24 September Monday

പ്രവാസികളെ ചേർത്തുനിർത്തി

ആർ ഹണീഷ് കുമാർUpdated: Thursday May 24, 2018


മലപ്പുറം
പുരുഷായുസ് മുഴുവൻ നാടിനും വീടിനുമായി മണല്യാരണ്യത്തിലെ കൊടും  ചൂടിൽ ജോലി, ജീവിത സായാഹ്നത്തിൽ  ഒരു പിടി രോഗങ്ങളുടെ സമ്പാദ്യവുമായി തിരികെ നാട്ടിലേക്ക്. തുടർന്നുള്ള ജീവിതം നരകതുല്യവും. ശരാശരി പ്രവാസിയുടെ പൊതു ചിത്രമാണിത്. എന്നാലിന്ന്  ഇതിനെല്ലാം മാറ്റം വരികയാണ,് എൽഡിഎഫ് സർക്കാറിന്റെ ഇച്ഛാശക്തിയിൽ. ലോക കേരള സഭ വിളിച്ചു ചേർത്തും പ്രവാസി ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചും ചികിത്സാ സഹായങ്ങൾ ഉദാരമാക്കിയും ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിച്ചും വായ്പാ പദ്ധതികൾ ആസൂത്രണം ചെയ്തുമെല്ലാം അമ്പതു ലക്ഷത്തോളം പ്രവാസികളുടെ അത്താണിയാവുകയാണ് സർക്കാർ.

പ്രവാസി ക്ഷേമനിധി പെൻഷൻ 500 രൂപയിൽനിന്ന്  2000 രൂപയാക്കി ഉയർത്തി. മടങ്ങിയെത്തിയർക്കും ആശ്രിതർക്കുമായി നടപ്പാക്കിയ സാന്ത്വനം ധനസഹായ പദ്ധതിയിലൂടെ സഹായങ്ങൾ വർധിപ്പിച്ചു. വിവിധ രോഗങ്ങൾക്കുള്ള ചികിത്സ, മരണം, വിവാഹം, അംഗവൈകല്യം ബാധിച്ചവർക്ക് ചലനോപാധികൾ തുടങ്ങിയവക്കെല്ലാം പദ്ധതിയിൽ ഇടംനൽകി.
നയതന്ത്ര ബന്ധങ്ങൾ എങ്ങിനെ ചലനാത്മകമാക്കാമെന്ന് രാജ്യത്തിനാകെ  കാണിച്ചുകൊടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സംസ്ഥന അതിഥിയായി ഷാർജ സുൽത്താൻ ഷേഖ് സുൽത്താൻ ബിൻ  മുഹമ്മദ് അൽ ഖാസിമിയ എത്തുകയും ഷാർജയിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരായ 149 തടവുകാരെ മോചിപ്പിക്കാൻ നടപടിയുണ്ടായതുമെല്ലാം ഇതിനുദാഹരണം.

പ്രവാസി മലയാളികളുടെ പൊതുവേദിയായി രൂപീകരിച്ച ലോക കേരള സഭയായിരുന്നു സർക്കാറിന്റെ സുപ്രധാന ചുവടുവയ്പ്പ്. ജനുവരി 12, 13 തിയതികളിൽ നിയമസഭാ മന്ദിരത്തിൽ നടന്ന സഭയിൽ ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികളുണ്ടാക്കി. ഈ കമ്മിറ്റികളെടുത്ത തീരുമാനങ്ങൾ പദ്ധതികളായി നടപ്പാക്കാൻ പോവുകയാണ് സർക്കാർ.

തിരിച്ചു വരുന്ന പ്രവാസികൾക്ക് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ് പദ്ധതി വിപുലപ്പെടുത്താൻ തീരുമാനിച്ചു. ഇതുപ്രകാരം 15 ശതമാനം സബ്സിഡിയിൽ 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഒപ്പം വായ്പാ ഗഡുക്കൾ മുടക്കാത്തവർക്ക്  ആദ്യത്തെ നാലുവർഷത്തെ പലിശയിൽ മൂന്ന് ശതമാനം റിബേറ്റും നൽകും. വിദേശ രാജ്യങ്ങളിൽനിന്ന് അസുഖ ബാധിതരെയും മൃതദേഹങ്ങളും കൊണ്ടുവരുമ്പോൾ നാട്ടിലെ എയർപോർട്ടിൽനിന്ന് അവരുടെ വീടുകളിലേക്കോ, ആശുപത്രികളിലേക്കോ എത്തിക്കാൻ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തണമെന്ന പ്രവാസികളുടെ ദീർഘകാല ആവശ്യത്തിനും പരിഹാരമായി.50 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. പ്രവാസികളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ പ്രവാസി ഡാറ്റാബേസ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top