25 June Monday

ഓസ്കര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Mar 5, 2017

അസ്ഗര്‍ ഫര്‍ഗാദിക്കുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി ഇറാന്റെ ആദ്യ ബഹിരാകാശയാത്രിക അനൌഷേഹ് അന്‍സാരി സംസാരിക്കുന്നു

'ക്ഷമിക്കണം.

ഇന്ന് എനിക്ക് നിങ്ങളുടെ അടുത്ത് എത്താനായില്ല.

അമേരിക്കയിലേക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടതിലൂടെ അപമാനിക്കപ്പെട്ട എന്റെയും മറ്റ് ആറു രാഷ്ട്രങ്ങളിലെയും ജനങ്ങളോടുള്ള ബഹുമാനമാണ് എന്റെ അഭാവത്തിന് കാരണം. 'ഞങ്ങളും' 'ശത്രുക്കളും' എന്ന മട്ടില്‍ ലോകത്തെ വിഭജിക്കുന്നത് ഭീതി പരത്തുന്നു. പ്രകോപനത്തിനും യുദ്ധത്തിനുംവേണ്ടിയുള്ള വഞ്ചനാപരമായ  വര്‍ഗീകരണമാണിത്.'

-അസ്ഗര്‍ ഫര്‍ഗാദിക്ക് വേണ്ടി നന്ദിചോദിച്ച് ഞാന്‍ വിടവാങ്ങുന്നു.

ഇറാന്റെ ആദ്യ ബഹിരാകാശയാത്രിക അനൌഷേഹ് അന്‍സാരിയുടെ ശബ്ദമാണ് പ്രൌഢഗംഭീരമായ ഓസ്കര്‍ സദസ്സില്‍  മുഴങ്ങിയത്. മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം രണ്ടാംതവണയാണ് അസ്ഗര്‍ ഫര്‍ഗാദിക്ക് ലഭിക്കുന്നത്. 'സെയില്‍സ്മാന്‍' എന്ന ചിത്രത്തിലൂടെ ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങാന്‍ അദ്ദേഹം വന്നില്ല. ഏഴ് മുസ്ളിംരാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം.

അസാധാരണമായ കാലം അസാധാരണമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും. ഫെബ്രുവരി 26ലെ ഓസ്കര്‍ രാവില്‍ അതാണ് സംഭവിച്ചത്. ഓസ്കര്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രതിരോധത്തിന്റെ ശബ്ദമാണ് ആഗോള കച്ചവടസിനിമയുടെ വിളവെടുപ്പ് വേദിയില്‍ മുഴങ്ങിയത്. ഒരുമാസംമുമ്പ് ഗോള്‍ഡന്‍ഗ്ളോബ് പുരസ്കാരവേദിയില്‍ ഡോണള്‍ഡ് ട്രംപിനെതിരായ മെറില്‍സ്ട്രീപ്പിന്റെ ശബ്ദം ഒറ്റപ്പെട്ടതായിരുന്നെങ്കില്‍ ഓസ്കറില്‍ അതൊരു മുദ്രാവാക്യമായി ഉയരുന്നു. 20 തവണ ഓസ്കര്‍ നോമിനേഷന്‍ നേടിയ മെറില്‍ സ്ട്രീപ്പിനെ അന്ന് ട്രംപ് ട്വിറ്ററില്‍ പരിഹസിച്ചതിനുള്ള മറുപടി ഹോളിവുഡ് സിനിമാലോകം ഒറ്റയടിക്ക് നല്‍കി. പുരസ്കാരം ഏറ്റുവാങ്ങിയ വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ ബാക്കിയെല്ലാവരും ട്രംപിന്റെ 'ഭ്രാന്തന്‍' നയങ്ങളെ പരസ്യമായി തള്ളിപ്പറയാന്‍ ധൈര്യംപ്രകടിപ്പിച്ചു. 1973ല്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ തനിക്കുപകരം അമേരിക്കന്‍ ആദിമവാസികളുടെ പ്രതിനിധിയെയാണ് മര്‍ലന്‍ ബ്രാന്റോ ഓസ്കര്‍ വേദിയിലേക്ക് അയച്ചത്. അമേരിക്കന്‍ ആദിമവാസികളെ ഹോളിവുഡ് നികൃഷ്ടരായി ചിത്രീകരിക്കുന്നതിനെതിരായ ഉജ്വല രാഷ്ട്രീയ പ്രതികരണമായിരുന്നു അത്. ദശകങ്ങള്‍ക്കിപ്പുറം ഹോളിവുഡ് കലാകാരന്മാര്‍ ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തുകയാണ്. ട്രംപിന്റെ വിനാശകരമായ നയങ്ങള്‍ക്കെതിരെ.

