21 April Saturday

"കനിവിന്‍ കടല്‍" സിപിഐ എമ്മിന്റെ ഭവന പദ്ധതിക്ക് തുടക്കമായി; അശരണരായ 29 പേര്‍ക്ക് വീടൊരുങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017

എറണാകുളം ഏരിയ കമ്മിറ്റി അനന്തപുരം കോളനിയില്‍ ദേവരാജന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ പി രാജീവ്, കെ ജെ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

കൊച്ചി > ആസിയയുടെ വര്‍ഷങ്ങള്‍നീണ്ട സ്വപ്നങ്ങള്‍ക്കാണ് വ്യാഴാഴ്ച തറക്കല്ലിന്റെ രൂപമായത്. ഇതില്‍നിന്ന് കെട്ടിപ്പൊക്കുന്ന ഓരോ കല്ലും തന്റെ കാത്തിരിപ്പിനും കണ്ണുനീരിനും കാലം കരുതിവച്ച പ്രതിഫലമാണെന്ന് ആസിയ പറയാതെ പറയുന്നു. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ആസിയ ഒരുപാട് ബുദ്ധിമുട്ടി. മൂത്ത മകളെ വിവാഹം കഴിപ്പിച്ചയച്ചെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ച് ഇപ്പോള്‍ ആസിയയുടെ കൂടെയുണ്ട്. രണ്ടാമത്തെ മകള്‍ സുഖമില്ലാത്തവള്‍. മൂന്നാമത്തവള്‍ വിദ്യാര്‍ഥി. സ്വന്തമായി വീടില്ലാത്ത ഈ കുടുംബം  നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായംകൊണ്ട് വാടകവീട്ടിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വീട് നിര്‍മിച്ചുനല്‍കണമെന്ന നിര്‍ദേശം വന്നപ്പോള്‍ കോലഞ്ചേരി ഏരിയ കമ്മിറ്റിക്ക് ആര്‍ക്ക് വീടു നിര്‍മിക്കണമെന്നതിന് ഏറെ തലപുകയ്ക്കേണ്ടിവന്നില്ല. ചേലക്കുളം പുത്തന്‍പുര വീട്ടില്‍ ആസിയക്ക് തലചായ്ക്കാന്‍ ഇടമൊരുക്കുകയാണ് പാര്‍ടി. ജില്ലയില്‍ ആസിയയെപ്പോലെ ആശ്രയമില്ലാത്തതും അശരണരുമായ 29 പേര്‍ക്കാണ് വീടൊരുങ്ങുന്നത്. വ്യാഴാഴ്ച ഈ വീടുകള്‍ക്ക് തറക്കല്ലിട്ടു.

സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനമെന്ന നിലയില്‍ 22 വീട് നിര്‍മിച്ചുനല്‍കാനാണ് ജില്ലാകമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍, ചില ഏരിയ കമ്മിറ്റികള്‍ കൂടുതല്‍ വീട് നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. കളമശേരി, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, ഏരിയ കമ്മിറ്റികള്‍ മൂന്നു വീടുവീതവും എറണാകുളം, കൊച്ചി, വൈറ്റില ഏരിയ കമ്മിറ്റികള്‍ രണ്ടു വീടുവീതവും മറ്റ് കമ്മിറ്റികള്‍ ഒരോ വീടുമാണ് നിര്‍മിക്കുന്നത്. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്താനുള്ള 'ലൈഫ് പദ്ധതി' കേരള സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അതിനോടുള്ള ജനകീയ ഐക്യദാര്‍ഢ്യം എന്ന നിലയില്‍ക്കൂടിയാണ് 'കനിവ്' എന്ന ഭവനനിര്‍മാണ പദ്ധതിക്ക് പാര്‍ടി മുന്‍കൈയെടുത്തത്.

