16 October Tuesday

ഓര്‍മയില്‍ എന്റെ സഖാവ്

അമ്മിണിയമ്മUpdated: Sunday Dec 3, 2017

വര: ആര്‍ ബി ഷജിത്

ഒളിവില്‍ ഒരു വിവാഹം. അതുതന്നെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം സദ്യ ഒക്കെ കൊടുത്തുകൊണ്ട്. അതില്‍ പങ്കെടുത്ത ആര്‍ക്കും തങ്ങള്‍ വിവാഹസദ്യയില്‍ പങ്കെടുക്കുകയാണെന്ന് അറിയാതെ. ഇന്ന് പലര്‍ക്കും അവിശ്വസനീയമായി തോന്നാം. എന്റെയും സഖാവിന്റെയും വിവാഹം അങ്ങനെ ആയിരുന്നു.

1951 ചിങ്ങമാസം പത്താം തീയതി. ഇന്ത്യ സ്വതന്ത്രമായി കഴിഞ്ഞിരുന്നു. പക്ഷേ, തിരുവിതാംകൂറില്‍ ആ സ്വാതന്ത്യ്രം പൂര്‍ണമായി അനുഭവവേദ്യമായിരുന്നില്ല. കമ്യൂണിസ്റ്റുവേട്ട ഭരണകൂടം തുടര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ തലയ്ക്ക് വിലയിട്ടിരുന്ന ഒരു കമ്യൂണിസ്റ്റിനെ പരസ്യമായി വിവാഹം ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിവാഹം രഹസ്യമായി രാത്രി പത്തിന് നടത്തേണ്ടി വന്നത്. പല്ലനയില്‍ ഞങ്ങളുടെ കുടുംബവീടിനടുത്ത് അമ്മയ്ക്കായി ഒരു വീട് പണിതു. അമ്മ കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായ ശങ്കരനാരായണന്‍ തമ്പിയുടെ സഹോദരി ആണെന്ന് അറിയാമല്ലോ. പുതിയ വീടിന് ഒരു കിണര്‍ കുത്തി. അതിന്റെ ഭൂതമൂട്ടല്‍ ചടങ്ങാണെന്നു പറഞ്ഞാണ് എല്ലാവരെയും ക്ഷണിച്ചത്. സദ്യ കഴിഞ്ഞ് എല്ലാവരും മടങ്ങി. രാത്രി സഖാവ് വന്നു. വിവാഹം കഴിഞ്ഞ ഉടന്‍ മടങ്ങി. 'എന്റെ കല്യാണത്തിന് സദ്യ ഉണ്ണാന്‍പോലും കഴിയില്ലല്ലോ' എന്നു പറഞ്ഞ് അമ്മൂമ്മയുടെ അടുത്തുനിന്ന് ഒരു പിടി ചോറുണ്ടായിരുന്നു മടങ്ങിയത്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചുപോലുമില്ല. മൂന്നാഴ്ച കഴിഞ്ഞ് പന്തളം കൊട്ടാരത്തില്‍വച്ചാണ് പിന്നെ കാണുന്നത്. പന്തളം കൊട്ടാരം അന്ന് കമ്യൂണിസ്റ്റുകാരുടെ താവളമായിരുന്നു.

അമ്മിണിയമ്മ

അമ്മിണിയമ്മ

ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴേ കുടുംബവീടായ പാണ്ഡവത്ത് ഒരു രഹസ്യ രാഷ്ട്രീയകേന്ദ്രമാണ്. കമ്യൂണിസ്റ്റുകാരുടെ ഒളിത്താവളം. പായിപ്പാടാറിന്റെ നടുവില്‍ ചങ്ങാടം കെട്ടി നടത്തിയ കമ്യൂണിസ്റ്റ് പാര്‍ടിയുടെ യോഗത്തില്‍ പ്രസംഗം കേള്‍ക്കാന്‍ പോയത് ഇന്നും ഓര്‍ക്കുന്നു. ഒരു യുവ നേതാവിന്റെ ഗംഭീര പ്രസംഗം. വീട്ടില്‍ വന്ന് പ്രസംഗത്തെക്കുറിച്ച് ഞാന്‍ വിവരിച്ചു പറഞ്ഞു. ആ പ്രാസംഗികന്‍ തോപ്പില്‍ ഭാസി ആയിരുന്നെന്ന് അപ്പോള്‍ അറിയുമായിരുന്നില്ല. സഖാവിനെ ആദ്യമായി കാണുന്നത് അന്നാണ്.

