Top
21
Wednesday, February 2018
About UsE-Paper

ആ മോഹം ബാക്കി; സ്വപ്‌നസാക്ഷാത്കാരത്തിന് മുന്‍പെ വിടവാങ്ങല്‍

Tuesday Oct 24, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് യുദ്ധം പ്രമേയമാക്കുന്ന ബ്രഹ്മാണ്ഡ സിനിമയുമായി വന്‍ തിരിച്ചുവരവിനൊരുങ്ങവെയാണ് ഐവി ശശി എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ്‌മേക്കര്‍ മരണത്തിന് കീഴടങ്ങിയത്. 'ബേണിങ് വെല്‍സ്' എന്നായിരുന്നു സിനിമക്ക് പേരിട്ടിരുന്നത്. മലയാളത്തിലെ ആദ്യ കളര്‍ചിത്രമായ ഇതാ ഇവിടെ വരെ, പ്രഥമ സിനിമാസ്‌കോപ്പ് ചിത്രമായ അലാവുദ്ദിനും അത്ഭുതവിളക്കും, ആദ്യ അഡല്‍ട്‌സ് ഒണ്‍ലി ചിത്രമായ അവളുടെ രാവുകള്‍ എന്നിങ്ങനെ മലയാള സിനിമ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ജീനിയസ് കൂടിയായിരുന്നു അദ്ദേഹം

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം സിനിമകള്‍ സംവിധാനം ചെയ്തവരില്‍ ഒരാള്‍ എന്ന നിലക്കും ഐവി ശശി എന്ന ചലച്ചിത്രകാരന്‍ ചരിത്രത്തില്‍ വേറിട്ട് നിന്നു. ഒരു പ്രത്യേക കാറ്റഗറിയില്‍ ഒതുക്കിനിര്‍ത്താവുന്ന സംവിധായകനായിരുന്നില്ല അദ്ദേഹം. ഒരേസമയം ഗ്രാമീണ ജീവിതത്തിന്റെ കഥകളും ഒപ്പം ഹീറോയിസം പ്രമേയമാക്കുന്ന സിനിമകളും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നു.

ടി ദാമോദരന്റെ തിരക്കഥയില്‍ അബ്ക്കാരിയും രാഷ്ട്രീയക്കാരനും കള്ളക്കടത്തുകാരനും തൊഴിലാളി നേതാവുമെല്ലാം വെള്ളിത്തിരയില്‍ തെളിഞ്ഞു. അതേസമയം തീഷ്ണ വികാരമുണര്‍ത്തുന്ന പ്രമേയങ്ങള്‍ എംടിയുടെ തിരക്കഥയിലൂടെ ഐവി ശശി അവിസ്മരണീയമാക്കി. ശക്തരായ നായക കഥാപാത്രങ്ങളും അതിനോടൊപ്പം നില്‍ക്കുന്ന പെണ്‍ കഥാപാത്രങ്ങളും ഐവി ശശി സിനിമകളുടെ പ്രത്യേകതകളായിരുന്നു. പനകയറ്റക്കാരനും, ചുമട്ടുതൊഴിലാളിയും , ഈറ്റവെട്ടുകാരനും കൂലിത്തല്ലുകാരനും ലൈംഗിക തൊഴിലാളിയുമടക്കം സമൂഹത്തിന്റെ മുഴുവന്‍ അംശങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളായി അഭ്രപാളിയില്‍ നിറഞ്ഞാടി. മലയാള സിനിമക്ക് ഇത്തരം കഥാപാത്രങ്ങള്‍ സുപരിചിതമാകുന്നതും ഐവി ശശിയുടെ സിനിമകളിലൂടെയായിരുന്നു.

ഓരോ സിനിമകളും ഒന്നിനൊന്ന് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി. പ്രേംനസീറും മധുവും നായകരല്ലാത്ത ചിത്രങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത കാലത്ത് കെപി ഉമ്മര്‍ എന്ന സ്ഥിരം വില്ലനെ നായകനാക്കി സിനിമ ചെയ്യാന്‍ അദ്ദേഹം ധൈര്യം കാട്ടി. ചുറ്റും സര്‍വത്ര വെള്ളമുണ്ടായിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ വീര്‍പ്പുമുട്ടുന്ന കൊച്ചിയിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് 'ഉത്സവം' പറഞ്ഞത്. ജയനെ നായകനാക്കി തുഷാരം എന്ന ചിത്രം ചെയ്യാനിരിക്കെയാണ് ആകസ്മികമായി ജയന്‍ അപകടത്തില്‍ മരിച്ചത്.

 സൂപ്പര്‍ സ്റ്റാറുകളായ മമ്മുട്ടിയേയും മോഹന്‍ലാലിനേയും താരങ്ങളാക്കിയ അതുല്യ സംവിധായകന്‍ കൂടിയാണ് അരങ്ങൊഴിഞ്ഞിരിക്കുന്നത്. ശക്തമായ കഥാപാത്രങ്ങള്‍ നല്‍കി ഇവരിലെ അഭിനയ മികവ് ഐവി ശശി പുറത്തുകൊണ്ടുവരികയായിരുന്നു. കലാമൂല്യവും വാണിജ്യതന്ത്രങ്ങളും ചേര്‍ന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു
 
അന്നും ഇന്നും സിനിമാലോകം ചര്‍ച്ച ചെയ്യുന്ന 'അവളുടെ രാവുകള്‍' ഐ.വി. ശശിയുടെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്. 1978ലെ ഈ മഹാവിജയം ഹിന്ദിയടക്കം നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്.