23 October Tuesday

മതേതര മുസ്ളിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍

ഡോ. ബി ഇക്ബാല്‍Updated: Sunday Nov 5, 2017

സമകാലിക ഇന്ത്യയില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികളാണ് സീമ മുസ്തഫ അതീവ ഹൃദ്യമായ ഭാഷയില്‍ എഴുതിയിട്ടുള്ള  സ്വാതന്ത്യ്രത്തിന്റെ പുത്രി: ഇന്ത്യയില്‍ മതേതര മുസ്ളിമായിരിക്കുമ്പോള്‍(Azadi's Daughter: Being a Secular Muslim in India. Seema Mustafa: Speaking Tiger Publishing Litd 2017)  എന്ന ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നത്. പത്രപ്രവര്‍ത്തക, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തക സര്‍വോപരി ഇന്ത്യന്‍ മുസ്ളിം എന്നീ നിലകളിലുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഇടപെടലുകളില്‍നിന്ന് ആര്‍ജിച്ച അനുഭവങ്ങളും ഒരു കലവറയും കൂടാതെ അവര്‍ രേഖപ്പെടുത്തുന്നു. 1980കള്‍മുതല്‍ സമീപകാലം വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു നേര്‍പരിച്ഛേദം തന്റെ അനുഭവവിവരണങ്ങളിലൂടെ സീമ വായനക്കാരുമായി പങ്കിടുന്നു. മുസ്ളിം ജനസമൂഹം ഭൂരിപക്ഷ വര്‍ഗീയവാദികളില്‍നിന്നും സ്വസമുദായത്തിലെ യാഥാസ്ഥിതികരില്‍നിന്നും തീവ്രവാദികളില്‍നിന്നും ഒരേസമയം നേരിടുന്ന വെല്ലുവിളികള്‍ അവര്‍ ഒരു മറയുമില്ലാതെ വിശദമാക്കുന്നു. മുസ്ളിം മതേതര രാഷ്ട്രീയം വിഷയമാക്കി പ്രസിദ്ധ ചിന്തകന്‍ സെയ്യദ് നക്വി രചിച്ചിട്ടുള്ള അപരരായിരിക്കുമ്പോള്‍: ഇന്ത്യയിലെ മുസ്ളിങ്ങള്‍ (Being the Other The Muslim in India: Saeed Naqvi: Aleph Book Company: 2016) എന്ന വിശ്രുത ഗ്രന്ഥത്തോടൊപ്പം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് സ്വാതന്ത്യ്രത്തിന്റെ പുത്രി.

പത്തൊമ്പതുവയസ്സുമുതല്‍ പത്രപ്രവര്‍ത്തകയായിരുന്നു സീമ മുസ്തഫ പയനിയര്‍, പാട്രിയറ്റ്, ഇന്ത്യന്‍ എക്സ്പ്രസ്, ടെലഗ്രാഫ്, ഇക്കണോമിക്സ് ടൈംസ്, ഏഷ്യന്‍ ഏജ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അസം, പഞ്ചാബ്, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗീയലഹളകളും  റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അവര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആണവകരാറിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെതുടര്‍ന്നാണ് അവര്‍ക്ക് ഏഷ്യന്‍ ഏജില്‍നിന്ന് രാജിവയ്ക്കേണ്ടിവന്നത്. സാര്‍വദേശീയരംഗത്തും അവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. 2006ലെ ലെബനന്‍-ഇസ്രയേല്‍ യുദ്ധം നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു സീമ. ന്യൂസ് എക്സ് ടെലിവിഷന്‍ ചാനലിലെ നാഷണല്‍ അഫയേഴ്സ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ ദി സിറ്റിസണ്‍ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററായി  പ്രവര്‍ത്തിക്കുന്നു. മുസ്ളിം രാഷ്ട്രീയത്തെപ്പറ്റി പഠിക്കാനായി ഇടതുപക്ഷ ചിന്താഗതിക്കാര്‍ സ്ഥാപിച്ചിട്ടുള്ള ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി അനാലിസിന്റെ പ്രധാന പ്രവര്‍ത്തകകൂടിയാണ് സീമ മുസ്തഫ.
മതവിശ്വാസികളെങ്കിലും മതേതരമൂല്യങ്ങള്‍ പിന്തുടര്‍ന്നിരുന്ന പുരോഗമന ഉല്‍പ്പതിഷ്ണു കുടുംബാന്തരീക്ഷത്തിലാണ് അവര്‍ വളര്‍ന്നത്. എന്നാല്‍, 1980കളിലും '90കളിലും ഇന്ത്യയുടെ മതേതരപാരമ്പര്യത്തെ പിടിച്ചുകുലുക്കിക്കൊണ്ട് ഒന്നിനുപുറമെ ഒന്നായി സംഭവിച്ച ബാബ്റി മസ്ജിദ്, ഗുജറാത്ത് കലാപമടക്കമുള്ള സംഭവങ്ങള്‍ അവരെ വളരെ ആകുലചിത്തയാക്കി. അതോടെയാണ് പത്രപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ സാമൂഹ്യ രംഗത്തേക്കുകൂടി അവര്‍ കടന്നുവന്നത്. മുസ്ളിം സ്ത്രീകളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും പലപ്പോഴും മുസ്ളിങ്ങള്‍ ഇരകളാക്കപ്പെടുന്ന വര്‍ഗീയകലാപങ്ങളെ പ്രതിരോധിക്കുന്നതിനും ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഡല്‍ഹിയിലുള്ള രാഷ്ട്രീയനേതാക്കളും കശ്മീരിലെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരുമായി ആശയവിനിമയം സംഘടിപ്പിക്കുന്നതിനും അവര്‍ മൂര്‍ത്തവും അര്‍ഥവത്തുമായ ഇടപെടലുകള്‍ നടത്തി.
ഷാബാനു കേസും ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവവുമാണ് സീമയുടെ അനുഭവവിവരണത്തിന്റെ കേന്ദ്രപ്രമേയങ്ങള്‍. മുസ്ളിം സമുദായത്തിലെ പരിഷ്കരണവാദികളെ തിരസ്കരിച്ച് യാഥാസ്ഥിതികരെ തൃപ്തിപ്പെടുത്താനാണ് ഷാബാനു കേസ് ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹമോചിതരായ മുസ്ളിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്ന് അവകാശപ്പെട്ടുകൊണ്ട് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് വിവാഹമുക്തകളായ മുസ്ളിം വനിതകളുടെ അവകാശ സംരക്ഷണനിയമം (1986) പാസാക്കിയത്. മറ്റു മതേതര പുരോഗമന ചിന്താഗതിക്കാരായ മുസ്ളിം സമുദായാംഗങ്ങളോട് യോജിച്ചുകൊണ്ട് ഈ നിയമം മുസ്ളിം സ്ത്രീകളെയല്ല പുരുഷമേധാവിത്വത്തെയാണ് സംരക്ഷിക്കുന്നതെന്നും ജുഡീഷ്യറിക്കുമേലുള്ള ലജിസ്ളേച്ചറിന്റെ കടന്നുകയറ്റമാണെന്നുമുള്ള സമീപനം സീമയും സ്വീകരിച്ചു. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് മുസ്ളിം യാഥാസ്ഥിതികതയ്ക്ക് കീഴടങ്ങി വോട്ടുരാഷ്ട്രീയവും ന്യൂനപക്ഷപ്രീണനവും ലക്ഷ്യമിട്ട് രാജീവ്ഗാന്ധി സ്വീകരിച്ച നിലപാടെന്ന് സീമ കരുതുന്നു. ഷാബാനു കേസില്‍ സര്‍ക്കാര്‍ എടുത്ത നിലപാടും ബാബ്റി മസ്ജിദ് പ്രശ്നം കൈകാര്യം ചെയ്തതില്‍ സംഭവിച്ച പൊറുക്കാനാകാത്ത വിട്ടുവീഴ്ചകളുമാണ് പിന്നീട് ബാബ്റി മസ്ജിദ് തകര്‍ത്തുകൊണ്ട് ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്ക് അവസരമൊരുക്കിയതെന്ന് അവര്‍ വ്യക്തമാക്കുന്നു.
മുംബൈയെ പിടിച്ചുകുലുക്കിയ 1992-93 വര്‍ഗീയകലാപങ്ങളും 2002ലെ ഗുജറാത്ത് അക്രമങ്ങളും ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളിയായി മാറിയതെങ്ങനെയെന്ന് സീമ വിശദീകരിക്കുന്നു. മുസ്ളിങ്ങളില്‍ തീവ്രവാദപ്രവണതകളുള്ള ഒരു ചെറുന്യൂനപക്ഷമുണ്ടെന്ന് അംഗീകരിക്കുന്ന സീമ, അതിന്റെ പേരില്‍ നിരപരാധികളായ മുസ്ളിങ്ങളെ തീവ്രവാദികളായി മുദ്രകുത്തി പീഡിപ്പിക്കുന്നതിനെ അപലപിക്കുന്നു. തീവ്രവാദ വര്‍ഗീയതോട് ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തുന്ന വിവേചനപരമായ സമീപനങ്ങളെ സീമ തുറന്നുകാട്ടുന്നുണ്ട്. 1993ലെ മുംബൈ ബോംബ് സ്ഫോടനത്തിന് കാരണക്കാരായ മുസ്ളിം തീവ്രവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ മുംബൈ, ബാബ്റി മസ്ജിദ്, ഗുജറാത്ത് കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ ഇന്നും സ്വതന്ത്രരായി വിഹരിക്കുന്നു. മുംബൈയെ പിടിച്ചുകുലുക്കിയ 1992-93 വര്‍ഗീയകലാപങ്ങളും 2002ലെ ഗുജറാത്ത് അക്രമങ്ങളും ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളിയായി മാറിയതെങ്ങനെയെന്ന് സീമ വിശദീകരിക്കുന്നു.
മുസ്ളിം തീവ്രവാദവും സ്വത്വരാഷ്ട്രീയത്തിലൂടെ മുസ്ളിം സമുദായത്തിന് സംഭവിച്ച ഒറ്റപ്പെടലും ഇരബോധവും തടയുന്നതിനായി മുസ്ളിങ്ങളുടെ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയാണ് സീമ മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം. വിദ്യാഭ്യാസ അവസരങ്ങളുടെ വിപുലീകരണം, സ്വത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണം തുടങ്ങി സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സീമ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ത്തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസം സീമ പ്രകടിപ്പിക്കുന്നുണ്ട്. ഒട്ടനവധി വിവേചനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറാണ് ഇന്ത്യന്‍ മുസ്ളിങ്ങളില്‍ ബഹുഭൂരിഭാഗവും സ്വീകരിച്ചുപോരുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിലായി ഇന്ത്യന്‍ മുസ്ളിങ്ങള്‍ ഭയത്തില്‍നിന്നും അനിശ്ചിതത്വത്തില്‍നിന്നും അമര്‍ഷത്തില്‍നിന്നും മോചിതരായി തുല്യതയ്ക്കുവേണ്ടി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന ശുഭാപ്തിവിശ്വാസം സീമ പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ ആന്തരികശക്തിയിലാണ് മുസ്ളിം സമൂഹം വിശ്വാസമര്‍പ്പിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ ഇസ്ളാം (Political Islam) സിദ്ധാന്തങ്ങളെ ഇന്ത്യന്‍ മുസ്ളിങ്ങളില്‍ ബഹുഭൂരിപക്ഷവും തിരസ്കരിക്കുന്നത്. മുസ്ളിം സമുദായത്തില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷംമാത്രമാണ് ആഗോള മുസ്ളിം തീവ്രവാദത്തിന് വിധേയരാകുന്നത്. ലോകത്തെ മറ്റു മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാനും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാനുമുള്ള അവസരവും അവകാശവും ഇന്ത്യന്‍ മുസ്ളിങ്ങള്‍ക്കുണ്ട്. ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കുന്നതുകൊണ്ടാണ്  ഇന്ത്യന്‍ മുസ്ളിങ്ങള്‍ മതേതരമൂല്യങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് സീമ കരുതുന്നു. അതുകൊണ്ടാണ് കശ്മീര്‍ സംഘര്‍ഷം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്ളിങ്ങള്‍ തങ്ങളെ ബാധിക്കുന്ന പ്രശ്നമായി കരുതാത്തതും കശ്മീര്‍ വിഘടനവാദത്തെ പിന്താങ്ങാത്തതുമെന്ന വളരെ കൃത്യതയുള്ള നിരീക്ഷണവും സീമ നടത്തുന്നുണ്ട്.