പാണ്ഡവത്ത് കുടുംബത്തിലെ പുരുഷന്മാരെല്ലാം ഒളിവിലോ ജയിലിലോ ആയിരുന്നു. വൃദ്ധനായ അപ്പൂപ്പന്‍ രാമവര്‍മ രാജയും അമ്മൂമ്മയും അമ്മയും ഞാനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടുകാര്യങ്ങള്‍ എല്ലാം എന്റെ ചുമലില്‍. അപ്പൂപ്പന് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ഗ്രാന്റ് മാത്രമാണ് ഏക വരുമാനം. അതും നാമമാത്രം. എല്ലാമാസവും മാവേലിക്കരയില്‍ പോയി അതു വാങ്ങണം. മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായ ചിറ്റപ്പന്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യും. ആ തുകകൊണ്ട് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ബസിന്റെ മുകളില്‍ ഇട്ടുതരും. തോട്ടപ്പള്ളിയില്‍ എത്തി അത് ഇറക്കി അടുത്ത ബോട്ടില്‍ കയറ്റണം. പല്ലന കലവറ ജെട്ടിയില്‍ ഇറക്കി വീട്ടിലേക്ക് ചുമക്കണം.
വീട്ടില്‍ അത്യാവശ്യം സഹായിക്കാനുള്ള പെണ്‍കുട്ടിയും ഞാനും ചേര്‍ന്ന് ചുമക്കും. കണ്ടുനില്‍ക്കുന്നവര്‍ക്ക് സഹായിക്കണം എന്നുണ്ട്. പക്ഷേ, പൊലീസ് പിന്നെ അവരെ തേടി എത്തും. അതുപേടിച്ച് ആരും വരില്ല.

തോപ്പില്‍ ഭാസിയും അമ്മിണിയമ്മയും

തോപ്പില്‍ ഭാസിയും അമ്മിണിയമ്മയും

ഒളിവിലിരിക്കുന്ന സഖാക്കള്‍ക്ക് ആഹാരം എത്തിക്കുന്നത് എന്റെ ചുമതലയില്‍. അങ്ങനെ ഒരു ദിവസം രാവിലത്തെ ഭക്ഷണം കൊടുത്തുവരുമ്പോള്‍ സഖാവ് എന്‍ ശ്രീധരന്‍ വിവാഹക്കാര്യം എടുത്തിട്ടു. ശൂരനാട് സംഭവത്തിനെത്തുടര്‍ന്ന് തോപ്പില്‍ ഭാസിക്ക് തലയ്ക്ക് വിലയിട്ടിരിക്കുന്ന കാലം. അങ്ങനെ ഒരു സഖാവിന് ആഗ്രഹം ഉണ്ടെങ്കില്‍ ഞാനായിട്ട് എതിരു നില്‍ക്കേണ്ടെന്ന് കരുതി. അച്ഛനെ അറിയിച്ചിരുന്നില്ല. അറിഞ്ഞപ്പോള്‍ "കൊലപ്പുള്ളിക്ക് പിടിച്ചു കൊടുത്തോ എന്റെ കുഞ്ഞിനെ'' എന്നു പറഞ്ഞ് കരച്ചിലായി.

സഖാവ് വിട്ടുപിരിഞ്ഞിട്ട് കാല്‍ നൂറ്റാണ്ടായെന്ന് വിശ്വസിക്കാന്‍ വയ്യ. കാരണം, അദ്ദേഹം കേരളത്തിനു നല്‍കിയ സംഭാവനകള്‍ ഒട്ടും മൂല്യം നശിക്കാതെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം കൂടുതല്‍ പ്രസക്തമായി നില്‍ക്കുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മൂലധനം, അശ്വമേധം... ഓരോ രചനയും സഖാവിന്റെ സാന്നിധ്യം സജീവമാക്കുന്നു.
(1992 ഡിസംബര്‍ എട്ടിനാണ് തോപ്പില്‍ ഭാസി അന്തരിച്ചത്)
 

പ്രധാന വാർത്തകൾ
Top