21 October Sunday

തടയാനാകില്ല; സാലറി ചലഞ്ച‌് വിജയത്തിലേക്ക‌്, 85 ശതമാനത്തിലേറെ ജീവനക്കാര്‍ പങ്കാളികളാകും

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

തിരുവനന്തപുരം > കേരളത്തെ പുനർനിർമിക്കാൻ ഒരുമാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ‘സാലറി ചലഞ്ച‌്’ ആയി ഏറ്റെടുത്ത‌് കേരളം. ജീവനക്കാർ ഏറ്റെടുത്ത ഈ മഹായജ്ഞം വൻവിജയത്തിലേക്കു നീങ്ങുകയാണ‌്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളം നൽകാനുള്ള സന്നദ്ധത അറിയിക്കാൻ ശനിയാഴ‌്ചവരെ സമയമുണ്ട‌്. അതിനുശേഷമേ കൃത്യമായ കണക്കുകൾ ലഭിക്കൂ. എങ്കിലും ലഭ്യമായ വിവരങ്ങൾ അനുസരിച്ച‌് 85 ശതമാനത്തിലേറെ ജീവനക്കാർ പങ്കാളികളാകും. സെക്രട്ടറിയറ്റിൽ നിന്നുള്ള കണക്കുകൾ ഇതാണ‌് സൂചിപ്പിക്കുന്നത‌്.  4700 ജീവനക്കാരാണ‌് സെക്രട്ടറിയറ്റിലുള്ളത‌്. 228 ജീവനക്കാർ മാത്രമാണ‌് വിസമ്മതപത്രം നൽകിയത‌്. പൊതുഭരണവകുപ്പിൽ 150, ധനവകുപ്പിൽ 70, നിയമവകുപ്പിൽ എട്ടുപേർ﹣ എന്നിങ്ങനെയാണ‌് വിസമ്മതിച്ചവർ.

കോൺഗ്രസ‌് നിയന്ത്രണത്തിലുള്ള സംഘടന ശക്തമായ സാന്നിധ്യം അവകാശപ്പെടുന്ന സെക്രട്ടറിയറ്റിൽപോലും ഭൂരിഭാഗം ജീവനക്കാരും  സാലറി ചലഞ്ച‌് ഏറ്റെടുത്തു. 40 ശതമാനം ജീവനക്കാർ ശമ്പളം നൽകില്ലെന്നാണ‌് എൻജിഒ അസോസിയേഷൻ അവകാശപ്പെട്ടത‌്. പക്ഷേ കേരളത്തെ കൈപിടിച്ചുയർത്തുന്നതിൽപോലും രാഷ്ട്രീയം കലർത്തിയ കോൺഗ്രസിനെ അണികൾപോലും കൈവിട്ടുവെന്ന‌് കണക്കുകൾ തെളിയിക്കുന്നു.

40,000 കോടിയിലേറെ നഷ്ടമുണ്ടായതായാണ‌് പ്രാഥമിക കണക്ക‌്. എങ്കിലും പ്രളയക്കെടുതിക്കിടയിലും സർക്കാർ ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യമോ തടഞ്ഞുവച്ചിട്ടില്ല. സെപ‌്തംബറിലെ ശമ്പളം ആഗസ‌്ത‌് 17 നുതന്നെ നൽകിയിരുന്നു. പതിനായിരം കോടിയോളം രൂപ റവന്യൂ വരുമാനത്തിലൂടെ കണ്ടെത്താനാണ‌് തീരുമാനം. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയിലൂടെ 3800 കോടിയും. 5.34 ലക്ഷം ജീവനക്കാരാണ‌് സർക്കാർ സർവീസിൽ ജോലിചെയ്യുന്നത‌്. പെൻഷൻകാരാകട്ടെ അഞ്ചര ലക്ഷത്തോളവും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പുനനിർമാണത്തിന‌് ഭാഗഭാക്കാകുക ജീവനക്കാരുടെ ധാർമികബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണ‌്.

ഇതര സംസ്ഥാനങ്ങളിലെ ജീവനക്കാർപോലും കേരളത്തെ കൈയയച്ചു സഹായിച്ചിട്ടുണ്ട‌്. ആന്ധ്രപ്രദേശ‌് നൽകിയ 35 കോടിയിൽ ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പള‌മുണ്ട‌്. തെലങ്കാന (25 കോടി), ഡൽഹി (10), തമിഴ‌്നാട‌് (5), ജമ്മു കശ‌്മീർ (13) എന്നീ സംസ്ഥാനങ്ങളിലെ ജീവനക്കാരും ഒരുദിവസത്തെ വേതനം കേരളത്തിന‌് നൽകി. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ധാരാളം ജീവനക്കാർ ഒരുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക‌്  നൽകി.

വ്യോമ, നാവികസേനാ ഉദ്യോഗസ്ഥർ, ഹരിയാന, ഉത്തർപ്രദേശ‌് പൊലീസ‌് ഉദ്യോഗസ്ഥർ, ഒഡിഷയിലെ ഐഎഎസ‌്, ഐപിഎസ‌് ഓഫീസർമാർ, ഇൻകംടാക‌്സ‌്, എൽഐസി എന്നിവിടങ്ങളിലെ ജീവനക്കാർക്കുപുറമെ  ജാമിഅ മിലിയ സർവകലാശാലാ അധ്യാപകരും ഒരുദിവസത്തെ ശമ്പളം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top