19 October Friday
ഒച്ച്, കക്ക വര്‍ഗക്കാരും ആമയുമൊക്കെ സ്വന്തം കൂട് ശരീരത്തോട് ബന്ധിപ്പിക്കപ്പെട്ട നിലയില്‍ പരിണമിച്ചുണ്ടായി അതും പേറി നടക്കുന്നവരാണ്.

കൂട്ടിലൊളിച്ചുള്ള നിശാശലഭ ജീവിതം

Updated: Saturday Oct 14, 2017

ഒച്ച്, കക്ക വര്‍ഗക്കാരും ആമയുമൊക്കെ സ്വന്തം കൂട് ശരീരത്തോട് ബന്ധിപ്പിക്കപ്പെട്ട നിലയില്‍ പരിണമിച്ചുണ്ടായി അതും പേറി നടക്കുന്നവരാണ്. കൂടില്‍നിന്ന് ഇറങ്ങി ഉലാത്താം എന്ന് കരുതിയാലൊന്നും രക്ഷയില്ല. ശരീരത്തില്‍നിന്ന് സ്വയം ഊരിമാറ്റാന്‍ പറ്റാത്ത ഉറപ്പുള്ള കൂടാണ് കൂടെയുള്ളത്. പക്ഷേ സൈക്കിഡേ (Psychidae) കുടുംബത്തില്‍പെട്ട  'ബാഗ് മോത്ത്' നിശാശലഭ ലാര്‍വകള്‍ മണല്‍ത്തരികളും രോമവും നൂലും ഒക്കെചേര്‍ത്ത് സ്വയം നിര്‍മിച്ച സഞ്ചിക്കൂടുകളുമായി ജീവിതഘട്ടങ്ങള്‍  ജീവിച്ച് തീര്‍ക്കുന്നവരാണ്. കൂടും കുടുക്കയുമായി ഒരിടത്തുനിന്ന് മറ്റൊരിടത്തിലേക്ക് സഞ്ചരിച്ചും  ഒളിച്ചിരുന്ന് ഇരപിടിയന്മാരില്‍നിന്ന് രക്ഷപ്പെട്ടും സ്വയം ഇരതേടിയും ഒക്കെയുള്ള അത്ഭുതജീവിതം. കുഞ്ഞ് ചെടിത്തണ്ടുകള്‍ നീളമൊപ്പിച്ച് മുറിച്ച് കുഴല്‍രൂപത്തില്‍ കൂട്ടിയൊട്ടിച്ച് ഒരു ചെറിയ വിറകുകെട്ടുപോലെ മനോഹരമായ കൂടുണ്ടാക്കി അതുമായി സഞ്ചരിക്കുന്ന കൂട്ടരുണ്ട്, മുറിച്ച കമ്പുകള്‍ ഒന്നിനുമേല്‍ ഒന്നായി ചതുരത്തില്‍ ഒട്ടിച്ച്ചേര്‍ത്ത് ഗോപുരംപോലെ ഡിസൈനര്‍ കൂട് ഉണ്ടാക്കുന്നവരുണ്ട്. കോണ്‍ഐസിന്‍റെ രൂപത്തില്‍ കൂര്‍ത്ത ഫണല്‍ കൂടുകള്‍ ഉണ്ടാക്കുന്നവരും മണലും മുടിയും നാരുകളും അഴുക്കുകളും എന്നുവേണ്ട ലഭ്യമായ സാധനങ്ങള്‍ എന്തും ഉപയോഗിച്ച് വീട് ഡിസൈന്‍ ചെയ്യുന്ന ഉഗ്രന്‍ ആര്‍ക്കിടെക്ടുകളുമൊക്കെ  ഇവരുടെ കൂട്ടത്തിലുണ്ട്. 


ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ ആര്‍ത്രോപോഡയിലെ ഇന്‍സെക്റ്റ എന്ന വിഭാഗത്തില്‍ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങളും നിശാശലഭങ്ങളും(Moth) ഉള്‍പ്പെടുന്നത്. ചിത്രശലഭങ്ങളുടെ സ്പര്‍ശിനികള്‍ നീണ്ട്  അഗ്രം ഗദപോലെ വീര്‍ത്താണ് ഉണ്ടാവുക. നിശാശലഭങ്ങളുടെ സ്പര്‍ശനികള്‍ തൂവല്‍പോലെ നിറയെ രോമങ്ങള്‍ നിറഞ്ഞ രൂപത്തിലായിരിക്കും. ചിറകുകള്‍ പരത്തിവെച്ച് വിശ്രമിക്കുന്ന ശീലവും ഇവയ്ക്ക് ഉണ്ടാവും. സന്ധ്യാസമയത്ത് വൈദ്യുത വെളിച്ചത്തിനടുത്ത് ചുമരുകളില്‍ ഇവ വന്നിരിക്കുന്നത് കാണാം. പൊതുവെ രാത്രിസഞ്ചാരികളാണെങ്കിലും പകലും പറന്നുകളിക്കുന്ന മനോഹര രൂപികളായ ചില നിശാശലഭങ്ങളെ നമ്മള്‍ പൂമ്പാറ്റകളായി തെറ്റിദ്ധരിക്കാറുണ്ട്. അറ്റ്ലസ് മോത്ത് എന്ന സര്‍പ്പശലഭം, വെങ്കണ നീലി തുടങ്ങിയവ ഉദാഹരണം. ചൊറിയന്‍ കമ്പിളിപ്പുഴുക്കളായി നമ്മള്‍ ഭയത്തോടും അറപ്പോടും പറയുന്ന പല പുഴുക്കളും ഇവയുടെ ലാര്‍വകളാണ്.


Psychidae കുടുംബക്കാരായ കൂടുണ്ടാക്കി നടക്കുന്ന നിശാശലഭങ്ങള്‍ക്ക് Case moths, bag moths, bagworms, bagworm moths എന്നിങ്ങനെ പല പേരുകളുണ്ട്. ലോകത്താകമാനം 1,60,000 നിശാശലഭ ഇനങ്ങളുണ്ടെങ്കിലും ആകെ 1350 ഇനം സഞ്ചിക്കൂട് നിശാശലഭ ഇനങ്ങളെമാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇവയുടെ ജീവിതകാലത്തില്‍ വലിയപങ്കും മുട്ടവിരിഞ്ഞിറങ്ങിയ കാറ്റര്‍പില്ലറായും പ്യൂപ്പാവസ്ഥയിലുമാണ് ജീവിച്ചു തീര്‍ക്കുക. ചില സ്പീഷിസുകളില്‍  രണ്ടുവര്‍ഷംവരെ നീളും ഈ കാലം. ഒരിക്കലുണ്ടാക്കിയ കൂടില്‍നിന്ന് പുഴുക്കള്‍ ഒരിക്കലും പുറത്തിറങ്ങുന്നില്ല. കൂടിന് മുകളിലും താഴെയും ദ്വാരമുണ്ട്. മുന്നിലെ മൂന്നുജോഡി കാലുകള്‍ ഉപയോഗിച്ച് ശരീരത്തിന്‍റെ മുന്‍ഭാഗം മുകളിലെ ദ്വാരത്തിലൂടെ പുറത്തേക്ക് നീട്ടി കൂടും വലിച്ച് കുറേശ്ശെ നീങ്ങാന്‍ പറ്റും. അപകടസൂചനകിട്ടിയാല്‍ തലവലിച്ച് കൂടിനുള്ളിലാക്കി അനങ്ങാതെ നിന്നോളും. തീറ്റതേടുന്നതും ഇങ്ങനെ തന്നെ. പിറകിലെ കുഞ്ഞ് ദ്വാരത്തിലൂടെ വിസര്‍ജ്യങ്ങള്‍ പുറത്തേക്ക് തെറിപ്പിച്ച് കളയും. ഒരുവിധം എല്ലായിനം ബാഗ്മോത്തുകളും സസ്യഭാഗങ്ങള്‍ തിന്നാണ് വളരുന്നത്. കല്‍പ്പായലുകളും മറ്റും തിന്നുന്നവരുമുണ്ട്. ചിലവ ഉറുമ്പുകൂടുകളില്‍ താമസിക്കും. അവിടുത്തെ അഴുക്കുകള്‍തിന്ന് വൃത്തിയാക്കിക്കൊടുക്കും. നിശാശലഭപ്പുഴുക്കള്‍ വളര്‍ച്ചമുറ്റി മൂപ്പെത്തിയാല്‍ പിന്നെ കൊണ്ടുനടക്കുന്ന കൂട് എവിടെയെങ്കിലും  ഉറപ്പിച്ച് നിര്‍ത്തും. പാറക്കെട്ടിലോ  ചുമരിലോ മരച്ചില്ലകളിലോ തടിയിലോ ഒക്കെ ഈ കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത് സൂക്ഷിച്ച് നോക്കിയാലേ കണ്ടുപിടിക്കാനാവൂ. ശത്രക്കളുടെ കണ്ണില്‍ പെടാത്തവിധത്തില്‍ ചുറ്റുപാടുകളില്‍നിന്ന് ഒറ്റനോട്ടത്തില്‍ കണ്ടെത്താനാവാത്ത 'കമോഫ്ലാഷിന്' പറ്റുംവിധമുള്ള രൂപവും ഘടനയും ഒക്കെയാണ് കൂടുകള്‍ക്ക് ഉണ്ടാവുക. സ്വയം നിര്‍മിക്കുന്ന സില്‍ക്ക് നൂല്‍ ഉപയോഗിച്ചാണ് കൂട് ഒട്ടിച്ച് ഉറപ്പിച്ച് നിര്‍ത്തുക. അതിനു ശേഷമാണ് ശലഭമാകാനായുള്ള പ്യൂപ്പാവസ്ഥ സമാധി. ആദ്യം കൂടിന്‍റെ മുന്നിലെ ദ്വാരം അടയ്ക്കും. തല താഴ്ഭാഗത്തേക്ക് വരുംവിധം തിരിഞ്ഞ് കിടക്കും. നൂലുകള്‍കൊണ്ട് ശരീരത്തിനു ചുറ്റും ഒരു കൊക്കൂണ്‍ ഉണ്ടാക്കി കൂടിനുള്ളില്‍ നിശാശലഭമായിമാറാനുള്ള സുഷുപ്തി ആരംഭിക്കും. 