പൊലീസ് കള്ളക്കേസില്‍  കുടുക്കിയ ലീബയ്ക്ക് സാന്ത്വനം
എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വീടാണ് നിര്‍മിക്കുന്നത്. ചേരാനല്ലൂര്‍ തുണ്ടിപ്പറമ്പില്‍ ലീബയ്ക്കും കോമ്പാറ നോര്‍ത്ത് തണ്ടാശേരി വീട്ടില്‍ ദേവരാജനും. മോഷണം ആരോപിച്ചാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലീബയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ലീബയെ മൂന്നാംമുറയ്ക്കും വിധേയയാക്കി. ഒടുവില്‍ ലീബ മോഷ്ടിച്ചില്ലെന്ന് ബോധ്യമായി വിട്ടയക്കുകയായിരുന്നു. ഏറെ വിവാദമായ ഈ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയും ഉണ്ടായി. കൂലിപ്പണിക്കാരനായ ഭര്‍ത്താവും ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയും അടങ്ങുന്ന ഈ കുടുംബം തറവാടിനോടു ചേര്‍ന്ന് ഷീറ്റ്കൊണ്ടു മറച്ച ഷെഡിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

മഴയില്‍ ഒലിച്ചുപോയ ആശ്രയം
ഉദയംപേരൂര്‍ പത്താംകുഴിയില്‍ സലിലയുടെ ആകെയുണ്ടായിരുന്ന സമ്പാദ്യമായിരുന്നു ചായ്പുപോലുള്ള ചെറിയ വീട്. കഴിഞ്ഞ മഴക്കാലത്ത് ഈ വീട് ഒലിച്ചുപോയി. ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് മരിച്ചു. ഭര്‍ത്താവിന്റെ അമ്മയ്ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് സലിലയുടെ താമസം. സ്വന്തമായൊരു വീടെന്ന സ്വപ്നം ഈ ജീവിതത്തില്‍ നടക്കില്ല എന്ന ചിന്തയിലായിരുന്നു സലില. അപ്പോഴാണ് സിപിഐ എം ആശ്വാസവുമായി എത്തുന്നത്.
പള്ളുരുത്തി കടേഭാഗം കാട്ടിശേരിപറമ്പില്‍ ശങ്കരിക്ക് രണ്ട് പെണ്‍കുട്ടികളാണ്. ഭര്‍ത്താവ് രാമചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. ഒരു മകളും അവരുടെ മൂന്നു മക്കളും അടക്കം ഷെഡിലാണ് ശങ്കരിയുടെ താമസം. ഇവര്‍ക്ക് ഇനി കാറ്റിനെയും മഴയെയും ഭയപ്പെടാതെ അന്തിയുറങ്ങാം. ശങ്കരിയുടെ സ്വപ്നത്തിനും വ്യാഴാഴ്ച ശിലയിട്ടു.

കളമശേരിയിലും വൈറ്റിലയിലും 3 വീടുവീതം
കളമശേരി ഏരിയ കമ്മിറ്റി നിരാശ്രയരായ മൂന്നുപേര്‍ക്കാണ് വീടുനിര്‍മിച്ചു നല്‍കുന്നത്. ഇടപ്പള്ളി നോര്‍ത്ത് കെ പി നഗര്‍ നെടുമ്പിള്ളി വീട്ടില്‍ ഷൈനി ജയനും, തേവക്കല്‍ വി കെ സി മീന്‍കോളിമലയില്‍ വീട്ടില്‍ സുമതി മണിക്കും ചിറ്റേത്തുകര കണ്ണങ്കേരി കോളനിയില്‍ സുമതി ചന്ദ്രനും.

സുമതിയുടെ ഭര്‍ത്താവ്, തെങ്ങുകയറ്റ തൊഴിലാളിയായ മണി 10 വര്‍ഷം മുമ്പ് മരിച്ചു. രണ്ടു പെണ്‍കുട്ടികളടങ്ങുന്ന സുമതിയുടെ കുടുംബം രണ്ടുസെന്റ് സ്ഥലത്തെ കൂരയിലാണ് താമസം. ഷൈനിയുടെ ഭര്‍ത്താവ് ജയന്‍ അഞ്ചുവര്‍ഷം മുമ്പ് ട്രെയിന്‍ തട്ടിയാണ് മരിച്ചത്. രണ്ട് പെണ്‍കുട്ടികളും ഒരു മകനും അടങ്ങുന്ന ഷൈനിയുടെ കുടുംബത്തിനും തണലൊരുങ്ങുകയാണ്.

