12 December Wednesday

കൊച്ചിൻ അമ്മിണി, കൊല്ലം

ജോൺസൺ പി വർഗീസ്Updated: Sunday Mar 11, 2018

കൊച്ചിൻ അമ്മിണി/ ‐ഫോട്ടോ: ജി പ്രമോദ്‌

 ആറ്റുകാൽ പൊങ്കാലയ്ക്ക് തിരുവനന്തപുരത്തെത്തിയ ലക്ഷക്കണക്കിന് സ്ത്രീകൾക്കിടയിൽ ഒരാൾ. ക്യാമറകളെല്ലാം സീരിയൽ നടിമാർക്കുപുറകെയായിരുന്നു. പൊങ്കാല കഴിഞ്ഞ് എല്ലാവരും മടങ്ങി. തലസ്ഥാന നഗരത്തിൽ അപ്പോഴുമുണ്ടായിരുന്നു അരനൂറ്റാണ്ടായി മലയാളസിനിമ‐ നാടകപ്രസ്ഥാനങ്ങളുടെ ചരിത്രത്തോടൊപ്പം  നിലകൊണ്ട ഒരു വൃദ്ധ. 50 വർഷത്തെ സജീവമായ കലാജീവിതം പൂർത്തിയാക്കിയ കൊച്ചിൻ അമ്മിണിയെന്ന എഴുപതുകാരിയെ പക്ഷേ ക്യാമറകളും ആൾക്കൂട്ടവും തിരിച്ചറിഞ്ഞില്ല. പൊങ്കാലയിടാൻ കൊല്ലത്തുനിന്നെത്തിയ അവരെ കണ്ടെത്തി വിവരമന്വേഷിച്ചപ്പോൾ സ്വയം പരിചയപ്പെടുത്തേണ്ടി വന്നതിന്റെ നിർവികാരത മുഖത്ത്. മലയാളസിനിമ‐നാടക രംഗത്തെ എഴുതപ്പെടാത്ത ചരിത്രം ചുളിവു വീണ ആ മുഖത്തുനിന്ന് വായിച്ചെടുക്കാം. ശാരദയടക്കം എത്രയോ നായികമാർ സ്‌ക്രീനിൽ പ്രണയിച്ചതും പരിഭവിച്ചതും കലഹിച്ചതും ഇവരുടെ ശബ്ദത്തിലൂടെയായിരുന്നു. പതിനാറാംവയസ്സിൽ ആരംഭിച്ച കലായാത്ര സ്പർശിക്കാത്ത സൗരയൂഥങ്ങൾ ഈ മലയാള കലാപ്രപഞ്ചത്തിലില്ല. 12 വർഷം ഡബ്ബിങ് ആർട്ടിസ്റ്റ്, അത്രയും കാലം ആകാശവാണിയിൽ ഗായിക, മലയാളത്തിലെ ആദ്യ കളർചിത്രം കണ്ടംബെച്ചകോട്ടുമുതൽ ഒട്ടനവധി സിനിമകൾ, കലാനിലയവും കെപിഎസിയുമടക്കമുള്ള വിവിധ സംഘങ്ങളിൽ കുറെ നാടകവർഷങ്ങൾ... അച്ചടിമഷി പുരളാത്ത ആ പഴയ പെൺഗാഥയുടെ ചരിത്രം വാചാലമാകുകയാണ്.

പാട്ടിൽ തുടക്കം

കൊച്ചി തോപ്പുംപടിയിലെ കൊച്ചുവീട്ടിലാണ് ജനനം. നാലാംക്ലാസിൽ പഠിക്കുമ്പോൾ ജോസഫ് ഭാഗവതരിൽനിന്ന് സംഗീതപഠനം. വീട്ടിലെ സ്ഥലപരിമിതിമൂലം ദാസന്റെ വീട്ടിലായിരുന്നു സംഗീതപഠനം. ദാസനെന്ന് കൊച്ചിൻ അമ്മിണി പറയുമ്പോൾ നമ്മൾ മനസ്സിലാക്കണം അത് സാക്ഷാൽ കെ ജെ യേശുദാസാണെന്ന്. അക്കാലത്തെ പ്രശസ്തനായ പാട്ടുകാരൻ അഗസ്റ്റിൻ ജോസഫ്‌ ഭാഗവതവരുടെ മകൻ. അമ്മിണിയുടെ അടുത്തബന്ധു. എന്നും പാട്ടു പഠിക്കാൻ പോകുമായിരുന്നു. പിന്നെ സ്കൂളിലും നാട്ടിലെ പരിപാടികളിലും പാട്ടും കച്ചേരിയും നടത്താൻ തുടങ്ങി. 

അരങ്ങിലേക്ക്

രണ്ടാം ലോകമഹായുദ്ധകാലത്ത് അച്ഛൻ പട്ടാളസേവനം അവസാനിപ്പിച്ച് നാട്ടിലെത്തി. അച്ഛന് പണിയില്ലാതായതോടെ കുടുംബം കഷ്ടപ്പാടിലായി. ചെലവുകഴിയാൻപോലും മാർഗമില്ല. അതോടെ ചെറുനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അങ്ങനെ നാടകംതന്നെ ജീവിതമായി. ഏറെ നീണ്ട നാടക ജീവിതത്തിന്റെ ഇടയ്ക്കാണ് ബഹദൂർ സംവിധാനംചെയ്ത ബല്ലാത്ത പഹയൻ എന്ന നാടകത്തിൽ അഭിനയിക്കാൻ  അവസരം കിട്ടുന്നത്. ദേശാഭിമാനി തിയറ്റേഴ്സ് രൂപപ്പെടുന്ന കാലംമുതൽ അതിനൊപ്പമായി സഞ്ചാരം. ഇ എം എസ് എന്ന നാടകത്തിൽ ഇ എം എസിന്റെ അമ്മയുടെ വേഷവും ചെയ്തു. പിന്നീട് 'ഭൂമിയിലെ മാലാഖമാർ' എന്ന നാടകത്തിലും അഭിനയിച്ചു. 
കൊല്ലം ഐശ്വര്യ, കൊല്ലം ദൃശ്യവേദി, യവന, അനശ്വര തുടങ്ങി നിരവധി നാടകസംഘങ്ങളിലായി അഭിനയിച്ച നാടകങ്ങളുടെ എണ്ണം എത്രയെന്നറിയില്ല. കലാനിലയം സ്ഥിരം കലാവേദി ആരംഭിച്ചതുമുതൽ 1973 വരെ അതിന്റെ ഭാഗമായി. കെപിഎസിയിൽ കുറച്ചുകാലം. എന്നാൽ, കമ്യൂണിസ്റ്റ് പാർടിയുടെ നാടകസംഘത്തിൽ അഭിനയിച്ചതിന് നേരിടേണ്ടിവന്നത് സഭയുടെ എതിർപ്പും പുറത്താക്കൽഭീഷണിയും. അതോടെ കെപിഎസി വിട്ടു. കെപിഎസി വിട്ടത് ദേവരാജൻ മാസ്റ്ററിന്റെ ചെറുതല്ലാത്ത നീരസത്തിന് കാരണമായി. സംഗീതജീവിതത്തിലും ഇത് നഷ്ടങ്ങളുണ്ടാക്കി.
 

സിനിമകൾ

തോക്കുകൾ കഥപറയുന്നു, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക, വാഴ്വേമായം, അഞ്ച് സുന്ദരികൾ, കണ്ണൂർ ഡീലക്സ്, സരസ്വതി എന്നീ മലയാളസിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. പക്ഷേ, ആരവങ്ങളോ ആൾക്കൂട്ടങ്ങളോ ഒപ്പമില്ല. സ്ത്രീയായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവന്ന അവഗണനകൾ. മാറ്റിനിർത്തലുകൾ. എല്ലാം സഹിച്ചു ഈ വലിയ കലാകാരി. 
മലയാളത്തിലെ ആദ്യ കളർസിനിമയായ കണ്ടംബെച്ച കോട്ടിലൂടെയായിരുന്നു സിനിമാപ്രവേശം. ബഹദൂറിന്റെ നായികയായി. കെ ടി മുഹമ്മദ് തിരക്കഥയെഴു ടി ആർ സുന്ദരം സംവിധാനംചെയ്ത  കണ്ടംബെച്ച കോട്ടിലെ  'ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ, നിന്നെ കാത്തുകാത്ത് വലഞ്ഞല്ലോ മയിലേ' എന്ന ഹിറ്റ് ഗാനത്തിൽ ബഹദൂറിനൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ ചികഞ്ഞെടുക്കുമ്പോൾ കണ്ണുകളിൽ ആദ്യ കളർചിത്രത്തിന്റെ തിളക്കം. 1973 മുതൽ സിനിമ വിട്ട് നാടകം മാത്രമായി ചുരുങ്ങി. അഞ്ചുവർഷംമുമ്പ് അതും നിർത്തി, ഇപ്പോൾ വിശ്രമജീവിതം.

 പറയാത്ത കഥകൾ

ഡബ്ബിങ് രംഗത്ത് വാഴ്ത്തപ്പെടാതെ പോയ ഇതിഹാസമാണ്  അമ്മിണിയുടെ ജീവിതം. മലയാളികളുടെ പ്രിയനായിക ശാരദ 'ഇണപ്രാവി'ലൂടെ മലയാള സിനിമയിലേക്ക് പറന്നെത്തിയതുതന്നെ കൊച്ചിൻ അമ്മിണിയുടെ ശബ്ദത്തിലൂടെ. ഉദയാ സ്റ്റുഡിയോ ആയിരുന്നു തട്ടകം. ഡബ്ബിങ് ആർട്ടിസ്റ്റുകളെ ആരും തിരിച്ചറിയാത്ത കാലം. തിരിച്ചറിഞ്ഞവർതന്നെ മനപ്പൂർവം ഒഴിവാക്കിയെന്നും അമ്മിണി. ഒരു പെണ്ണിന് മലയാളസിനിമാ രംഗത്ത് തുടരണമെങ്കിൽ പണം വേണം അല്ലെങ്കിൽ കുടുംബസ്വത്തോ മഹിമയോ വേണം അതില്ലാത്തവർ വേഗം അരികുകളിലേക്ക് മാറ്റിനിർത്തപ്പെടും.  
1951ൽ പുറത്തിറങ്ങിയ 'ജീവിതനൗക'യിൽ തുടങ്ങിയതാണ് ഡബ്ബിങ് കലാകാരിയായുള്ള ജീവിതം. പിന്നീട് നീണ്ട 13 വർഷം ഉദയാ സ്റ്റുഡിയോയിൽനിന്ന് പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും നടിമാർക്ക് ശബ്ദം നൽകി.  പുതുനിര ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കൊന്നും അമ്മിണിയെ അറിയില്ല. അറിയുന്നവർ പരിചയം നടിക്കാറുമില്ല. പല സിനിമകളിലും ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേരില്ലായിരുന്നുവെന്ന് വൈകിയാണ് അമ്മിണി തിരിച്ചറിഞ്ഞത്. പലരും അന്നും ഇന്നും കരുതിയിരുന്നത് നടി ശാരദയുടെ യഥാർഥ ശബ്ദമാണ് സിനിമയിൽ കേൾക്കുന്നതെന്നാണ്. തന്റെ ശബ്ദത്തിന്റെ ഉടമ അമ്മിണിയാണെന്ന് ശാരദ അറിഞ്ഞതും ഏറെ വൈകി. കഥാപ്രസംഗവും മറ്റൊരു പ്രവർത്തനമേഖലയായിരുന്നു. തുമ്പോലാർച്ച എന്ന കഥയാണ് ആദ്യം കൊല്ലം ശാരദാമഠത്തിൽ ആദ്യമായി  അവതരിപ്പിച്ചത്. 

സിനിമ‐നാടക ഗാനങ്ങൾ

ദക്ഷിണാമൂർത്തിയുടെ രണ്ടു പാട്ടുകൾ സിനിമയിൽ പാടിയതാണ് ജീവിതത്തിലെ അവിസ്മരണീയ അനുഭവം. '67ൽ പുറത്തിറങ്ങിയ ഇന്ദുലേഖയിലെ 
"പൂത്താലിയുണ്ടോ കിനാവേ'' 
"കണ്ണീര് തോരാതെ'' 
എന്നീ പാട്ടുകൾ. അമ്മിണിയെ ദീർഘകാലം ശാസ്ത്രീയസംഗീതം പഠിപ്പിച്ചത് ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു. എം എസ് ബാബുരാജ്, ജി ദേവരാജൻ, എം കെ അർജുനൻ, കണ്ണൂർ രാജൻ എന്നിവർ ചിട്ടപ്പെടുത്തിയ ഒട്ടേറെ സിനിമ‐ നാടക ഗാനങ്ങൾ പാടാൻ കഴിഞ്ഞു. 

വിവാഹം 

പന്ത്രണ്ടുവർഷത്തെ നീണ്ട പ്രണയത്തിനുശേഷമാണ് ജോൺ ക്രൂസ് എന്ന കൊച്ചി നിവാസിയായ ആംഗ്ലോ ഇന്ത്യൻ യുവാവുമായുള്ള വിവാഹജീവിതം ആരംഭിക്കുന്നത്. എന്നാൽ, വൈകുംതോറും അമ്മിണി തിരിച്ചറിഞ്ഞു, കലയോടും കലാജീവിതത്തോടും അയാൾക്ക് താൽപ്പര്യമില്ലെന്ന്.  നീണ്ടകാലമത്രയും ഇത് സഹിച്ചു. അക്കാലത്താണ് കൂടുതൽ സംഗീതപഠനം തുടരാൻ അമ്മിണി താൽപ്പര്യം കാണിക്കുന്നത്. ദക്ഷിണമൂർത്തി അമ്മിണിയെ വീട്ടിലെത്തി സംഗീതം പഠിപ്പിക്കാനും തുടങ്ങി. എന്നാൽ, അത് അധികകാലം തുടർന്നില്ല. ഒരിക്കൽ ദക്ഷിണാമൂർത്തി വരാൻ വൈകിയതിൽ പ്രകോപിതനായ ഭർത്താവ് ജോൺ ക്രൂസ് അദ്ദേഹത്തിന് വാങ്ങിവച്ച ഭക്ഷണം വീട്ടിലെ നായയ്ക്ക് കൊടുത്തു. ഈ സംഭവം അമ്മിണിയെ മാനസികമായി തളർത്തി.  അതോടെ ഭർത്താവുമായി പൂർണമായും അകന്നു.   അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചില്ല, അമ്മിണിയും. 

