Top
16
Saturday, December 2017
About UsE-Paper
സിക്കാഡ ചീവീടുകളുടെ ജീവിതകഥ ഒരു'സംഭവ'മാണ്. ആയിരത്തി മുന്നൂറിലധികം സ്പീഷിസുകളെ ലോകത്തെങ്ങുമായി ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്.

ചീവീടുകളുടെ ഒളിവ് ജീവിതം

Monday Dec 4, 2017
വിജയകുമാര്‍ ബ്ളാത്തൂര്‍

കാടിന്റെ രംഗം സിനിമയിലും നാടകത്തിലും വന്നാലുടന്‍ പശ്ചാത്തല ശബ്ദമായി എന്താണിടേണ്ടതെന്ന സംശയം ഒരു സംവിധായകനും ഇല്ല. 'ക്രീഈഈ' എന്ന പലഭാഗത്തുനിന്നും ഉയര്‍ന്നുതാഴുന്ന ഒരു അലോസര ഹമ്മിങ്ങ് ശബ്ദം റെഡി. കാട്ടില്‍ സഞ്ചരിച്ചവര്‍ക്ക് ചിലകാലങ്ങളില്‍ ഇത് അനുഭവപ്പെട്ടിട്ടും ഉണ്ടാകും. മൈലുകളോളം ഈ ഉയര്‍ന്ന ആവൃത്തി ശബ്ദം എത്തും. ഒരു എത്തും പിടിയും കിട്ടാത്ത ഇടങ്ങളില്‍നിന്നൊക്കെ ആയിരക്കണക്കിന് പേര്‍ചേര്‍ന്ന് ഒരുക്കുന്ന സിംഫണിയായും തോന്നും. സൈലന്റ്വാലിക്ക് ആ പേരിടാന്‍ ആര്‍ക്കോ തോന്നിയത് അവിടെ ചീവീടുകളുടെ കാതുതുരപ്പന്‍ ശല്യശബ്ദമില്ലാത്തതുകൊണ്ടാണെന്ന് നമ്മളെല്ലാവരും കേട്ടിട്ടുമുണ്ട്. സംഘമായി കാടുനിറച്ചും ശബ്ദമുണ്ടാക്കുന്ന ഒരിനം പ്രാണികളാണിവര്‍. പക്ഷേ ഓരോ നാട്ടിലും ചീവീട് പലതാണ്. 'കുറുക്കന്‍' എന്നപേരിന് വന്ന അതേ ദുര്യോഗം. കുറുനരി എന്ന വാക്കിനുപകരവും തിരിച്ചും എല്ലാവരും കുറുക്കനെ ഉപയോഗിക്കും. വളരെ അപൂര്‍വ്വമായിമാത്രം കാണാന്‍ കിട്ടുന്ന, പട്ടിക്കുട്ടികളുടെ ഉയരംമാത്രമുള്ള  കുഞ്ഞന്മാരാണ് കുറുക്കന്മാര്‍. എന്നാല്‍ ഇപ്പോള്‍ നാട്ടുമ്പുറത്ത് പകല്‍പോലും കറങ്ങിനടക്കുന്ന 'മുഖം കൂര്‍ത്ത മൂത്തപട്ടി' എന്ന് തോന്നിപ്പിക്കുന്ന കുറുനരിയെയും നമ്മള്‍ കുറുക്കന്‍ എന്നുതന്നെയാണ് വിളിക്കുന്നത്. കിട്ടാത്ത മുന്തിരിക്കഥയിലെ നായകന്‍ ഇവരിലാരാണെന്ന് ഇതുവരെയും ഉറപ്പായിട്ടുപോലുമില്ല. Fox, Jackal രണ്ടും ഒന്നാണെന്നുകരുതുന്നവര്‍ ഇപ്പോഴും ഉണ്ട്. ചീവീട് എന്ന മലയാളം വാക്കിനും ഇതേ ഗതികേടുപറ്റി. Cicadidae കുടുംബക്കാരായ ശലഭരൂപസമാനരായ സിക്കാഡകള്‍ക്കും Gryllidae കുടുംബക്കാരായ തുള്ളനെപ്പോലുള്ള  ക്രിക്കറ്റുകള്‍ക്കും ഒറ്റ പേരേ ഉള്ളൂ.