ഓട്ടോ ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ അകാലമരണത്തോടെ നിരാലംബരായ തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര തോപ്പില്‍ കോതാരത്ത് രാജിയും വിദ്യാര്‍ഥിനിയായ മകള്‍ ശാലിനിയും ജീവിതത്തിനുമുന്നില്‍ പകച്ചുപോയി. ആകെയുള്ളത് രണ്ടു സെന്റില്‍ താഴെ ഭൂമി. രണ്ടു സ്ത്രീജീവിതങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍വേണ്ട അടച്ചുറപ്പില്ലാത്ത വീടും. രാജിയും ശാലിനിയും ഇപ്പോള്‍ മറ്റൊരു വീടിന്റെ അഭയത്തിലാണ് കഴിയുന്നത്. ഈ കുടുംബത്തിന്റെ അരക്ഷിതാവസ്ഥയ്ക്കും പരിഹാരമാവുകയാണ്.
അമ്പലമേട് കുഴിക്കാട് കൊല്ലംപറമ്പില്‍ രാധ, തറവാട് വീടിനോടു ചേര്‍ന്ന് ഷീറ്റ് വലിച്ചുകെട്ടി അതിലാണ് കഴിയുന്നത്. മറ്റാശ്രയമില്ല. ക്ഷേത്രങ്ങളിലെ ഭക്ഷണമാണ് പലപ്പോഴും ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ഇവര്‍ക്ക് കുടുംബവകയായി ലഭിച്ച മൂന്നു സെന്റ് ഭൂമിയിലാണ് വീടു നിര്‍മിച്ചുനല്‍കുന്നത്.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് തികച്ചും നിസ്സഹായതയിലായ കുടുംബമാണ് മരട് ടി കെ ഷണ്മാതുരന്‍ റോഡ് താഴത്തു കാട്ടില്‍ ലത ഹരിദാസിന്റേത്. സ്കൂള്‍വിദ്യാര്‍ഥികളായ രണ്ടു ചെറിയ കുട്ടികളുമായി പഴകി ജീര്‍ണിച്ച വീട്ടിലായിരുന്നു താമസം. കഴിഞ്ഞമാസം കാറ്റിലും മഴയിലും തെങ്ങു വീണ് ഈ വീടും തകര്‍ന്നതോടെ ഈ കുടുംബത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഇവര്‍ക്ക് സ്വന്തമായുള്ള നാലുസെന്റ് ഭൂമിയിലാണ് വീടു നിര്‍മിച്ചു നല്‍കുന്നത്.

ഭര്‍ത്താവിന്റെ മരണം ഉലച്ച കുടുംബങ്ങള്‍
വൈറ്റില ഏരിയ കമ്മിറ്റി നിര്‍ധനരായ രണ്ടു കുടുംബങ്ങള്‍ക്കാണ് വീടു നിര്‍മിച്ചു നല്‍കുന്നത്. പാലാരിവട്ടം വൈഎംജെ റോഡ് പട്ടരുമഠത്തില്‍ സുമ സുധീറിനും പൊന്നുരുന്നി ഇളംബലാശേരി വീട്ടില്‍ ഭാരതിക്കും. സുമയുടെ ഭര്‍ത്താവ് സുധീര്‍ മൂന്നുമാസം മുമ്പ് ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. വിദ്യാര്‍ഥികളായ രണ്ടു മക്കളടങ്ങുന്ന സുമയുടെ കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. എസ്സി വിഭാഗത്തില്‍പ്പെട്ട ഭാരതിയുടെ ഭര്‍ത്താവ്മൂന്നുവര്‍ഷം മുമ്പാണ് മരിച്ചത്. വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പം ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ഭാരതി ഇപ്പോള്‍ താമസിക്കുന്നത്.

വാര്‍ധക്യത്തില്‍ താങ്ങായി
കൊച്ചി ഏരിയാ കമ്മിറ്റി രണ്ടു വീടാണ് നിര്‍മിച്ചുനല്‍കുന്നത്. ചെറളായി ഒളിപ്പറമ്പില്‍ എസ് രാജുവിനും മട്ടാഞ്ചേരി മാളിയേക്കല്‍പറമ്പില്‍ റെഷീന താജുദ്ദീനും. വൃദ്ധദമ്പതികളായ രാജുവും ഭാര്യ പ്രേമയും ഷീറ്റ്കൊണ്ട് മറച്ച വീട്ടിലാണ് താമസിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് മരിച്ച സിപിഐ എം മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗം താജുദ്ദീന്റെ ഭാര്യയാണ് റെഷീന. മൂന്നു വയസ്സുള്ള കുട്ടിക്കൊപ്പം പൊളിഞ്ഞുവീഴാറായ വീട്ടിലാണ് റെഷീന ഇപ്പോള്‍ താമസിക്കുന്നത്.

