13 December Thursday

കൗശലങ്ങൾ അറിയാത്ത കലാകാരൻ :ജോൺ പോൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018


സിനിമയിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ കൗശലങ്ങൾ അറിയാത്ത ആളായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കലാശാല ബാബു. ഞാൻ തിരക്കഥ രചിച്ച ഇണയെത്തേടി  എന്ന ചിത്രമാണ‌് അദ്ദേഹത്തിന്റെ ആദ്യ സിനിമ. ആ തിരക്കഥ എഴുതിയ കാലത്ത‌് ടിഡിഎം ഹാളിൽ നടന്ന ഒരു നാടകത്തിലാണ‌് ഞാൻ ആദ്യമായി കലാശാല ബാബുവിനെ കാണുന്നത‌്. പിന്നീട‌് ഇണയെത്തേടി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു. പിന്നീടാണ‌് കലാമണ്ഡലം കൃഷ‌്ണൻ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനാണെന്നൊക്കെ അറിയുന്നത‌്. അത്ര ഉന്നതിയിലുള്ള മാതാപിതാക്കൾ ഉണ്ടായിട്ടും ബാബു ആരോടും ശുപാർശചെയ്യാൻ പറയുമായിരുന്നില്ല. അഭിനയമികവുണ്ടായിട്ടും വേണ്ടത്ര തിളങ്ങാതെ പോയതിന‌് ഇവയൊക്കെ കാരണമായി.

ഇണയെത്തേടി എന്ന ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ അതിൽ അഭിനയിച്ച സിൽക‌് സ‌്മിത നായിക നടി എന്നതിൽനിന്നു മാറി സെക‌്സ‌് നടിയായി അറിയപ്പെടാൻ തുടങ്ങിയത‌് ബാബുവിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചു. പിന്നീട‌് നാടകങ്ങളിലേക്കു മടങ്ങിയ അദ്ദേഹം സീരിയലുകളും ചെയ്യാൻ ആരംഭിച്ചു. ആകാശപ്പറവ എന്ന സീരിയലായിരുന്നു തുടക്കം. കലാഭവൻ റഹ‌്മാനുമായുള്ള കൂട്ട‌് അങ്ങനെയാണ‌് തുടങ്ങുന്നത‌്. പിന്നീട‌് കാള, ചാരുലത സീരിയലുകളിലും അഭിനയിച്ചു.   ലോഹിതദാസിന്റെ കസ‌്തൂരിമാൻ എന്ന ചിത്രത്തിലൂടെയാണ‌് പിന്നീട‌് അദ്ദേഹം തിരിച്ചുവന്നത‌്. കസ‌്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ ശ്രദ്ധേയമായെങ്കിലും പിന്നീട‌് ഒരേതരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാൽ ടൈപ്പ‌് കാസ്റ്റ‌് ചെയ്യപ്പെട്ടു. ആ നിഴലിൽനിന്ന‌് പുറത്തുചാടാൻ ബാബുവിന‌് സാധിക്കാതിരുന്നതും സിനിമയിൽ കഴിവു തെളിയിക്കാൻ തടസ്സമായി.

പ്രധാന വാർത്തകൾ
Top