സാമ്രാജ്യത്വം ജനങ്ങളെ ഭിന്നിപ്പിക്കുന്നത് യോജിച്ച ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍: കോടിയേരി

Saturday Sep 23, 2017
വിജേഷ് ചൂടല്‍


കൊച്ചി > ജനങ്ങളുടെ ഐക്യവും ചെറുത്തുനില്‍പ്പും തകര്‍ക്കാനാണ് സാമ്രാജ്യത്വശക്തികള്‍ വിഭാഗീയ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സ്വത്വരാഷ്ട്രീയത്തിന്റെ ആശയം പടര്‍ത്താന്‍ ശ്രമിക്കുന്നത് ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും മറ്റും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. സമൂഹത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം നുഴഞ്ഞുകയറിയിരിക്കുന്നു. 1990കള്‍മുതല്‍ ഈ പ്രവണത ദൃശ്യമാണ്. സ്വകാര്യവല്‍കരണത്തിന്റെയും ഉദാരവല്‍കരണത്തിന്റെയും ആഗോളവല്‍കരണത്തിന്റെയും രാഷ്ട്രീയത്തിനൊപ്പമാണ്  സ്വത്വരാഷ്ട്രീയവും ശക്തിപ്രാപിച്ചത്. ലോകത്താകമാനം ജനതകള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷം വര്‍ധിച്ചുവരികയാണ്. വംശീയസംഘര്‍ഷങ്ങള്‍ കാരണം പശ്ചിമേഷ്യ യുദ്ധഭൂമിയായി മാറിയിരിക്കുന്നു. ലിബിയ, സിറിയ, ഇറാഖ്, യമന്‍ തുടങ്ങിയ രാജ്യങ്ങളെ വംശീയമായി വിഭജിക്കാന്‍തന്നെയുള്ള നീക്കം സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. ആത്യന്തികമായി ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് ഈ രാജ്യങ്ങളിലെ സാധാരണ ജനങ്ങളാണ്. രാഷ്ട്രത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് രോഹിന്‍ഗ്യകള്‍ക്ക് മ്യാന്‍മര്‍ നിഷേധിക്കുന്നത്. അവരെ അഭയാര്‍ഥികളാക്കി അയല്‍രാജ്യങ്ങളിലേക്ക് വലിച്ചെറിയുന്നു.

ഇന്ത്യയില്‍ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂടിന്റെ ശക്തി പരീക്ഷിക്കപ്പെടുന്ന കാലമാണിതെന്ന് കോടിയേരി പറഞ്ഞു. റിപ്പബ്ളിക്കന്‍-മതനിരപേക്ഷ ഭരണഘടന ഭരണകക്ഷിയില്‍നിന്നുതന്നെ ഗുരുതര വെല്ലുവിളി നേരിടുന്നു. അതേസമയം, പൊതുമേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റവുമടക്കമുള്ള ജനദ്രോഹ നടപടികള്‍ തുടരുകയും ചെയ്യുന്നു. ഭരണവര്‍ഗത്തിനെതിരെ ഒന്നിച്ചുനിന്നു പോരാടേണ്ട ദരിദ്രജനവിഭാഗത്തെ പരസ്പരം പോരടിക്കുന്ന നിലയിലേക്ക് എത്തിക്കാനാണ് വിദ്വേഷ രാഷ്ട്രീയത്തിലൂടെ ശ്രമിക്കുന്നത്, പല മാര്‍ഗങ്ങളിലൂടെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്- കോടിയേരി പറഞ്ഞു.

ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സമ്മേളനത്തെ നോക്കിക്കാണുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. വലതുപക്ഷ നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ജനദുരിതത്തെ ചൂഷണംചെയ്ത് വോട്ട്നേടി പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷ കക്ഷികള്‍ അധികാരത്തിലെത്തി. എന്നാല്‍, ജനങ്ങളുടെ കഷ്ടപ്പാട് തുടരുകതന്നെ ചെയ്യുന്നു. ചൂഷണവും ദുരിതവുമില്ലാത്ത, സമത്വവും മാന്യതയും നിലനില്‍ക്കുന്ന ലോകം സൃഷ്ടിക്കാന്‍ കൂടുതല്‍ സമര്‍പ്പിതമായി പ്രവര്‍ത്തിക്കാന്‍ കോടിയേരി ആഹ്വാനംചെയ്തു.---

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം