15 October Monday

ഒടുവിൽ തുറന്നു

കെ ടി രാജീവ‌്Updated: Friday Aug 10, 2018

ഇടുക്കി
ആശങ്കയ‌്ക്കും ഉദ്യോഗ നിമിഷങ്ങൾക്കും വിരാമംകുറിച്ച‌് കാൽനൂറ്റാണ്ടിനുശേഷം ഇടുക്കി ചെറുതോണി അണക്കെട്ട‌് തുറന്നു. 2403 അടി ഉയരത്തിൽനിന്നും ജലം കുതിച്ചു പായുന്നത‌് കാണാൻ ആയിരങ്ങളെത്തിയിരുന്നു.  

വ്യാഴാഴ‌്ച പകൽ 12.30 ഓടെ ജലനിരപ്പ‌് 2399.04 പിന്നിട്ടപ്പോൾ അഞ്ച‌് ഷട്ടറുള്ള ചെറുതോണി സംഭരണിയുടെ മധ്യത്തിലുള്ള ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തിയാണ‌് ട്രയൽ റൺ നടത്തിയത‌്. അതിനുമുമ്പ‌് റെഡ‌് അലർട്ട‌് നൽകി. ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദേശവും നൽകി. ഏകദേശം ഒന്നേമുക്കാൽ അടി ആറ‌് മണിക്കൂർ ഉയർത്തിയപ്പോൾ 10.3 ലക്ഷം ക്യുബിക‌് മീറ്റർ വെള്ളം ഒഴുക്കിവിട്ടു. സെക്കൻഡിൽ 50,000 ലിറ്ററാണ‌് ഒഴുകുന്നത‌്. ഡാം സൈറ്റിൽ നിന്നും കുതിച്ച‌ുപാഞ്ഞ വെള്ളം 15 മിനിറ്റ‌ുകൊണ്ട‌് ചെറുതോണി  പാലം വഴി രണ്ടര മണിക്കൂർ ഒഴുകി 24 കി. മീറ്റർ അകലെയുള്ള ലോവർ പെരിയാർ അണക്കെട്ടിലെത്തി. രാത്രിയോടെ ഭൂതത്താൻകെട്ടുവഴി ആലുവയിലെത്തി.

ഷട്ടർ തുറക്കുന്നതിന‌് മന്ത്രി എം എം മണി, കലക്ടർ കെ ജീവൻ ബാബു, റോഷി അഗസ്റ്റിൻ എംഎൽഎ, എക‌്സിക്യൂട്ടീവ‌് എൻജിനിയർ വി എസ‌് ബാലു, അസി. എക‌്സിക്യുട്ടീവ‌് എൻജിനിയർ അലോഷി പോൾ എന്നിവർ നേതൃത്വംനൽകി. 2403 അടിയാണ‌് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഒരു ഷട്ടർ തുറന്നിട്ടും ജലനിരപ്പിൽ കുറവുണ്ടായിട്ടില്ല. വ്യാഴാഴ‌്ച രാത്രി എട്ടുമണിയോടെ ജലനിരപ്പ‌് 2400 അടിയിലെത്തി. പദ്ധതി മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട‌്. വൈദ്യുതോൽപാദനം ഉയർത്തിയിട്ടും ഷട്ടർ തുറന്നിട്ടും ജലനിരപ്പ‌്  ഉയർന്നുതന്നെ  നിൽക്കുകയാണ‌്. നാലുമണിക്കൂർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സംഭരണിയിലെ ജലനിരപ്പ‌് ക്രമാതീതമായി ഉയരുന്നതിനാൽ വെള്ളിയാഴ്‌ച ഷട്ടർ ഒരുമീറ്ററിലേക്കുയർത്തും.

ഇടുക്കി പദ്ധതി കമീഷൻചെയ‌്ത 1976 ന‌ുശേഷം നാലാം തവണയാണ‌് സംഭരണി തുറക്കുന്നത‌്. ഇതിന‌് മുമ്പ‌് 1981 ഒക‌്ടോബർ 29 മുതൽ നവം.13 വരെ 15 ദിവസവും 1992 ഒക‌്ടോബർ 12 മുതൽ 16 വരെയും നവംബർ 16 മുതൽ 23 വരെയും 15 ദിവസവും ഷട്ടർ തുറന്നിരുന്നു. 2007 ലും 2013 ലും 2401 അടി ജലനിരപ്പ‌് പിന്നിട്ടിട്ടുണ്ട‌്.

സംഭരണി തുറക്കുന്നതിന‌് മുമ്പ‌് വൻ സുരക്ഷാ ക്രമീകരണങ്ങളും നടപടികളും കൈക്കൊണ്ട‌് സർക്കാർ ജനങ്ങളുടെ ആശങ്കയകറ്റി.  ദുരന്ത നിവാരണസേന, പൊലീസ‌്, ഫയർഫോഴ‌്സ‌് വിഭാഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെല്ലാം അടിയന്തര സാഹചര്യം നേരിടാൻ ഡാംസൈറ്റിൽ  സജ്ജമായിരുന്നു. ഡാം തുറന്ന ആറ‌് മണിക്കൂർ ചെറുതോണി മുതൽ ഇടുക്കിവരെ ഗതാഗതം നിയന്ത്രിച്ചു. 26 വർഷത്തിനുശേഷം ഡാം തുറക്കുന്നത‌് കാണാൻ നാടിന്റെ നാനാ മേഖലകളിൽനിന്നും ആയിരങ്ങളാണ‌് വാഹനത്തിലും അല്ലാതെയും എത്തിയത‌്. ചെറുതോണി മുതൽ ഇടുക്കി അതിർത്തിയായ കരിമണൽവരെ പെരിയാർ തീരത്ത‌് ഇരുകരകളിലുമായ‌ി പ്രദേശവാസികൾ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top