Top
23
Thursday, November 2017
About UsE-Paper
പഠിക്കാനായി ചെയ്തത് 17 ജോലി

ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്, പണിയെടുത്തും പഠിച്ചും ജെഎന്‍യുവിലെ ഈ പോരാളി

Wednesday Sep 13, 2017
സ്വന്തം ലേഖകന്‍
ദുഗ്ഗിരാല ശ്രീകൃഷ്ണ

ന്യൂഡല്‍ഹി > ജെഎന്‍യുവില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഇടത് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയായി ദുഗ്ഗിരാല ശ്രീകൃഷ്ണ ജയിച്ചത് കടന്നുവന്ന പരീക്ഷണകാലത്തിന്റെകൂടി കരുത്തില്‍. ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്, റെയില്‍വേ ജീവനക്കാരന്‍ തുടങ്ങി പതിനേഴിലധികം ജോലികള്‍ചെയ്ത, തോറ്റുകൊടുത്ത് ശീലമില്ലാത്തവന്റെ മറ്റൊരു വിജയം. 'പഠിക്കുക പോരാടുക' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന എസ്എഫ്ഐ ആണ് തന്നെ മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി പോരാടാന്‍ പഠിപ്പിച്ചതെന്ന് ദുഗ്ഗിരാല 'ദേശാഭിമാനി'യോട് പറഞ്ഞു.

ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റലില്‍ ദുഗ്ഗിരാല ശ്രീകൃഷ്ണയുടെ മുറിനിറയെ തെലുങ്ക്, ബോളിവുഡ് സിനിമാ താരങ്ങളുടെ ചിത്രങ്ങളാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളും കായിക താരങ്ങളും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. പ്ളസ്ടു പഠനം കഴിഞ്ഞ് വിദ്യാഭ്യാസം തുടരാനാണ് തെലുങ്ക് സിനിമാ മേഖലയില്‍ ദുഗ്ഗിരാല ശ്രീകൃഷ്ണ ജോലി ചെയ്തു തുടങ്ങിയത്. അനുഷ്ക ഷെട്ടി, കാജള്‍ അഗര്‍വാള്‍, പ്രിയ ആനന്ദ് തുടങ്ങിയവരുടെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി. വേതനം നല്‍കുന്നതില്‍ കരാറുകാര്‍ നടത്തുന്ന വെട്ടിപ്പ് ചോദ്യം ചെയ്തതോടെ പല തവണ ജോലിയില്‍ നിന്ന് പുറത്താക്കി. സിനിമയോടുള്ള ഇഷ്ടവും ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവവും പിന്നെ ദുഗ്ഗിരാല ശ്രീകൃഷ്ണയെ വിട്ടുപോയിട്ടില്ല.

ടെന്നീസ് താരം സാനിയ മിര്‍സയുടെ സ്വഹ്രബ് മിര്‍സയുമായുള്ള വിവാഹ നിശ്ചയം നടന്നപ്പോള്‍ ദുഗ്ഗിരാല ശ്രീകൃഷ്ണ വെയിറ്ററായിരുന്നു. ഹോട്ടലുകളില്‍ വിവിധ ജോലികള്‍ ചെയ്തു.  50 വിദ്യാര്‍ഥികളെ ചേര്‍ത്ത് കാറ്ററിങ്ങ് സംഘം രൂപീകരിച്ചു. ഈ സമയം ഹൈദരാബാദിലെ നിസാം കോളേജില്‍ ഡിഗ്രി പഠനം തുടങ്ങി. എസ്എഫ്ഐ പ്രവര്‍ത്തനത്തിലും സജീവമായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പഠനം പിന്നീട് വിദൂര പഠന സര്‍വകലാശാലയിലൂടെ പൂര്‍ത്തിയാക്കി. ഇതിനുശേഷം സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിനു ചേര്‍ന്നു. ഇവിടെ 50,000 രൂപ ഫീസ് നല്‍കാന്‍ രാത്രിയില്‍ പ്രസ് ജീവനക്കാരനായി. 2013ല്‍ റെയില്‍വേയില്‍ ജോലി ലഭിച്ചു. ഈ സമയത്താണ് ജെഎന്‍യുവില്‍ പ്രവേശനം ലഭിച്ചതെന്ന് ശ്രീകൃഷ്ണ പറഞ്ഞു. ഹൈദരാബാദിലെ ലിംഗമ്പള്ളിയിലെ ദളിത് കുടുംബാംഗമാണ് ശ്രീകൃഷ്ണ. അച്ഛന് കൂലിവേലയാണ്. അമ്മ വീട്ടമ്മയാണെന്നും ശ്രീകൃഷ്ണ പറഞ്ഞു.

സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിയായ ദുഗ്ഗിരാല ശ്രീകൃഷ്ണ ലൈബ്രറി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കിയ സമരത്തിന്റെ നായകനാണ്. സംഘപരിവാറിനും അവരുടെ തീരുമാനം നടപ്പാക്കുന്ന സര്‍വകലാശാല വിസിക്കും എതിരായ പേരാട്ടം ഏറെ മൂര്‍ച്ചയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുകയാണ്. പുതിയ ഹോസ്റ്റല്‍ സൌകര്യം, കോഴ്സുകളുടെ സീറ്റുകള്‍ വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കും. കാണാതായ വിദ്യാര്‍ഥി നജീബിനെ അധികൃതര്‍ മറന്നു. അന്വേഷണം ശക്തമാക്കാനുള്ള സമ്മര്‍ദ്ദം തുടരും.

ജനാധിപത്യപരവും സംവാദത്തിന് അവസരം നല്‍കുന്നതുമായ ജെഎന്‍യുവിന്റെ സംസ്ക്കാരം സംരക്ഷിക്കേണ്ടതുണ്ട്. ക്യാമ്പസിനെ കൂടുതല്‍ ജനാധിപത്യപരമാക്കാനാണ് ഇടത് സഖ്യത്തിന്റെ നേതൃത്വത്തിലുള്ള യൂണിയന്റെ ശ്രമം. സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് എല്ലാ പുരോഗമന സംഘടനകളെയും ഒപ്പം നിര്‍ത്തുമെന്ന് ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിന്റെ കണക്ക് പറയുന്ന എബിവിപിക്ക് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഒരു പോരാട്ടവും ചൂണ്ടിക്കാണിക്കാനില്ല. സീറ്റുകള്‍ വെട്ടിക്കുറച്ചതിനെതിരെ, ഹോസ്റ്റല്‍ഫീസ് ഇളവിനായി, തുടങ്ങി വിദ്യാര്‍ഥി സമരങ്ങളിലൊന്നിലും എബിവിപിക്ക് ഒരു പങ്കുമില്ലെന്ന് ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു. 

Related News

കൂടുതൽ വാർത്തകൾ »