21 September Friday

‘നന്ദി ഇവർക്ക‌്...’

സ്വന്തം ലേഖികUpdated: Tuesday Jun 12, 2018



കോഴിക്കോട‌്
ജീവന്റെ തുടിപ്പറിയുന്ന ഡോക്ടർമാർ, രോഗികളെ സ‌്നേഹംകൊണ്ട‌് പരിചരിച്ച നേഴ‌്സുമാർ, മരണ വൈറസിനെ തൂത്തെറിയാൻ സഹായിച്ച ശുചീകരണ ജീവനക്കാർ, മൃതദേഹം അതതിടങ്ങളിൽ എത്തിച്ച ആംബുലൻസ‌് ഡ്രൈവർമാർ... നന്ദി പറയേണ്ടത്‌ ഇവരോടെല്ലാമാണ‌്. നിപാ വൈറസ‌് ഭീതിവിതച്ച ജില്ലയിൽ ഉൗണും ഉറക്കവുമില്ലാതെ പൊരുതിയാണ‌് അവർ വിജയം നേടിയത‌്.

‘ഇത‌് ശരിക്കുമൊരു യുദ്ധമായിരുന്നു. അതിൽ സർക്കാരും കുടുംബവും കൂട്ടുകാരും കൂടെനിന്നു’. മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ചെസ‌്റ്റ‌് ഹോസ‌്പിറ്റലിൽ നിപാ രോഗിയെ പരിചരിച്ച സിസ്‌റ്റർ മോനിതയുടെ വാക്കുകൾ മതി ആരോഗ്യരംഗത്തിന്റെ പ്രവർത്തനങ്ങൾ വായിച്ചെടുക്കാൻ. മന്ത്രി കെ കെ ശൈലജ മുന്നിൽനിന്ന‌് നയിച്ചപ്പോൾ അതിന‌് പിന്തുണയേകി സ്വജീവൻപോലും മറന്ന‌് ഇവർ നിപായോട‌് പൊരുതി. 

കേട്ടുകേൾവി മാത്രമായിരുന്ന നിപാ വൈറസിനെ തുരത്താൻ അടിത്തട്ടുമുതലുള്ള പ്രവർത്തനമാണ‌് മെഡിക്കൽ കോളേജിൽ നടത്തിയത‌്. ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയത‌ുവരെ ഇതിൽ ഉൾപ്പെടും. മെഡിക്കൽ കോളേജ‌് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രനും സൂപ്രണ്ട‌് ഡോ. കെ ജി സജീത‌്കുമാറും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പരാതികൾ ഒന്നുംതന്നെയില്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. യുദ്ധസമാനമായ എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മെഡിക്കൽ കോളേജ‌് ആശുപത്രിയെ സജ്ജമാക്കി. 24 മണിക്കൂറും ഡോക്ടർമാർ സേവന സന്നദ്ധതയോടെ കാത്തുനിന്നു. ആ പരിശ്രമത്തിന‌് ഫലമുണ്ടായി. വൈറസ‌് ബാധയേറ്റ രണ്ടു ജീവനുകൾ മരണത്തിനു നൽകാതെ തിരികെയെടുത്തു. 

നിപാ രോഗികളെ ശുശ്രൂഷിക്കുന്ന ഐസൊലേഷൻ വാർഡിൽ രണ്ടാഴ‌്ചയോളം പൊരുതിയത‌് നൂറോളം നേഴ‌്സുമാരാണ‌്. മോനിതയും റൂബിയും ദിവ്യയും അനൂപും സജ‌്നയുമെല്ലാം പട്ടികയിൽ ചിലരാണ‌്. അവർ മനുഷ്യത്വത്തിന്റെ പ്രതിരൂപങ്ങളായി. നിപാ രോഗികളെ അടുത്തറിഞ്ഞ‌്, അവരെ ചേർത്തുനിർത്തി മരുന്നും ഭക്ഷണവും നൽകി. കൂട്ടിരിപ്പുകാർക്ക‌് മനക്കരുത്തേകിയും അവർ ആതുര സേവനം ഒരിക്കൽകൂടി കാണിച്ചുതന്നു.
നിപാ വൈറസ‌് തുടച്ചുനീക്കുന്നതിനും വൈറസ‌് പടരാതെ തടയുന്നതിനും ശുചീകരണ ജീവനക്കാരുടെ പങ്കും ചെറുതല്ല. ജീവൻപോലും മറന്ന‌് ദിവസവും ആറ‌് മണിക്കൂറാണ‌് അവർ ഐസൊലേഷൻ വാർഡുകളിൽ തൊഴിലെടുത്തത‌്. രോഗികളുടെ ചികിത്സാമാലിന്യങ്ങൾ അടക്കമുള്ളവ വെവ്വേറെ ശേഖരിച്ച‌് സംസ‌്കരിച്ചു. ഐസൊലേഷൻ വാർഡുകൾ രണ്ടുമണിക്കൂർ ഇടവിട്ട‌് ശുചിയാക്കി. കഴിഞ്ഞ രണ്ടാഴ‌്ചയിലധികമായി വീട്ടിൽപോലും പോകാതെ നിപാ രോഗികൾക്കായി ജീവിതം മാറ്റിവച്ചവരുമുണ്ടായി അതിൽ.

ഗവ. മെഡിക്കൽ കോളേജിലെ 181 ശുചീകരണ തൊഴിലാളികളിൽ 30 പേർക്കായിരുന്നു നിപാ വാർഡിന്റെയും പനി വാർഡിന്റെയും ചുമതല. ചെസ‌്റ്റ‌് ആശുപത്രിയിലെ മുഴുവൻ ശുചീകരണ തൊഴിലാളികളും ഇതിൽ പങ്കാളികളായി. നിപാ രോഗികളെ പരിചരിക്കാനും ശുചീകരിക്കാനും പ്രത്യേക ക്ലാസുകൾ നൽകി മെഡിക്കൽ കോളേജ‌് ഇൻഫെക്ഷൻ യൂണിന്റെ പിന്തുണയും ഉണ്ടായിരുന്നു. 700 ഓളം പേർക്ക‌ാണ‌് പരിശീലനം നൽകിയത‌്.

പ്രധാന വാർത്തകൾ
Top