പ്യൂപ്പയില്‍നിന്ന് വിരിഞ്ഞ് പുറത്തിറങ്ങുന്ന സഞ്ചി നിശാശലഭങ്ങളില്‍ ആണിനങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടാകും. അവ താഴ്ഭാഗത്തെ ദ്വാരംവഴി പുറത്തിറങ്ങി പറന്നുപോകും. ഭൂരിപക്ഷം ബാഗ്മോത്ത് ഇനങ്ങളിലെ പെണ്‍ നിശാശലഭങ്ങള്‍ക്കും ചിറകുകള്‍ ഉണ്ടാവില്ല. പറക്കാന്‍ കഴിവില്ലാത്ത ഇവ പഴയ കൂടിനുള്ളില്‍തന്നെ ജീവിതം തുടരും. ഒരിക്കല്‍പോലും പുറത്തിറങ്ങാത്ത അടഞ്ഞ ജീവിതം. ആണ്‍ നിശാശലഭങ്ങള്‍ക്ക് വദനഭാഗങ്ങളൊന്നും കാര്യമായി വികസിച്ചിട്ടുണ്ടാവില്ല. അതിനാല്‍ ഒന്നും തിന്നാന്‍ പറ്റില്ല. ഇണചേരാനുള്ള സമയംവരെ പറക്കാനുള്ള ഊര്‍ജവും ആയുസ്സുമേ ഉണ്ടാകൂ. കൂടുമായി ജീവിക്കുന്ന പെണ്‍ നിശാശലഭങ്ങള്‍ പുറപ്പെടുവിക്കുന്ന ഫിറമോണുകള്‍ ഗ്രഹിച്ച് ഇവ പറന്നെത്തും. പെണ്‍ നിശാശലഭത്തെ കാണുകയൊന്നുമില്ല കൂടിന്‍റെ കീഴ്ഭാഗത്തെ ദ്വാരത്തിലൂടെ തന്‍റെ ശരീര ഉദരഭാഗത്തെ ടെലിസ്കോപ്പിക്ക് സംവിധാനമാക്കി നൂഴ്ത്തിക്കടത്തി ഇണചേരും. സങ്കലനം നടന്ന പെണ്‍ശലഭങ്ങള്‍ ആയിരത്തോളം മുട്ടകള്‍ പേറും. Oiketicus kirbyi- പോലുള്ള ഇനങ്ങള്‍ 13,000 മുട്ടവരെ ഇടും. ചിലയിനങ്ങള്‍ കൂടിനുള്ളില്‍ മുട്ടയിട്ടശേഷം താഴ്ഭാഗം വഴി ചത്തുവീഴും. ചിലവ  ശരീരത്തിനുള്ളിലെ മുട്ടകളോടെ മരിച്ച് കൂടിനുള്ളില്‍ തന്നെകിടക്കും. ശവശരീരത്തില്‍നിന്ന് മുട്ടകള്‍ വിരിഞ്ഞ് പുഴുക്കള്‍ പുറത്തുവരും. അവ സില്‍ക്ക് നൂലില്‍ നൂഴ്ന്ന് താഴ്ഭാഗത്തെ ദ്വാരംവഴി പുറത്തിറങ്ങും. സ്പീഷിസുകള്‍ക്കനുസരിച്ച് ചുറ്റുംനിന്ന് ലഭിക്കുന്ന സാധനങ്ങള്‍ തട്ടിക്കൂട്ടി തുന്നി ഒട്ടിച്ച് ഒപ്പിച്ച് സുരക്ഷിതമായ കിടിലന്‍ കൂട് ഉണ്ടാക്കലാണ് അടുത്ത പണി. ഈ കൂട് കൊത്തിപ്പൊട്ടിച്ച് അകത്തെ ആളെ തിന്നാന്‍ പക്ഷികളും മറ്റ് ഇരപിടിയന്മാരും നന്നായി കഷ്ടപ്പെടും എന്നവര്‍ക്ക് അറിയാം. അങ്ങനെ ജീവിതചക്രം തുടരുകയായി.