സിക്കാഡ ചീവീടുകളുടെ ജീവിതകഥ ഒരു'സംഭവ'മാണ്. ആയിരത്തി മുന്നൂറിലധികം സ്പീഷിസുകളെ ലോകത്തെങ്ങുമായി ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുളന്‍ തലയും വ്യക്തമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്ന ഉണ്ടക്കണ്ണുകളും ഉണ്ടാകും ഇവര്‍ക്ക്. കണ്ണുകളുടെ നിറം സ്പീഷിസുകളനുസരിച്ച് വ്യത്യാസപ്പെടാറുണ്ട്. ചെങ്കണ്ണന്മാരാണ് കൂടുതല്‍. കുഞ്ഞ് സ്പര്‍ശനികള്‍ കാണും. സുതാര്യമായ മുഞ്ചിറകുകള്‍ക്ക് മൊത്തം ശരീരത്തിനേക്കാള്‍ നീളമുണ്ടാകും. ആണ്‍ചീവീടുകളാണ് ശബ്ദമുണ്ടാക്കുന്നത്. വയറിനടിയിലെ ടിംബല്‍സ് എന്നുവിളിക്കുന്ന ഒരു ജോഡി പാളികള്‍ അതിവേഗം വിറപ്പിച്ചാണ് ശബ്ദമുണ്ടാക്കുന്നത്. ശരീരത്തിന്റെ ഉള്‍ഭാഗം കുറേയേറെ പൊള്ളയായതിനാല്‍ ഡ്രം പോലെ പ്രവര്‍ത്തിച്ച് ശബ്ദം വര്‍ദ്ധിപ്പിക്കും. എന്നാല്‍ തുള്ളനെപോലുള്ള ക്രിക്കറ്റ് ചീവീടുകള്‍ ശബ്ദമുണ്ടാക്കുന്നത് Sridulation രീതിയിലാണ്. മുഞ്ചിറകുകളുടെ അഗ്രത്തിലെ പ്രത്യേക പ്രദേശം പരസ്പരം ഉരച്ചുണ്ടാക്കുന്ന കിരുകിരുപ്പ് ശബ്ദമാണവരുടേത്. ഇണകളെ ആകര്‍ഷിക്കാനും അപകട മുന്നറിയിപ്പിനും കൂട്ടത്തോടെ ഒച്ചയുണ്ടാക്കി ശത്രുക്കളെ പേടിപ്പിച്ചോടിക്കാനും ഒക്കെയാണ് ഈ ശബ്ദപരിപാടി ഉദ്ദേശിക്കുന്നത്.
വളരെ നീണ്ടകാലം അജ്ഞാതവാസം നടത്തി കൃത്യമായ ഇടവേളകളില്‍ പുറത്തേക്ക് വന്ന് ചെറിയ ജീവിതം ജീവിച്ച് ഇണചേര്‍ന്ന് മുട്ടയിട്ട് മറയുന്ന പ്രത്യേക ജീവിതമാണ് ഇവരുടേത്. സാധാരണയായി  രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് അജ്ഞാതവാസകാലം. എല്ലാ വര്‍ഷവും വേനലവസാനത്തോടെ ഇവ മണ്ണിനുള്ളിലെ ഒളിവിടത്തില്‍നിന്ന് കൂട്ടമായി പുറത്തുവരും. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന Magicicada ജനുസില്‍ പെട്ട സിക്കാഡ നിംഫുകള്‍ പതിനേഴു വര്‍ഷം മണ്ണില്‍ കഴിഞ്ഞുകൂടിയതിനുശേഷമാണ് അഞ്ചാറാഴ്ച മാത്രം ആയുസുള്ള 'യഥാര്‍ത്ഥ ജീവിതം' ജീവിച്ച് തീര്‍ക്കാന്‍ പുറത്ത് വരുന്നത്.
മരത്തടിയിലെ വിള്ളലുകളില്‍ അമ്മ ചീവീട് ഇട്ടുവെച്ച മുട്ടകള്‍വിരിഞ്ഞ് പുറത്തിറങ്ങുന്ന, അരിമണിപോലുള്ള വെളുത്ത  നിംഫുകള്‍ കുഞ്ഞിക്കാലുകള്‍ ഇഴച്ച് മരത്തിനു മുകളിലേക്ക് കയറും. ശാഖകളുടെ തുഞ്ചത്ത് എത്തും. അവിടെനിന്ന് കൈവിട്ട് താഴേക്ക് വീഴും. മണ്ണില്‍ തുരന്ന് കയറി മരത്തിന്റെ വേരുപടലം കണ്ടെത്തും. രണ്ടര മീറ്റര്‍ വരെ ആഴത്തില്‍ ഇവര്‍ എത്തും. വായ്ഭാഗംകൊണ്ട് വേരുതുരന്ന് മരത്തിന്റെ സൈലം ദ്രാവകം ഊറ്റിക്കുടിച്ച് സുഖമായ വിശ്രമമാണ് പിന്നെ വര്‍ഷങ്ങള്‍. ജീവഘട്ടപരിവര്‍ത്തനങ്ങള്‍ ഈ കാലത്ത് നടക്കും. വളര്‍ച്ച പൂര്‍ത്തിയായാല്‍, കൃത്യമായ സമയത്ത് ഒരു പ്രത്യേക ഇനങ്ങള്‍ മുഴുവനും ഒന്നിച്ച് കൂട്ടമായി മണ്ണില്‍നിന്ന് പുറത്തുവരും. പിന്നെ  ഈ നിംഫുകളെല്ലാം ഒരേ ഓട്ടമാണ്. തൊട്ടടുത്ത മരങ്ങളിലേക്ക്. മരങ്ങളില്‍ കയറി അതിന്റെ തടിയില്‍ ഇറുക്കിപ്പിടിപ്പിച്ചശേഷം ഉറപൊഴിച്ച്കളഞ്ഞ് ചിറകുകളുള്ള പൂര്‍ണ്ണ ചീവീടായി പുനര്‍ജനിക്കും. കൂട്ടത്തോടെ പറന്നും മരക്കൊമ്പുകളില്‍ വിശ്രമിച്ചും മരനീരൂറ്റിക്കുടിച്ചും   ഇണചേരാനുള്ള തയ്യാറെടുപ്പ് തുടങ്ങും. ഇണകളെ ആകര്‍ഷിക്കാനാണ് ആണ്‍സിക്കാഡകള്‍ ചെവിടുപൊളിക്കുന്ന ശബ്ദമുണ്ടാക്കുന്നത്. ചിലയിനങ്ങളുടെ ശബ്ദം നമുക്ക് കേള്‍ക്കാനാവാത്ത ആവൃത്തിയില്‍ ഉള്ളതുപോലും ആണ്. പെണ്‍ ചീവീടുകള്‍ കൈവിരല്‍ ഞൊടിക്കുന്ന 'ടിക്' എന്ന് ശബ്ദമുണ്ടാക്കി പ്രതികരിക്കുകയുംചെയ്യും. ഇണചേര്‍ന്ന് കഴിഞ്ഞാല്‍ പെണ്‍സിക്കാഡ മരക്കൊമ്പുകളില്‍ തൊലിഅടര്‍ത്തി അതിനിടയില്‍ മുട്ടകള്‍ ഇട്ടുകൂട്ടും. അതോടെ അതിന്റെ ജന്മലക്ഷ്യം കഴിയും. മരക്കൊമ്പുകളില്‍ നിറയെ പൊഴിച്ച്കളഞ്ഞ സിക്കാഡ ഉറകള്‍ ബാക്കികാണാം.. പക്ഷികള്‍, കടന്നലുകള്‍, ചിലന്തികള്‍, തൊഴുകൈയ്യന്‍ പ്രാണികള്‍ തൊട്ട് ഉറുമ്പുകള്‍വരെ ഇവയുടെ ജീവഘട്ടങ്ങളില്‍ പലതിലും ശത്രുക്കളാണ്. രക്ഷപ്പെടാന്‍ ഒരു സംവിധാനവും ഇല്ലാത്ത ഇവ പക്ഷേ നീണ്ട കാലത്തെ അജ്ഞാതവാസമാണ് അതിജീവനത്തിന്റെ തന്ത്രമായി ഉപയോഗിക്കുന്നത്. സ്വാഭാവിക ഇരപിടിയന്മാരുടെ ആയുസിലും എത്രയോ കൂടുതലാണ് ഇവര്‍ ഒളിച്ച് കിടക്കുന്ന കാലം. തീറ്റ കിട്ടാതെ പട്ടിണിക്കിട്ട് ഇരപിടിയന്മാരുടെ എണ്ണം ക്ഷയിപ്പിക്കുന്നതിനുള്ള സൂപ്പര്‍ സൂത്രം. വേറൊരു തന്ത്രം എണ്ണിയാലൊടുങ്ങാത്തത്രയും കൂട്ടമായി അവതരിച്ച് ഇരപിടിയന്മാരെ വശം കെടുത്തുക എന്നതാണ്. തിന്നുമടുപ്പിക്കുക എന്ന് ചുരുക്കം. ദശലക്ഷക്കണക്കിന് സിക്കാഡകള്‍ ഒന്നിച്ച് പുറത്തിറങ്ങിയാല്‍ എത്ര ഇരപിടിയന്‍ ശത്രുക്കളുണ്ടായാലും, എങ്ങനെയൊക്കെ തിന്നുതീര്‍ത്താലും പിന്നെയും ബാക്കികാണുംഏറെ പോറലേല്‍ക്കാത്ത സിക്കാഡകള്‍. ആവശ്യമുള്ളത്രയും എണ്ണമെങ്കിലും ബാക്കികാണും. അവര്‍ ഇണചേര്‍ന്ന്  മുട്ടയിട്ട് വംശം കുറ്റിയറ്റുപോകാതെ കാത്തോളും. അതിജീവനത്തിന്റെ പരിണാമ വഴികള്‍ ശരിക്കും അമ്പരപ്പിക്കുന്നവതന്നെ.