24 September Monday

99ൽ ഗാന്ധിജി നയിച്ചു; കേരളം ഇതേ വഴിയിൽ നടന്നു

ലെനി ജോസഫ‌്Updated: Friday Sep 14, 2018

ആലപ്പുഴ
പ്രളയത്തിൽ എല്ലാം നഷ‌്ടപ്പെട്ടു ജീവിതത്തിനുമുമ്പിൽ പകച്ചുനിൽക്കുന്നവരെ  സഹായിക്കാൻ ഇന്നു കേരളം ചെയ‌്തത‌് മഹാത്മാഗാന്ധിയുടെ കൂടി പങ്കാളിത്തത്തിൽ  മലയാളികൾ 99ലെ വെള്ളപ്പൊക്ക കാലത്തും ചെയ‌്തു. കേരളത്തെ തകർത്തെറിഞ്ഞ 99ലെ (1924)  വെള്ളപ്പൊക്കത്തിൽ  ആയിരങ്ങൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾ ഭവനരഹിതരാകുകയും ചെയ‌്തപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക‌് പണം കണ്ടെത്താൻ ആഹ്വാനം ചെയ‌്ത‌് ഗാന്ധിജിനേരിട്ട‌് രംഗത്തുവരികയായിരുന്നു.

അദ്ദേഹത്തിന്റെ ആഹ്വാനം ശിരസാവഹിച്ച‌് ജനങ്ങൾ ഒറ്റക്കെട്ടായി ദുരിതബാധിതരെ സഹായിക്കാൻ തയ്യാറായി. ഒരുനേരത്തെ ഭക്ഷണമോ പാലോ ഉപേക്ഷിച്ച‌്  ജനങ്ങൾ ദുരിതബാധിതരെ സഹായിക്കാനുള്ള പണം കണ്ടെത്തി.   മലബാറിലെ ( കേരളം ) ദുരിതബാധിതരെ സഹായിക്കാൻ  ദുരിതാശ്വാസ നിധിയിലേക്ക‌് പണം നൽകാൻ  ആഹ്വാനം ചെയ‌്ത‌് ഗാന്ധിജി നിരവധി ലേഖനങ്ങൾ ‘ നവജീവനി’ലും ’യങ‌് ഇന്ത്യ’യിലും എഴുതി. ‘അവിശ്വസനീയമായ ദുരിത’മെന്നാണ‌്  മഹാത്മാഗാന്ധി  അന്നത്തെ മലയാളികളുടെ അവസ്ഥയെ വിശേഷിപ്പിച്ചത‌്.

ചില കോൺഗ്രസ‌് പ്രവർത്തകരിൽ നിന്നാണ‌് അദ്ദേഹം അന്നത്തെ കേരളത്തിലെ സാഹചര്യം മനസിലാക്കിയത‌്.  പെട്ടെന്നു തന്നെ അദ്ദേഹം ദുരിതബാധിതരെ സഹായിക്കാൻ പണം സമാഹരിക്കാനുള്ള നടപടികളെപ്പറ്റി ആരായുകയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന‌് സഹായം എത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ‌്തു.

ദുരിതബാധിതർക്കു പണം കണ്ടെത്താൻ മൂന്നു പൈസ മോഷ്ടിച്ച പെൺകുട്ടിയെപ്പറ്റി ഗാന്ധിജി തന്നെ ‘നവജീവനി’ൽ എഴുതി.  പണം കണ്ടെത്താൻ സ‌്ത്രീകൾ തങ്ങളുടെ ആഭരണം വിറ്റു. കുടുംബങ്ങൾ തങ്ങളുടെ സമ്പാദ്യം വേണ്ടെന്നു വച്ചു.

‘  ഒരു പെൺകുട്ടി  തന്റെ കാലിലെ ആഭരണങ്ങൾ നൽകാമെന്നു സ്വമേധയാ സമ്മതിച്ചു. ഒരു ചെറുപ്പക്കാരൻ കോട്ടിലെ സ്വർണ്ണ കഫ്ലിങ്ങുകൾ നൽകി.  6994 രൂപ 13 അണ മൂന്നു പൈസ ഇതുവരെ പണമായി കിട്ടി’﹣ ഗാന്ധിജി ലേഖനത്തിൽ പറഞ്ഞു. 540 പൗണ്ടോളം അന്നു സമാഹരിച്ചു. 1924ൽ ഒരു പൗണ്ട‌് 13 രൂപയായിരുന്നു.  ഇത‌് ഇന്നത്തെ 27.75 ലക്ഷം രൂപ വരും.  ‘  ജനങ്ങളുടെ ഹൃദയത്തിൽ അനുകമ്പയുണ്ടെന്ന‌് ഒരു തവണയല്ല, പലതവണം തെളിയിക്കപ്പെട്ടിരിക്കുന്നു’﹣ തന്റെ ആഹ്വാനം  ഏറ്റെടുത്ത ജനങ്ങളുടെ ഹൃദയവിശാലതയിൽ ആഹ്ലാദചിത്തനായി ഗാന്ധിജി എഴുതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top