17 November Saturday

നീലക്കുറിഞ്ഞിയെത്തി; എ‌വിടെ മൂന്നാർ?

പ്രത്യേക ലേഖകൻUpdated: Wednesday Aug 22, 2018

മൂന്നാർ
നീലക്കുറിഞ്ഞിയെ  വരവേൽക്കാൻ  ഒരുങ്ങിനിന്ന മൂന്നാർ നിശബ്ദതയിൽ. മഴമേഘങ്ങൾ ഒഴിഞ്ഞ് മാനം തെളിഞ്ഞെങ്കിലും വാഹനങ്ങളും വിനോദസഞ്ചാരികളും ഇല്ലാത്തതിനാൽ പട്ടണം ശൂന്യം. മൂന്നാറിന്റെ സമീപകാല ചരിത്രത്തിൽ ഇതുപോലൊരു അവസ്ഥയുണ്ടായിട്ടില്ല.  ദിവസേന ശരാശരി രണ്ടായിരം വിനോദസഞ്ചാരികൾ എത്താറുള്ള മൂന്നാറിൽ ഇപ്പോഴുള്ളത് നാട്ടുകാർ മാത്രം. പേമാരിക്കുശേഷം ആദ്യമായി കടകൾ തുറന്നെങ്കിലും കച്ചവടം നടന്നില്ല. റിസോർട്ടുകളുടെ പ്രവർത്തനം അടുത്ത മാസമേ തുടങ്ങു. ചൊവാഴ്ച ചില റിസോർട്ടുകൾ തുറന്നെങ്കിലും ഒരാളും എത്തിയില്ല.  ബസ് സർവീസ് പൂർണമായി നിലച്ചു.

അടിമാലി റൂട്ടിൽ മാത്രം ചെറുവാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, ചാറ്റൽമഴയ്ക്കിടെ ഇവിടെ കൂടെക്കൂടെ മണ്ണിടിയുന്നു. ജെസിബിയുടെ സഹായത്തോടെ മണ്ണ് നീക്കിയാണ് ജീപ്പുകൾ കടത്തിവിടുന്നത്. മറയൂർ, ഉദുമൽപേട്ട,  ദേവികുളം ഭാഗങ്ങളിലേക്ക്  വാഹനങ്ങൾ ഓടുന്നില്ല. ഉദുമൽപേട്ട ദേശീയപാതയിൽ പെരിയവരൈ എസ്റ്റേറ്റിനു സമീപമുള്ള പാലം തകർന്ന് കാൽനട യാത്രപോലും അസാധ്യം. തേയിലത്തോട്ടങ്ങളുടെ പ്രവർത്തനവും ആരംഭിച്ചിട്ടില്ല. തൊഴിലാളികൾക്ക് സർക്കാർ ശമ്പളത്തോടെയുള്ള അവധി നൽകിയിട്ടുണ്ട്. തോട്ടങ്ങളിൽ നിന്ന് അരി കിട്ടുന്നതിനാൽ തൊഴിലാളി ലയങ്ങളിൽ പട്ടിണി അകലുന്നു.  പെടോൾ ബങ്കുകളും തുറന്നിട്ടില്ല. പെടോൾ എത്തിയ പമ്പിൽ ദുരന്തനിവാരണ പ്രവർത്തനം നടത്തുന്ന വാഹനങ്ങൾക്കുള്ള ഇന്ധനം മാത്രമേ നൽകുന്നുള്ളു.

നീലക്കുറിഞ്ഞി മൊട്ടിട്ടുതുടങ്ങിയ സമയത്താണ് പ്രളയജലം മൂന്നാറിനെ തകർത്തത്. 12 വർഷത്തെ ഇടവേളക്കു ശേഷം കൂട്ടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ എട്ടുലക്ഷം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഹോട്ടലുകളിലും റിസോർട്ടുകളിലും മുൻകൂർ ബുക്കിങ്ങ് പൂർത്തിയായിരുന്നു. 25 ശതമാനം ബുക്കിങ്ങ് മാത്രമേ ഇക്കുറി അനുവദിച്ചിരുന്നുള്ളൂ. അഭൂതപൂർവംമായ തിരക്ക് മുന്നിൽക്കണ്ട് പാർക്കിങ‌് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ചെറുവാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും പ്രത്യേകം പാർക്കിങ‌് സ്ഥലം കണ്ടെത്തിയിരുന്നു. കംഫർട്ട് സ്റ്റേഷനുകളുടെ നിർമാണവും പൂർത്തിയാക്കി. കഴിഞ്ഞ കുറിഞ്ഞി സീസണിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഒരുക്കങ്ങളെല്ലാം.

2006 ൽ മൂന്നാറിലെത്തിയവരിൽ പകുതിപേർക്കും കുറിഞ്ഞി കാണാൻ കഴിഞ്ഞില്ല. ഗതാഗതക്കുരുക്കിൽ മൂന്നാർ വലഞ്ഞു. എന്നിട്ടും, കുറിഞ്ഞിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന  രാജമലയിലേക്ക് രണ്ടു ലക്ഷത്തിേലറെ പേർ എത്തി. സാമൂഹ്യ മാധ്യമങ്ങളും  പരസ്യങ്ങളും മൂലം ഇത്തവണ  സഞ്ചാരികളുടെ എണ്ണം പല മടങ്ങ് കൂടുമെന്ന പ്രതീക്ഷയിൽ തയാറെടുപ്പുകൾ ശക്തമാക്കി. എന്നാൽ, പേമാരിയിൽ അതെല്ലാം തകർന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top