21 June Thursday

ജീവിതം തിരിച്ചുകിട്ടി; മുഖ്യമന്ത്രിക്ക് നന്ദി

ജോൺസൺ പി വർഗീസ്Updated: Friday Feb 23, 2018

മുഖ്യമന്ത്രിയെ കണ്ട്‌ നന്ദി അറിയിക്കാനെത്തിയ കാജലും വല്യമ്മയും ഫോേട്ടാ: കെ ഷമീർ


സ. വി വി ദക്ഷിണാമൂർത്തി നഗർ (തൃശൂർ) > യുപി യിൽ നിന്ന് ജീവിതം തേടി കേരളത്തിലെത്തിയ നാല് വയസ്സുകാരി കാജലും വല്യമ്മയും സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുന്ന ഹാളിന് പുറത്ത് കാത്തിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കാജൽ. അവർക്ക് ഒരാഗ്രഹം മാത്രം. തങ്ങളുടെ ജീവിതം തിരിച്ച് തന്നതിന് കേരളാ പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയണം.

   റീജണൽ തിയേറ്ററിൽനിന്ന് ഇറങ്ങിവന്ന മുഖ്യമന്ത്രി സ്നേഹം നിറഞ്ഞ വാക്കുകളാൽ ആ  പിഞ്ചുകരങ്ങൾ കവർന്നപ്പോൾ കണ്ട് നിന്നവർക്കും സന്തോഷം.മൂന്നര മാസം മുമ്പ് തൃശൂർ നഗരത്തിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കൊല്ലം സ്വദേശി   തട്ടിക്കൊണ്ടുപോയതാണ് കാജൽ സോങ്കളിനെ. മണിക്കൂറുകൾക്കകം കുഞ്ഞിനെ പൊലീസ് കണ്ടെത്തി.  അന്നുമുതൽ ആരാധനയാണ് ഈ നാടിനോടും നാട്ടുകാരോടും സർക്കാരിനോടും. രണ്ടു വർഷമായി ഇവർ തൃശൂരിൽ പൂത്തോൾ പോട്ടെയിൽ ലെയിനിലാണ് താമസം. 

  യുപിയിൽ ജനിച്ച കാജലിനെ  കേരളത്തിൽ സംരക്ഷിക്കുന്നത് അമ്മയുടെ സഹോദരി റീനയാണ്. ജോലി തേടിയാണ് റീന കേരളത്തിലെത്തിയത്. രണ്ടുപേർക്കും മലയാളമറിയില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഇരുവരും ഏറെ സന്തോഷത്തിലായി. ക്യാമറകളുമായി മാധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ നാണിച്ച കാജൽ പിണറായിയുടെ പ്രോത്സാഹനത്തിൽ ഊർജസ്വലയായി. നന്നായി പഠിക്കണമെന്നുപദേശിച്ച് സ്നേഹത്തോടെ കൈവീശി മുഖ്യമന്ത്രി വീണ്ടും സമ്മേളനത്തിരക്കിലേക്ക്.   

ഉത്തർപ്രദേശിലെ ദുരിതജീവിതത്താലാണ് മാതാപിതാക്കൾ കാജലിനെ വല്യമ്മയ്ക്കൊപ്പം അയച്ചത്. പൂത്തോൾ സെന്റ് അഗസ്റ്റിൻസ് യുപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് കാജൽ. കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും ഇവർക്കിന്ന് ജീവനുതുല്യം സ്നേഹമാണ്. കാജലിനെ കാണാതായപ്പോൾ സഹായിച്ചത് സിപിഐ എം പ്രവർത്തകരായിരുന്നു.

 

പ്രധാന വാർത്തകൾ
Top