Top
23
Thursday, November 2017
About UsE-Paper

ദാദ്രി കൊലയില്‍ പ്രതിഷേധിച്ച് അവാര്‍ഡ് ഉപേക്ഷിച്ച കൃഷ്ണ സോ‌ബ്തി എന്നും വര്‍ഗീയതക്കെതിരെ നിന്ന എഴുത്തുകാരി

Friday Nov 3, 2017
വെബ് ഡെസ്‌ക്‌
അസഹിഷ്ണുതയ്ക്കെതിരെ കഴിഞ്ഞ നവംബറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ കൃഷ്ണ സോബ്തി

കൊച്ചി> വെറുപ്പിന്റെ രാഷ്ട്രീയം വിതയ്ക്കുന്ന ബിജെപിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ നിലപാടെടുത്ത എഴുത്തുകാരിയാണ് വെള്ളിയാഴ്ച ജ്ഞാനപീഠം അവാര്‍ഡിന് അര്‍ഹയായ കൃഷ്ണ സോബ്‌തി.

ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുഹമ്മദ്‌ അത്‌ലാഖിനെ കൊലപ്പെടുത്തിയതിലും കന്നടത്തില്‍ നിന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ എം എം കലബുര്‍ഗിയെ വധിച്ചതിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങള്‍ തിരികെ നല്‍കിയവരില്‍ ഇവരുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിനൊപ്പമാണ് കൃഷ്ണ സോബ്‌തി അവാര്‍ഡ് തിരസ്ക്കാരം പ്രഖ്യാപിച്ചത്.അക്കാദമിയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഫെലോഷിപ്പും  ലഭിച്ചിട്ടുള്ള അവര്‍ അവാര്‍ഡും ഫെല്ലോഷിപ്പും തിരികെ നല്‍കി. ആ ദിവസങ്ങളില്‍ തന്നെയാണ് അക്കാദമിയുടെ എല്ലാ ഭാരവാഹിത്തങ്ങളും കവി സച്ചിദാനന്ദന്‍ രാജിവെച്ചതും. അങ്ങനെ കൂട്ടായ പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ തൊണ്ണൂറാം വയസ്സിലും ധീരമായി മുന്നില്‍ നിന്നു.

മറ്റൊരു ബാബറിയും മറ്റൊരു ദാദ്രിയും ഇനി ഇന്ത്യക്ക് താങ്ങാനാവില്ല .അതുകൊണ്ടാണ് തന്റെ പ്രതിഷേധമെന്ന്‍ കൃഷ്ണ സോബ്‌തി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു.

ഹിന്ദി എഴുത്തുകാര്‍ക്കെതിരെ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് നടത്തിയ പരാമര്‍ശത്തിലും അവര്‍ പരസ്യമായി പ്രതിഷേധിച്ചു. മദ്യപാനികളായ എഴുത്തുകാരെ ക്ഷണിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. അതുകൊണ്ടാണ് വിശ്വ ഹിന്ദി സമ്മേളനത്തിനു പല ഹിന്ദി എഴുത്തുകാരെയും ക്ഷണിയ്ക്കാത്തതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. " ആദ്യം എഴുത്തുകാരെ മദ്യപാനികള്‍ എന്ന് വിളിച്ചു. ഇപ്പൊ ഒരു എഴുത്തുകാര(കലബുര്‍ഗി) നെ കൊന്നു. ബുദ്ധിജീവികളെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവര്‍ക്കെതിരെ നമ്മള്‍ ഒന്നും  പറയരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിയ്ക്കുന്നത്'' കൃഷ്ണ സോബ്‌തി പ്രതികരിച്ചു.

2010ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പത്മ ഭൂഷന്‍ പ്രഖ്യാപിച്ചപ്പോള്‍ അതും അവര്‍ നിരസിച്ചിരുന്നു.