുതിത്തുടങ്ങിയത് സാമൂഹ്യാസമത്വങ്ങള്‍ക്കും അനീതികള്‍ക്കും എതിരായി പൊരുതിക്കൊണ്ടാണ്. 'അരിവാളും രാക്കുയിലും' പോലുള്ള കവിതകള്‍ ആ പോരാട്ടങ്ങളുടെ തെളിവുകളാണ്. മനുഷ്യനും മനുഷ്യനും തമ്മില്‍ വേര്‍തിരിവില്ലാത്ത ഒരു നല്ല കാലം ഉണര്‍ന്നുവരണമെന്ന വാഞ്ഛയും അതിനായുള്ള ശ്രമവുംകൊണ്ട് ചുവപ്പണിഞ്ഞുനിന്നു ആ ആദ്യകാല കവിതകള്‍.
ആ ആദ്യഘട്ടത്തിനുശേഷം അദ്ദേഹം മനുഷ്യമനസ്സിന്റെ ലോലമായ ഭാവങ്ങളിലേക്ക് കടന്നു. സമൂഹനരനില്‍നിന്ന് ആന്തരനരനിലേക്ക് കടന്നു. സാമൂഹ്യസാഹചര്യങ്ങളില്‍നിന്ന് മാനസികസാഹചര്യങ്ങളിലേക്ക് കടന്നു. എന്നാല്‍, അപ്പോഴും ഒ എന്‍ വി, ആദ്യത്തേതിനെ, അതായത് സാമൂഹ്യസാഹചര്യങ്ങളെ വിസ്മരിച്ചില്ല.

ഒ എന്‍ വിയുടെ കാവ്യവ്യക്തിത്വത്തില്‍ ഇത്തരം മാറ്റങ്ങളുടെ പല ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരര്‍ഥത്തില്‍നോക്കിയാല്‍ ഈ മാറ്റങ്ങളാണ് ഒ എന്‍ വിയെ കാലാനുസൃതമായി നവീകരിച്ചത്. അതിജീവനത്തിന്റെ കവിതകള്‍ എഴുതിയപ്പോഴും അതില്‍ ഈണവും കാല്‍പ്പനികഭാവങ്ങളും ഉള്‍ച്ചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല. അതുകൊണ്ടാണല്ലോ, അരിവാള്‍ എന്നുമാത്രം പറഞ്ഞുവയ്ക്കാതെ, രാക്കുയില്‍ എന്നുകൂടി ആ വാക്കിനോട് ഒ എന്‍ വി ചേര്‍ത്തുപറഞ്ഞത്. ഇതേപോലെ, മാനസികമായ വൈകാരികഭാവങ്ങളിലേക്ക് ആ കാവ്യവ്യക്തിത്വം കടന്നുചെന്നത് ഭൌതികമായ ജീവിതസാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടല്ല. എന്തിനെയും പരസ്പരപൂരകമാക്കുന്ന ഒരു ദ്വന്ദ്വാത്മകത ഒ എന്‍ വിക്ക് എന്നും സഹജമായി ലഭിച്ചിരുന്നു.