സിനിമാനഗരത്തിലേക്ക്

1966ൽ പുറത്തിറങ്ങിയ 'തിലോത്തമ' എന്ന ചിത്രത്തിൽ നടി ശാരദയ്ക്ക് ഡബ്ബ് ചെയ്യാൻ ഒരിക്കൽ ഉദയാ സ്റ്റുഡിയോയിൽ എത്തി. എന്നാൽ, ഉദയായിൽ സമരമായതിനാൽ ഡബ്ബിങ് മദ്രാസിലേക്ക് മാറ്റേണ്ടിവന്നു. അമ്മിണിയും മദ്രാസിൽ പോയി. അവിടെ മൂന്നുവർഷം. ആദ്യകാലത്ത് എ ആർ റഹ്മാന്റെ അച്ഛൻ ആർ കെ ശേഖറിന്റെ പാട്ടുകൾക്ക് കോറസ് പാടാൻ അമ്മിണിക്ക് അവസരം ലഭിച്ചിരുന്നു. തീർന്നില്ല; അരുണാചലം, വാഹിനി തുടങ്ങിയ സ്റ്റുഡിയോകളിൽനിന്നുള്ള എത്രയോ സിനിമകളിൽ അഭിനയിച്ചു. ശബ്ദം നൽകി. പാട്ടുകൾ പാടി...  ആറ് സിനിമകളിൽ നടി സാധനയ്ക്ക് ശബ്ദം നൽകി. 'ജനനീജന്മഭൂമി' എന്ന ചിത്രത്തിൽ നെല്ലിക്കോട് ഭാസ്കരനൊപ്പം അഭിനയിച്ചു. ശാപശിലയിലും ഡോക്ടർ ലൂസിയിലും അഭിനയിച്ചു.  
അസോസിയറ്റ് വാസു, സംവിധായകൻ സേതുമാധവൻ, സത്യൻ, പ്രേംനസീർ, മുത്തയ്യ തുടങ്ങിയവർക്കൊപ്പം ദക്ഷിണേന്ത്യൻ സിനിമകളുടെ ഭാഗമായി മാറി ഈ കൊച്ചിക്കാരി. എതിർപ്പും വെല്ലുവിളികളും മറ്റൊരു വശത്തും. സാമ്പത്തികമായി ക്ലേശമനുഭവിച്ച സമയമായിരുന്നു അത്. എന്നാൽ, സത്യനും വാസുവും ഏറെ സഹായിച്ചു. മദ്രാസ് നഗരം തനിക്ക് പറ്റിയതല്ലെന്ന് പലരും പറഞ്ഞതോടെ അവിടം വിട്ടു.
  "യേശുദാസുമായുള്ള ബന്ധുത്വത്തിന്റെ പേരിലുള്ള പ്രശസ്തി തനിക്ക് വേണ്ട. അതാണ് ഇത്രകാലം ഇതൊക്കെ ആരോടും പറയാതിരുന്നത്. സിനിമാരംഗത്ത് ആരെങ്കിലും കൈയിൽ പിടിച്ച് ഉയർത്താനുണ്ടെങ്കിലേ രക്ഷയുള്ളൂ. എന്നാൽ,എനിക്ക് അങ്ങനെയാരുമില്ലായിരുന്നു.'' ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ നവീകരിച്ച സാഹചര്യത്തിൽ അതിന്റെ ഭാഗമാകാൻ കുഞ്ചാക്കോ ബോബൻ വിളിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മിണി. 
തലനരച്ച കഥാപാത്രമായി വേഷമിട്ടാൽപ്പിന്നെ കിട്ടുന്നതൊക്കെ അമ്മ, മുത്തശ്ശി വേഷങ്ങൾതന്നെ. മലയാളസിനിമയിൽ ഏറെക്കാലമായി കേൾക്കുന്ന ഒരാക്ഷേപമാണത്. തെല്ലൊന്നുമല്ല ഇത് നമ്മുടെ യുവനായികമാരെ അലോസരപ്പെടുത്തുന്നതും. മലയാളസിനിമയുടെ ആദ്യകാലത്തേക്കൊരു യാത്ര പോയാൽ അത്തരം ചിന്തകളൊന്നുമില്ലാതെ കഥാപാത്രമായി ജീവിച്ച കുറച്ചുപേരെ കാണാം. ആ ഗണത്തിൽ കൊച്ചിൻ അമ്മിണിയുമുണ്ട്. കാലം വൃദ്ധയാക്കാൻ മടിക്കുന്ന അമ്മിണിയിന്നും ജീവിക്കുന്നു; വാഴ്ത്തപ്പെടാത്ത അമ്പതാണ്ടുചരിത്രത്തിന്റെ ഓർമകളുമായി കൊല്ലത്തെ ഒരു വാടകവീട്ടിൽ.
 
 johnsonnov@gmail.com 
 
പ്രധാന വാർത്തകൾ
Top