പെരുമ്പാവൂരും 3 വീട്
പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റി മൂന്നു വീടാണ് നിര്‍മിക്കുന്നത്. കുറുപ്പംപടി കുരുപ്പപ്പാറയില്‍ വാടകയ്ക്കു താമസിക്കുന്ന പത്മിനിക്കാണ് അതിലൊന്ന്. പത്മിനിയുടെ  ഭര്‍ത്താവ് നാരായണന്‍ അസുഖബാധിതനാണ്. രണ്ട് പെണ്‍മക്കളെ വിവാഹംകഴിച്ചയച്ചു. വാഴക്കുളം പഞ്ചായത്തില്‍ കീന്‍പുരത്ത് വാടകയ്ക്ക് താമസിക്കുന്ന പാറേത്തുകുടി ഗോപാലന്റെ മകള്‍ ഗീതയ്ക്കാണ് രണ്ടാമത്തെ വീട്. പ്ളസ്വണ്‍ വിദ്യാര്‍ഥിയായ മകനും പത്തില്‍ പഠിക്കുന്ന മകളുമുണ്ട് ഗീതയ്ക്ക്. സ്ഥലമോ വീടോ ഇല്ലാത്ത ഇവര്‍ക്ക് സ്ഥലം കണ്ടെത്തി വീടുവച്ചു നല്‍കാനുള്ള ശ്രമമാണ് പാര്‍ടി ആരംഭിച്ചത്. വേങ്ങൂര്‍ ലോക്കല്‍കമ്മിറ്റിയാണ് മൂന്നാമത്തെ വീടു നിര്‍മിക്കുന്നത്.

പള്ളുരുത്തിയില്‍ മത്സ്യത്തൊഴിലാളിക്ക്
പള്ളുരുത്തിയില്‍ പ്ളാസ്റ്റിക്ഷീറ്റ്കൊണ്ട് മറച്ച ഷെഡില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ ശങ്കരി രാമചന്ദ്രനാണ് വീട് നല്‍കുന്നത്. ശങ്കരിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചു.മക്കളായ ആശ, നിഷ എന്നിവരും വിധവകളാണ്. ആശയുടെ പ്രായപൂര്‍ത്തിയ മകള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികളടങ്ങുന്ന കുടുംബം അടച്ചുറപ്പില്ലാത്ത ഷെഡിലാണ് എട്ടുവര്‍ഷമായി താമസിക്കുന്നത്. ഒരിക്കല്‍ കനത്ത കാറ്റിലും മഴയിലും ഷെഡ് തകര്‍ന്നുവീണു. എന്നിട്ടും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അവിടെത്തന്നെയാണ് താമസിക്കുന്നത്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനാണ് സിപിഐ എമ്മിലൂടെ ചിറകു മുളയ്ക്കുന്നത്.

തണലൊരുങ്ങുന്നു ഇവര്‍ക്കും
കവളങ്ങാട് ഏരിയ കമ്മിറ്റി പുത്തന്‍കുരിശ് കല്ലുങ്കല്‍ വീട്ടില്‍ പി കെ ശശിക്കാണ് വീടൊരുക്കുന്നത്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കാക്കൂര്‍ നെടുമ്പാറയില്‍ രാജമ്മയ്ക്കും തല ചായ്ക്കാന്‍ വീടൊരുക്കും. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളകം പഞ്ചായത്തിലെ അമ്മിണി കൃഷ്ണന്‍കുട്ടിക്കാണ് വീടൊരുക്കുന്നത്. കോതമംഗലത്ത് കോട്ടപ്പടി പാറേക്കുടി വീട്ടില്‍ രാജുവിനും കാലടിയില്‍ കെ കെ പരീതിനുമാണ് വീടു നല്‍കുന്നത്.

അങ്കമാലയില്‍ സുനന്ദനും നെടുമ്പാശേരയില്‍ സൌത്ത് അടുവാശേരി പാതിയാരില്‍ വീട്ടില്‍ സുകുമാരിക്കും ആലുവയില്‍ കുന്നത്തേരി മുണ്ടേത്തുപറമ്പില്‍ എം പി ഷീബയ്ക്കും പറവൂരില്‍ കെടാമംഗലം തൈപ്പറമ്പില്‍ വീട്ടില്‍ ടി കെ സൈനാനും ആലങ്ങാട്ട് കൊടുവഴങ്ങ കാവുശേരിയില്‍ വീട്ടില്‍ പി ജി ഷാജിക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വൈപ്പിന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും വീടു നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top