പരിഹാരം നീണ്ടാല്‍ രോഹിന്‍ഗ്യന്‍ പ്രശ്നം മത, സാമ്രാജ്യത്വ ശക്തികള്‍ ചൂഷണംചെയ്യും

Sunday Sep 24, 2017
സ്വന്തം ലേഖകന്‍
ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് - ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തിന്റെ സമാപനംകുറിച്ചു നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യുന്നു

കൊച്ചി > രോഹിന്‍ഗ്യന്‍ വിഷയത്തില്‍ പ്രശ്നപരിഹാരം നീളുന്നത് മത യാഥാസ്ഥിതികരും സാമ്രാജ്യത്വ പിന്തുണയുള്ള തീവ്രവാദ ശക്തികളും ചൂഷണം ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര മാനങ്ങളോടെ രോഹിന്‍ഗ്യകളുടെ മനുഷ്യാവകാശ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭ കൂടുതല്‍ ശക്തമായി ഇടപെടണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തിന്റെപേരില്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് അവരോട് കാണിക്കുന്ന ദ്രോഹമാണ്. അതേസമയം ഏതുതരത്തിലുള്ള ഭീകരവാദത്തെയും എതിര്‍ക്കുമെന്ന് കമ്യൂണിസ്റ്റ് സമ്മേളനം പ്രഖ്യാപിച്ചു. ചില ഗ്രൂപ്പുകളും വ്യക്തികളും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെപേരില്‍ രോഹിന്‍ഗ്യന്‍ സമുദായം മുഴുവന്‍ വേട്ടയാടപ്പെടുന്നത് അംഗീകരിക്കാനാകില്ല. അവര്‍ക്ക് മാന്യമായും അന്തസോടെയും ജീവിക്കാന്‍ അവസരമുണ്ടാക്കണം.

മ്യാന്‍മറിലെ രാഖിന്‍ സംസ്ഥാനത്ത് രോഹിന്‍ഗ്യകള്‍ ഭീകരമായ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. അവിടെനിന്ന് 4.5 ലക്ഷം പേര്‍ പാലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഹുഭൂരിപക്ഷവും ബംഗ്ളാദേശിലേക്കാണ് കുടിയേറിയത്. ഇത്രയും അഭയാര്‍ഥികളെ താങ്ങാന്‍ ബംഗ്ളാദേശിനാകില്ല. അതുകൊണ്ട് അന്താരാഷ്ട്ര ഇടപെടലും സഹായവും കൂടിയേ മതിയാകൂ. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനും ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.  ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മറും ബംഗ്ളാദേശും ഇന്ത്യയും നേപ്പാളും അന്താരാഷ്ട്ര സമൂഹവും രോഹിന്‍ഗ്യന്‍ വിഷയം പരിഹരിക്കാന്‍ രൂപരേഖ ഉണ്ടാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

രാവിലെ നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സംബന്ധിച്ച സെഷനുകളാണ് സമ്മേളനത്തില്‍ നടന്നതെന്ന് ബേബി പറഞ്ഞു.നേപ്പാള്‍ സെഷനില്‍ സിപിഎന്‍ യുഎംഎലിനെ പ്രതിനീധികരിച്ച് സുരേന്ദ്രപ്രസാദ് പാണ്ഡെയും യുസിപിഎന്‍ എംനെ പ്രതിനിധീകരിച്ച് രാം കാര്‍ക്കിയും വിഷയങ്ങള്‍ അവതരിപ്പിച്ചു. സിപിഐ എം സിസി അംഗം പി കെ ശ്രീമതി അധ്യക്ഷയായി.
തുടര്‍ന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും വിഷയങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സെഷനില്‍ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. ഈ സെഷനുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ സിസി അംഗം അരുണ്‍കുമാര്‍, ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവരും പങ്കെടുത്തു.

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം