20 January Sunday

അടിയന്തരാവസ്ഥയില്‍ കരുണാകരന്റെ കയ്യാള്‍: പിണറായിയുടെ അറസ്റ്റിലും പങ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 10, 2018

കൊച്ചി> കെ കരുണാകരന്റെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിലും മികച്ച ഭരണാധികാരി എന്ന നിലയിലും അറിയപ്പെട്ട, ശനിയാഴ്ച അന്തരിച്ച, മുന്‍ ഡിജിപി ജോസഫ് തോമസ്‌ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എംഎല്‍എ ആയിരിക്കെ ഏറ്റ മര്‍ദ്ദനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലുംഅദ്ദേഹം ആരോപണം നേരിട്ടു. അടിയന്തരാവസ്ഥ നിലനില്‍ക്കെ 1975 സെപ്തംബര്‍ 28നായിരുന്നു രാത്രിയില്‍ പിണറായിയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. അന്ന് കണ്ണൂരില്‍ എസ്‌പി ആയിരുന്നു ജോസഫ് തോമസ്‌.

പിണറായിയെ അറസ്റ്റ് ചെയ്യാന്‍ ചെന്നത് കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബലരാമനാണ്. അതെപ്പറ്റി ഒരു അഭിമുഖത്തില്‍ പിണറായി പറഞ്ഞതിങ്ങനെ:

'സിഐയോട് വന്ന കാര്യം തിരക്കി എന്താണ് ?

അറസ്റ്റ് ചെയ്യാനാണ് വന്നത് ബാലരാമന്‍റെ മറുപടി.

എന്തിനെന്ന സ്വാഭാവിക ചോദ്യത്തിനും ബാലരാമന്‍റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.

ആരില്‍ നിന്ന് ?

എസ്. പി. ജോസഫ് തോമസില്‍നിന്ന്'

അന്ന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം തന്നെ ഏല്‍ക്കേണ്ടിവന്ന പിണറായിയുടെ കാലൊടിഞ്ഞ് പ്ലാസ്റ്റര്‍ ഇടണ്ടിവന്നിരുന്നു തന്നെ അന്യായമായി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ജോസഫ് തോമസിനെ അടിയന്തരാവസ്ഥയ്ക്കിടെ ജയിലില്‍ വെച്ച് കാണാനിടയായ സന്ദര്‍ഭവും അഭിമുഖത്തില്‍ വിവരിക്കുന്നു:

"രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്ന് വരും വഴിയാണ് ജയില്‍ മേധാവി പി. ജെ. അലക്സാണ്ടറും അറസ്റ്റിന് പിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക്ചെന്നു.

ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍ തന്നെ വിളിച്ചു മിസ്റ്റര്‍ തോമസ്...

അയാള്‍ തിരിഞ്ഞു നിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ലാസ്റ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു. കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കുകല്ലും കുളിയുമൊന്നും കൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.

സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്ന മട്ടിലായിരുന്നു ജോസഫ് തോമസിന്‍റെ പ്രതികരണം.
വിട്ടു കൊടുക്കാന്‍ എനിക്കും കഴിയുമായിരുന്നില്ല... അത്തരത്തില്‍ പറഞ്ഞൊഴിയണ്ട.... എന്ന് കടുപ്പിച്ചു തന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു. അഭിനന്ദിച്ചവരില്‍ അന്ന് ജയിലിലുണ്ടായിരുന്ന അഖിലേന്ത്യ ലീഗ് നേതാവ്  സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുിന്നുവെന്നും പിണറായി അഭിമുഖത്തില്‍ പറയുന്നു.

പട്ടാളക്കാ രനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ജോസഫ് തോമസ്‌ പിന്നീടാണ് ഐ പി എസില്‍ ചേര്‍ന്നത് .സംസ്ഥാനത്തെ പോലീസ് ഹൌസിംഗ് സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാനായിരുന്നു. അദ്ദേഹം വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍മാനായിരിക്കെയാണ്  കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പൂര്‍ത്തിയാക്കിയത്. ഡിജിപിയായിരിക്കെ ഒരാളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു എന്നാ കേസില്‍ അദ്ദേഹത്തിനെതിരെ കോടതി വിധി ഉണ്ടായിട്ടുണ്ട് .

 

പ്രധാന വാർത്തകൾ
Top