മാറിവരുന്ന തലമുറകള്‍ക്ക് സ്വീകാര്യനായി നിരന്തരം സ്വന്തം കാവ്യസ്വത്വത്തെ നവീകരിക്കാന്‍ എന്നും ഒ എന്‍ വിക്ക് കഴിഞ്ഞു. നവോദയത്തിന്റെ ശോണച്ഛവിക്കായുള്ള ഉണര്‍ത്തുപാട്ടിന്റെ പ്രാരംഭഘട്ടം. പ്രതീക്ഷകളുടെ മഴവില്ലുകളെ കരിമേഘങ്ങള്‍ ഗ്രസിക്കുന്നുവോ എന്ന് ഉല്‍ക്കണ്ഠപ്പെട്ട, അതേസമയം അത് സംഭവിക്കരുതേ എന്ന് ഉള്ളുനൊന്ത് പ്രാര്‍ഥിച്ച തുടര്‍ഘട്ടം. 'ചോറൂണു'പോലുള്ള പ്രസാദമധുരങ്ങളായ കവിതകളുണ്ടായ ഗാര്‍ഹസ്ഥ്യത്തിന്റെ ഭാവഭാസുരമായ മൂന്നാംഘട്ടം, 'എവിടെയും എനിക്കൊരു വീടുണ്ട്' എന്ന് പ്രഖ്യാപിക്കുന്ന വിശ്വമാനവികതയുടെ നാലാംഘട്ടം. പ്രതിഭയെ സൌരയൂഥതലങ്ങളിലേക്ക് ഉയര്‍ന്ന് പറക്കാന്‍ വിട്ട കോസ്മിക് മാനങ്ങളുള്ള 'ഭൂമിക്കൊരു ചരമഗീത'ത്തിന്റെയും 'സൂര്യഗീത'ത്തിന്റെയും അഞ്ചാംഘട്ടം. കലയും അധികാരവും തമ്മിലുള്ള സ്നേഹദ്വേഷസമ്മിശ്രമായ ബന്ധത്തെ മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ അപഗ്രഥിക്കുന്ന 'ഉജ്ജയിനി'യും വാഴ്ത്തിക്കൊണ്ടുള്ള ഇകഴ്ത്തലുകള്‍ക്ക് വിധേയമാകുന്ന സ്ത്രീത്വത്തിന്റെ ആത്മഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന 'സ്വയംവര'വും പോലുള്ള കാവ്യാഖ്യായികകളുടെ ആറാംഘട്ടം, പോക്കുവെയില്‍ വെളിച്ചത്തിലെന്നോണം ജീവിതത്തിന്റെ പശ്ചാത്ദര്‍ശനം നിര്‍വഹിക്കുന്ന ദിനാന്തംപോലുള്ള കൃതികളുടെ ഏഴാംഘട്ടം. ഇതിനിടെ പരിസ്ഥിതിസാക്ഷ്യങ്ങള്‍ (ഭൂമിക്കൊരു ചരമഗീതം), മിത്തുകളുടെ അപനിര്‍മാണത്തിലൂടെയുള്ള പുനര്‍വായനകള്‍ (ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ), ലോകത്തിന്റെ ഏതുഭാഗത്തുമുള്ള അടിച്ചമര്‍ത്തപ്പെടുന്നവന്റെ മാനിഫെസ്റ്റോകള്‍ (കറുത്തപക്ഷിയുടെ പാട്ട്), പൂര്‍വകവികള്‍ക്കുള്ള പ്രണാമങ്ങള്‍ (യാസ്നായ പൊല്യാനാ, സ്മൃതിലഹരി) തുടങ്ങി കവിതയുടെ മാന്ത്രികസ്പര്‍ശം അനുഭവിപ്പിക്കുന്ന എത്രയോ ഒറ്റക്കവിതകള്‍!

തനിക്ക് കൈവന്നപ്പോഴത്തേതിനെ അപേക്ഷിച്ച് തന്റെ ഭാഷയെ കൂടുതല്‍ വികസിപ്പിച്ചും സ്ഫുടംചെയ്തും സംവേദനക്ഷമമാക്കിയും അടുത്ത തലമുറയ്ക്ക് കൈമാറാന്‍ കഴിയുമെങ്കില്‍ അതാണ് ഒരു കവിക്ക് കവിയെന്ന നിലയിലുണ്ടാകാവുന്ന ഏറ്റവും പ്രഗല്‍ഭമായ നേട്ടം എന്നുപറഞ്ഞത് ടി എസ് എലിയട്ടാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഭാഷയെ നവീകരിക്കുക എന്നര്‍ഥം. ഭാവോന്മീലനസാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് ലോകത്തെങ്ങുമുള്ള കവികള്‍ കവിതയ്ക്കായി കേവലഭാഷയില്‍നിന്ന് ഭാവാത്മകഭാഷയെ കടഞ്ഞെടുത്തത്. അതിനെ തിരികെ കേവലഭാഷയിലേക്ക് തരംതാഴ്ത്തുന്നത് നവീകരണമാകില്ല, മറിച്ച് ആ ഭാഷയെ ഭാവസംവേദനസമര്‍ഥമാക്കിയെടുക്കുന്നതിന് ആവശ്യമായതെന്തോ അത് കണ്ടെത്തി ഭാഷയില്‍ ചേര്‍ക്കുക എന്നതാണ് നവീകരണം. ഒ എന്‍ വി ഭാഷയെ നവീകരിച്ചത് രണ്ടാമത് പറഞ്ഞ വഴിക്കാണ്.