ട്രംപിന്റെ യാത്രാനിരോധന ഉത്തരവിനെതിരെ നിയമയുദ്ധത്തിലുള്ള ഇടതുപക്ഷമുള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയായ അമേരിക്കന്‍  സിവില്‍ ലിബര്‍ട്ടീസ് യൂണിയന് (എസിഎല്‍യു) പിന്തുണ അറിയിച്ച് വസ്ത്രത്തില്‍ നീല റിബണ്‍ ധരിച്ചുകൊണ്ടാണ് നിരവധി താരങ്ങള്‍ വേദിയിലെത്തിയത്. ലെബനന്‍ കലാകാരന്മാര്‍  ഒരുക്കിയ ഇളംകറുപ്പ് ഗൌണ്‍ ധരിച്ചാണ് അമേരിക്കന്‍ സംവിധായിക അവ ദു വെര്‍നെ എത്തിയത്. അമേരിക്കയില്‍ പൊലീസുകാര്‍ കൊലപ്പെടുത്തിയ കറുത്ത വംശജനായ 17 വയസ്സുകാരന് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ഹല കാമിലിന്റെ വസ്ത്രം

സിറിയന്‍ അഭയാര്‍ഥി ഹല കാമില്‍ ഓസ്കര്‍ വേദിയില്‍

സിറിയന്‍ അഭയാര്‍ഥി ഹല കാമില്‍ ഓസ്കര്‍ വേദിയില്‍

ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച 'വതാനി: മൈ ഹോംലാന്‍ഡ്' എന്ന ഹ്രസ്വ ഡോക്യുമെന്ററി സിറിയന്‍ അഭയാര്‍ഥിയും നാലുമക്കളുടെ അമ്മയുമായ ഹല കാമിലിന്റെ ജീവിതപ്രയാണത്തെയാണ് ചിത്രീകരിച്ചത്.  ട്രംപിന്റെ പുതിയ യാത്രാനിരോധന ഉത്തരവ് മൂലം ഇവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനാകുമോ എന്ന ആശങ്ക അവസാനഘട്ടംവരെ നിലനിന്നു. മൂന്നുദിവസം മുമ്പ് മാത്രമാണ് അനുമതി ലഭിച്ചത്. ചടങ്ങില്‍ പോകാന്‍ നല്ല വസ്ത്രംപോലും അവര്‍ക്കില്ലായിരുന്നു. ട്വിറ്ററിലൂടെ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ക്ക് വസ്ത്രമൊരുക്കാന്‍ ലേഡി ഗാഗ അടക്കമുള്ളവരുടെ സ്റ്റൈലിസ്റ്റായ ബ്രാന്‍ഡന്‍ മാക്സ്വെല്‍ രംഗത്തെത്തി.

അമേരിക്കയ്ക്കും മെക്സിക്കയ്ക്കും ഇടയില്‍ മതില്‍ പണിയാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ അതിശക്തമായ പ്രതികരണമാണ് മെക്സിക്കയില്‍നിന്നുള്ള പ്രമുഖനടനും സംവിധായകനുമായ ഗായേല്‍ ഗാര്‍സ ബെര്‍നാല്‍ നടത്തിയത്.