മുസ്ളിം വരേണ്യവിഭാഗവും മുഖ്യധാര മുസ്ളിം സംഘടനകളും മുസ്ളിങ്ങളുടെ പൊതുതാല്‍പ്പര്യം അവഗണിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സീമ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ പ്രതിലോമ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍മാത്രമാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. മുസ്ളിം വോട്ടുബാങ്കുകള്‍ സൃഷ്ടിച്ച് സങ്കുചിതമായ കക്ഷിരാഷ്ട്രീയ വിലപേശലിന് അവര്‍ മുസ്ളിങ്ങളെ വിധേയരാക്കുന്നു. നിയമപരമായ പരിരക്ഷകള്‍ ലഭിക്കാതെ അര്‍ഹമായ വിചാരണപോലും നിഷേധിക്കപ്പെട്ട് തീവ്രവാദത്തിന്റെയും മറ്റും പേരില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ളിം സഹോദരങ്ങളെ സംരക്ഷിക്കാനോ വര്‍ഗീയലഹളകളില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനോ ഇവരൊന്നും ചെയ്യുന്നില്ല.
ഹിന്ദു-മുസ്ളിം വര്‍ഗീയകലാപങ്ങളോടൊപ്പം ലഖ്നൌവിലും മറ്റും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള സുന്നി-ഷിയാ സംഘര്‍ഷങ്ങളും സീമ ചരിത്രപരമായ വിശകലനം നടത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിയാ സഹോദരങ്ങളെ മൂട്ടകളെന്നും സുന്നികളെ കൊതുകുകളെന്നും കളിയാക്കി വിശേഷിപ്പിക്കുന്ന ഇരുവിഭാഗത്തിലും പെട്ട  മുസ്ളിം സഹോദരങ്ങളുടെ നിലപാടിനെ സീമ അപലപിക്കുന്നു. ഹിന്ദു- മുസ്ളിം ഏറ്റുമുട്ടലുകള്‍പോലെതന്നെ അധികാര രാഷ്ട്രീയത്തിന്റെ ദുഷ്ഫലമായാണ് സുന്നി- ഷിയാ സംഘട്ടനങ്ങളും സംഭവിക്കുന്നതെന്ന് സീമ അഭിപ്രായപ്പെടുന്നു. മുസ്ളിം സമുദായം നേരിടുന്ന വിവേചനങ്ങളെയും മുന്‍വിധികളെയും രാഷ്ട്രീയക്കാരും സ്ഥാപിതതാല്‍പ്പര്യക്കാരും തങ്ങളുടെ അധികാര ബലപരീക്ഷയ്ക്കായി ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ മുസ്ളിങ്ങള്‍ തയ്യാറാകണമെന്ന് സീമ അപേക്ഷിക്കുന്നു.