പ്രതീതി രചനകളിലെ ഉചിതജ്ഞത, വാക്ക് വാക്കിനോട് ചേര്‍ക്കുന്ന പദശില്‍പ്പവിദ്യയിലെ മിഴിവ്, കേവലാര്‍ഥങ്ങളെ കടന്നുചെന്ന് വിശിഷ്ടാര്‍ഥങ്ങളെ ധ്വനിപ്പിക്കുന്ന പദങ്ങളുടെ സന്നിവേശത്തിലുള്ള നിഷ്കര്‍ഷ, സ്വയമേവയെന്നോണം വാര്‍ന്നുവീഴുന്ന അലങ്കാരങ്ങളുടെ സമൃദ്ധി, പദങ്ങളുടെ ലയചാരുതയൊരുക്കുന്ന ആന്തരാര്‍ഥത്തിന്റെ ഭാവസംഗീതം തുടങ്ങിയവയൊക്കെ അങ്ങനെയാണ് ഒ എന്‍ വിക്കവിതകളില്‍ ചേരുന്നത്. ഈ പ്രക്രിയയില്‍ ഭാഷയെ നവീകരിക്കുക മാത്രമല്ല അനുവാചകന്റെ മനസ്സിനെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയുംകൂടി ചെയ്തു
ഒ എന്‍ വി.

ജീവിതത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തില്‍ കവിതയുടെ കനല്‍ക്കണം ഏതു മനസ്സിലും വന്നുവീഴാം. പലരിലും അപ്പോള്‍ത്തന്നെ അതു പൊലിഞ്ഞുപോയെന്നുവരാം. ചിലരത് ചില കാലത്തേക്ക് കാത്തുവച്ചെന്നും വരാം. എന്നാല്‍, ജീവിതത്തിലുടനീളം ഓരോ മാത്രയിലും കവിയായിരിക്കുക; ആ കനല്‍ക്കണം അണയാതെ കാക്കുക; അതില്‍നിന്ന് ഇടയ്ക്കിടയ്ക്ക് തീനാളങ്ങള്‍ വിരിയിക്കുക. ഇത് ഏവര്‍ക്കും സുസാധ്യമായ ഒന്നല്ല. നിസ്തന്ദ്രമായ ശ്രമവും ധ്യാനനിര്‍ഭരമായ മനസ്സും പൂര്‍ണമായും കവിതയ്ക്കായി അര്‍പ്പിക്കപ്പെട്ട ജീവിതവുമുണ്ടെങ്കിലേ ഇത് സാധിക്കൂ. ഒ എന്‍ വി ജീവിതത്തിലുടനീളം കവിയായിരിക്കുന്നു. ആ കവിത്വം നവംനവങ്ങളായ അനുഭൂതികളുടെ പ്രസരണങ്ങള്‍കൊണ്ട് അനുവാചകമനസ്സുകളെ ഉന്മിഷത്താക്കി. അതുവരെ അറിയാത്ത അനുഭവമണ്ഡലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

മറ്റു ഭാഷകളിലെ മോഡലും പാറ്റേണും മുന്‍നിര്‍ത്തി എഴുതാന്‍  ഒ എന്‍ വി നിന്നില്ല. സ്വന്തം മണ്ണില്‍നിന്ന്, സ്വന്തം സംസ്കൃതിയില്‍നിന്ന് ഉണര്‍ന്നുവരുന്ന ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ന്നാലേ എല്ലാവരുടേതുമായ ആകാശത്ത് മുഖത്തെളിമയോടെ നില്‍ക്കാനാകൂ എന്ന ബോധം അദ്ദേഹത്തിന് പണ്ടേ ഉണ്ടായിരുന്നു. 'മണ്ണിന്റെ ആത്മാവില്‍നിന്നും ഒരു പൊന്മുത്തെടുത്തു തരാം ഞാന്‍' എന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പേതന്നെ ഒ എന്‍ വി കുറിച്ചുവച്ചു. മണ്ണില്‍നിന്നുതന്നെ മുത്തുകള്‍ വിളയിച്ചെടുക്കുകയും ചെയ്തു. അതാകട്ടെ, ആ കാവ്യലോകത്തെ വേറിട്ട തനിമയിലേക്കുയര്‍ത്തി.

