18 December Tuesday

ചുവന്ന കടൽ

സുജിത് ബേബിUpdated: Tuesday Mar 27, 2018


കോഴിക്കോട് > വർഗ ഐക്യത്തിന്റെ കാഹളം മുഴക്കി അവർ ചുവടുവച്ചു. ഇരമ്പിയാർത്ത അറബിക്കടൽ സാക്ഷിയായി. തൊഴിലാളിവർഗത്തിന്റെ കരുത്തിൽ തീർത്ത ജനസാഗരത്തിൽ കടപ്പുറം ചെമ്പട്ടണിഞ്ഞു. നവലിബറൽ നയങ്ങൾക്കും വർഗീയതക്കുമെതിരായ പോരാട്ടത്തിൽ നാടിന്റെ കാവൽ ഭടന്മാരാകുമെന്ന് ജനലക്ഷം പ്രഖ്യാപിച്ചു. നാലുനാൾ നീണ്ട സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിലിന് സമാപനംകുറിച്ച് നടന്ന റാലി ചരിത്രനഗരിയുടെ തൊഴിലാളി വർഗ പാരമ്പര്യത്തിന്റെ വിളംബരമായി.

ജനറൽ കൗൺസിൽ പൂർത്തിയാക്കി ടാഗോർ സെന്റിനറി ഹാളിലെ മുഹമ്മദ് അമീൻ നഗറിൽനിന്ന് അഖിലേന്ത്യാ നേതാക്കളും ജനറൽ കൗൺസിൽ അംഗങ്ങളും പ്രകടനമായാണ് കടപ്പുറത്തേക്ക് എത്തിയത്. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ജനറൽ കൗൺസിൽ അംഗങ്ങളെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ പ്രവർത്തകരും പ്രകടനത്തെ അനുഗമിച്ചു. നിസ്വവർഗത്തിന്റെ മോചനത്തിനായി പൊരുതുന്ന പ്രിയ നേതാക്കളെ കാണാനും അഭിവാദ്യമർപ്പിക്കാനും പ്രവർത്തകർ പാതയോരത്ത് കാത്തുനിന്നു.

തിങ്കളാഴ്ച ഉച്ചയോടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങി. കുഞ്ഞോളങ്ങൾപോലെ ഒഴുകിയെത്തിയ അവർ ഒത്തുചേർന്നപ്പോൾ അതൊരു മഹാസാഗരമായി മാറി. വിവിധ യൂണിയനുകളുടെ ബാനറുകൾക്ക് കീഴിൽ പത്തും നൂറും പേർ അണിനിരന്നാണ് പ്രവർത്തകർ എത്തിയത്. ചുമട്ട് തൊഴിലാളികൾ തൊഴിൽവേഷത്തിലാണ് റാലിയിൽ അണിനിരന്നത്. നേതാക്കളും ജനറൽ കൗൺസിൽ അംഗങ്ങളും വേദിയിലെത്തിയിട്ടും ചെറു പ്രകടനങ്ങളുടെ ഒഴുക്ക് നിലച്ചിരുന്നില്ല. ചെങ്കൊടികളുമേന്തിയെത്തിയ അവ ജനസാഗരത്തിൽ അലിഞ്ഞുചേർന്നു.

റാലിക്കെത്തിയ പ്രവർത്തകരെയും നേതാക്കളെയുമെല്ലാം ആവേശംകൊള്ളിക്കുന്നതായിരുന്നു വടകരയിലെ പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവ ഗാനമേള. മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് അധികാരിവർഗത്തോട് വിളിച്ചുപറയുന്ന പടപ്പാട്ടുകൾ തൊഴിലാളികളും ഏറ്റുപാടി.

കടപ്പുറത്ത് നടന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ, പ്രസിഡന്റ് ഡോ. കെ ഹേമലത, വൈസ്പ്രസിഡന്റ് എ കെ പത്മനാഭൻ, സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top