പത്ര സാമൂഹ്യ പ്രവര്‍ത്തന മേഖലകള്‍ക്കുപുറമെ രാഷ്ട്രീയരംഗത്തും സീമ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു അവര്‍. പ്രസിദ്ധ സ്വാതന്ത്യ്രസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന റാഫി അഹമ്മദ് കിദ്വായി അവരുടെ അടുത്തബന്ധുവാണ്. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായിരുന്ന മുത്തച്ഛന്‍ ഷാഫി അഹമ്മദ് കിദ്വായി വിഭജനകാലത്തെ കലാപത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്. മുത്തശ്ശി അനീസ് കിദ്വായി രാജ്യസഭാംഗമായിരുന്നു. ആദ്യം ജനതാപാര്‍ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്)  എന്നീ പാര്‍ടികളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വി പി സിങ്ങിന്റെ അനുയായിട്ടാണ് അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സീമയാണ് വി പി സിങ്ങിന്റെ അംഗീകൃത ജീവചരിത്രം ഏകാന്തനായ  പ്രവാചകന്‍ (The Lonely Prophet)  എഴുതിയത്. ഉത്തര്‍ പ്രദേശിലെ ദൊമരിയാഗഞ്ച് പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍നിന്ന് രണ്ടുതവണ സീമ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാല്‍, തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ അനുഭവങ്ങള്‍, തന്നെ ജനങ്ങളുമായും ജനകീയപ്രശ്നങ്ങളുമായും കൂടുതലായി അടുപ്പിച്ചെന്ന് സീമ രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യന്‍ മതേതരത്വം കനത്ത  വെല്ലുവിളികളെ നേരിടുന്ന സമകാലീന ഇന്ത്യയില്‍ മതേതരത്വത്തിന്റെ ശക്തമായ വക്താക്കളായ സീമ മുസ്തഫയെപ്പോലുള്ളവരുടെ സാന്നിധ്യത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കും മുന്‍കാലങ്ങളിലേതിനേക്കാള്‍ വലിയ പ്രസക്തിയുണ്ട്. ഒരേയവസരത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ അപകടസാധ്യത കണക്കിലെടുക്കാതെ തുറന്നുകാട്ടാന്‍ സീമ മടിക്കുന്നില്ല. ഗോവിന്ദ് പന്‍സാരെയ്ക്കും എം  എം കലബുര്‍ഗിക്കും ഗൌരി ലങ്കേഷിനും സംഭവിച്ചത് കണക്കിലെടുക്കുമ്പോള്‍ അസാധാരണ ധീരതയോടെയാണ് സീമ മുസ്തഫ 'ആസാദിയുടെ പുത്രി' എഴുതി പ്രസിദ്ധീകരിക്കാന്‍ തയ്യാറായതെന്ന് പറയേണ്ടിവരും. ഭൂരിപക്ഷ- ന്യൂനപക്ഷ തീവ്രവാദത്തെ ഒരേശബ്ദത്തില്‍ തുറന്നുകാട്ടാന്‍ സീമ മടിക്കുന്നില്ല. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിക്കുന്ന ഓരോ വര്‍ഗീയകലാപങ്ങളുടെ പിന്നിലും രാഷ്ട്രീയ ഗൂഢാലോചനകളുണ്ടെന്ന സീമയുടെ നിരീക്ഷണം പ്രത്യേകിച്ച് എടുത്തുപറയേണ്ട ഒന്നാണ്. ഇന്ത്യയിലെ മുസ്ളിം രാഷ്ട്രീയത്തെപ്പറ്റി നിലവിലുള്ള ഒട്ടനവധി തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യാന്‍ സീമയുടെ പുസ്തകത്തിന് കഴിയുന്നുണ്ട്. പുസ്തകത്തിലുടനീളം സീമ പ്രകടിപ്പിക്കുന്ന സത്യസന്ധതയും ആര്‍ജവവും എഴുത്തുഭാഷയുടെ സരളതയും വായനക്ഷമതയും 'ആസാദിയുടെ പുത്രി'യെ അവിസ്മരണീയമായ വായനാനുഭവമാക്കി മാറ്റുന്നു.
പ്രധാന വാർത്തകൾ
Top