ഏഴ് മുസ്ളിംരാഷ്ട്രങ്ങളില്‍നിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് നിരവധി നോമിനികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല. മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായ 'ദ വൈറ്റ് ഹെല്‍മെറ്റ്സി'ന്റെ ഛായാഗ്രാഹകനായ സിറിയന്‍പൌരന്‍ ഖാലിദ് ഖത്തീബിന് ട്രംപ് ഭരണകൂടം വിസ നിഷേധിച്ചു. മികച്ച സിനിമയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആറു സിനിമകളുടെയും സംവിധായകര്‍ ഓസ്കര്‍ പ്രഖ്യാപനത്തിന് 72 മണിക്കൂര്‍ മുമ്പ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സംയുക്തപ്രസ്താവന ഇറക്കി. ചുവപ്പന്‍ പരവതാനി വരവേല്‍പ്പില്‍ ധരിച്ച വസ്തങ്ങളില്‍മുതല്‍ അഭിനന്ദന കൈയടിയില്‍വരെ പ്രതിഷേധം പ്രകടമായി.

ഓസ്കര്‍ ഇത്തവണ വെളുത്തുപോയില്ല

2015ലും 16ലും ഓസ്കര്‍ 'വൈറ്റ്വാഷ്' ചെയ്യപ്പെട്ടിരുന്നു. അഭിനയത്തിനുള്ള നാല് പുരസ്കാരങ്ങള്‍ക്കും തുടര്‍ച്ചയായി വെളുത്ത വംശജരായവര്‍മാത്രം നാമനിര്‍ദേശംചെയ്യപ്പെട്ടത് കടുത്ത പ്രതിഷേധത്തിനാണ് വഴിവച്ചത്. 'ഓസ്കര്‍ സോ വൈറ്റ്' എന്ന ഓണ്‍ലൈന്‍ പ്രചാരണം ഓസ്കര്‍ പുരസ്കാരം നിര്‍ണയിക്കുന്നവരുടെ സമിതി പൊളിച്ചെഴുതാന്‍ അധികാരികളെ പ്രേരിപ്പിച്ചു. അതിന്റെ ഫലം ഇത്തവണ പുരസ്കാരനിര്‍ണയത്തില്‍ നിഴലിച്ചു. നാമനിര്‍ദേശം ലഭിച്ച 20 അഭിനേതാക്കളില്‍ ഏഴുപേര്‍ വെള്ളക്കാരായിരുന്നില്ല. സഹനടിക്കുള്ള നാമനിര്‍ദേശപട്ടികയില്‍ രണ്ട് കറുത്തവംശജര്‍ ഇടംപിടിച്ചതും ശ്രദ്ധേയം. മുമ്പൊരിക്കലും രണ്ട് കറുത്തവംശജര്‍ ഒരേ പുരസ്കാരത്തിനായി ഓസ്കറില്‍ പരസ്പരം മത്സരിച്ചിട്ടില്ല.

പുരസ്കാരം തെറ്റിപ്പോകുന്ന പിഴവ് ഓസ്കറില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണ്. 'മൂണ്‍ലൈറ്റി'ന് ലഭിക്കേണ്ട പുരസ്കാരം പ്രഖ്യാപിച്ചത് 'ലാ ലാ ലാന്‍ഡി'ന്. നാടകീയ നൃത്തരൂപങ്ങളാല്‍ സമ്പന്നമായ മുന്‍കാല ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് 'ലാ ലാ ലാന്‍ഡ'്. സ്വപ്നവും യാഥാര്‍ഥ്യവും ഇടകലരുന്ന സിനിമ. എന്നാല്‍, 'മൂണ്‍ലൈറ്റ്' അമേരിക്കയുടെ ദാരുണമായ യാഥാര്‍ഥ്യമാണ് വെളിവാക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ യുവാവിന്റെ ദാരുണമായ സമകാലികജീവിതമാണ് പ്രമേയം. അമേരിക്കന്‍ ജീവിതത്തിന്റെ നടപ്പുകാല വിപരീതസത്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു ഇരു സിനിമയും.

unnigiri@gmail.com

പ്രധാന വാർത്തകൾ
Top