സ്വന്തം നിലപാടുതറയില്‍ ഉറച്ചുനിന്നുകൊണ്ട് ഒ എന്‍ വി കവിതയിലൂടെ നടത്തിയത് നമ്മുടെ കവിതയ്ക്കും ഭാഷയ്ക്കും സംസ്കൃതിക്കുംവേണ്ടിയുള്ള സര്‍ഗാത്മകമായ ഒരു പ്രതിരോധസമരംകൂടിയായിരുന്നു. ആര്യവേപ്പിന്റെയും മഞ്ഞളിന്റെയും തുളസിയുടെയും ആരോഗ്യപ്പച്ചയുടെയും പേറ്റന്റ് പ്രത്യക്ഷത്തിലും കേരളീയമായ ഈണങ്ങളുടെ, താളങ്ങളുടെ, വൃത്തങ്ങളുടെ പേറ്റന്റ് പരോക്ഷമായും നഷ്ടപ്പെടുന്ന ഒരു കാലത്ത്, കേരളീയതയില്‍ ഊന്നിനിന്നുകൊണ്ടുള്ള സംസ്കാരസംരക്ഷണമാണ് അദ്ദേഹം നടത്തിപ്പോരുന്നത്. പടിഞ്ഞാറന്‍ ഭാവുകത്വത്തിന്റെ ഏകതാനത നടത്തുന്ന കാര്‍പറ്റ് ബോംബിങ്ങില്‍ തനത് സംസ്കൃതികളും അവയുടെ സഹജമായ ഈണങ്ങളും താളങ്ങളും എല്ലാം ഞെരിഞ്ഞമരുകയായിരുന്ന ഒരു ഘട്ടത്തിലാണ്, 'ഇലത്താളം, തിമിലമദ്ദളമിടയ്ക്കയും ചേര്‍ന്നു പാട്' എന്ന് അദ്ദേഹം നമ്മുടെ സംസ്കൃതിയുടെ തുയിലുണര്‍ത്തുപാട്ടുകള്‍ രചിച്ചത്; പരീക്ഷണാത്മകരചനകളെ അനുഭവാത്മകരചനകള്‍കൊണ്ട് പകരംവച്ചത്.

ആധുനിക മുതലാളിത്തത്തിന്റെ കലയിലെ പ്രകടഭാവമായി വന്ന പോസ്റ്റ്മോഡേണിസം സാമൂഹ്യജീവിതസമഗ്രതയും വൈയക്തികമായ അനുഭവയാഥാര്‍ഥ്യങ്ങളും ഉള്‍ക്കൊള്ളുന്ന ബൃഹദാഖ്യാനങ്ങളെ കേവലതകളെയും നിസ്സാരതകളെയുംമാത്രം ഉള്‍ക്കൊള്ളുന്ന കാപ്സ്യൂള്‍ രചനകള്‍കൊണ്ട് പകരംവച്ച ഘട്ടത്തിലാണ് ഒ എന്‍ വി 'ഉജ്ജയിനി'യും 'സ്വയംവര'വുംപോലുള്ള പുരാവൃത്താപഗ്രഥനത്തോടുകൂടിയ ജീവിതത്തിന്റെ കാവ്യാഖ്യായികകള്‍ രചിക്കാനിറങ്ങിയത്. അധിനിവേശ സംസ്കാരത്തിന്റെ ഭാവുകത്വ ധ്വംസനത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റേതായ രാഷ്ട്രീയ ഉള്ളടക്കമുണ്ട് അതില്‍. സ്വന്തം സംസ്കൃതിയുടെയും അതിന്റെ ജീവത്തായ ഭാവധാരകളുടെയും നിലനില്‍പ്പും അതിജീവനവും ആഗ്രഹിക്കുന്ന ഏതു ജനതയും അതിനെ സ്വന്തം സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പ്പായി കാത്തുവയ്ക്കും. മലയാണ്‍മയും അതുതന്നെ ചെയ്യുന്നു.

പ്രധാന വാർത്തകൾ
Top