ഉണങ്ങിയ കുമ്പളക്കുരുവിന്‍റെ കോലത്തില്‍ നടുഭാഗം വീര്‍ത്തും അഗ്രങ്ങള്‍ കൂര്‍ത്തും ഒരു പരന്ന 'സാധനം' വെള്ളപൂശിയ പഴയ ചുമരിനുമേല്‍ പറ്റിനില്‍ക്കുന്നത് ചിലപ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. നോക്കിനില്‍ക്കെ  അത് പതുക്കെ ഉരഞ്ഞ് നീങ്ങുന്നതു കാണുമ്പോഴാണ് 'സംഭവം' ഒരു ജീവിയാണല്ലോ എന്ന് ചിന്തിച്ചുതുടങ്ങുക. Tineidae വിഭാഗത്തില്‍പെട്ട 'ക്ലോത്ത് മോത്ത്' നിശാശലഭത്തിന്‍റെ ലാര്‍വക്കൂടുകളാണത്. casebearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യനിര്‍മിതികളായ വസ്ത്രങ്ങളിലും രോമക്കമ്പിളികളിലും കാര്‍പ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിന്‍ തിന്നാണ് ജീവിക്കുന്നത്. നാരും രോമവും മണലും ഒക്കെ ചേര്‍ത്താണ് ഈ കൂട് ഉണ്ടാക്കുന്നത്. തുണികളും മറ്റും നശിപ്പിക്കുന്ന വീട് ശല്യക്കാരാണ് ഇവര്‍. സാധുക്കളും നിരുപദ്രവകാരികളുമായി തോന്നുന്ന ഈ ചങ്ങാതികള്‍ക്ക് ചിലന്തിവലയും സിന്തറ്റിക്ക് നാരുകളുമടക്കം വീട്ടിലെ പലതും ദഹിപ്പിക്കാനുള്ള പവറുണ്ട്. തുണികളും തിരശ്ശീലകളും കാര്‍പെറ്റുകളും താറുമാറാക്കുന്ന മാടമ്പള്ളിയിലെ യഥാര്‍ത്ഥ കുഴപ്പക്കാര്‍ ഇവരാണെന്ന് ആരും അറിയുന്നില്ല എന്ന് മാത്രം.

പ്രധാന വാർത്തകൾ
Top