ഇന്ത്യ, പാക് ജനങ്ങളുടെ സഹകരണത്തിന് സര്‍ക്കാരുകള്‍ എതിര്; പാക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സന്ദേശം

Sunday Sep 24, 2017
ഡി ദിലീപ്

കൊച്ചി > സംഘര്‍ഷത്തിന് പരിഹാരം ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണെന്ന് ഇന്ത്യയും പാകിസ്ഥാനും ആവര്‍ത്തിക്കുമ്പോഴും ഇരു രാജ്യനേതൃത്വവും ഇത് നിരുത്സാഹപ്പെടുത്തുകയാണെന്ന് പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടി. ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലും പുരോഗമനപ്രസ്ഥാനങ്ങള്‍ തമ്മിലുമുള്ള സഹകരണം ഇവര്‍ ആഗ്രഹിക്കുന്നില്ല. സഹകരണത്തിന്റെപേരില്‍ അവര്‍ക്ക് പ്രിയപ്പെട്ട സര്‍ക്കാരിതര സംഘടനകളെ കൈയയച്ച് സഹായിക്കുകയും ചെയ്യുന്നു.
വിസ നിഷേധിച്ചതുമൂലം കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് ഇതിന്റെ മറ്റൊരു ഉദാഹരണമാണെന്നും പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

ലോക മുതലാളിത്തം വിഭാഗീയതയെയും ഗോത്ര സംഘര്‍ഷങ്ങളെയും രാജ്യങ്ങള്‍ക്കെതിരായ യുദ്ധത്തിലേക്ക് വഴി തിരിക്കുകയാണ്. നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കാനുള്ള സാമ്രാജ്യത്വത്തിന്റെ കൂലിപ്പട്ടാളമാണ് അല്‍ഖായിദ, ഐഎസ്, താലിബാന്‍ തുടങ്ങിയ ഭീകരസംഘടനകള്‍. ഇറാഖ്, സിറിയ, സോമാലിയ, ലിബിയ, യമന്‍ ഒടുവില്‍ മ്യാന്‍മറിലും ഇതേ അജണ്ടയാണ് നടപ്പാക്കിയത്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രശ്നമല്ലിത്. പ്രത്യാഘാതങ്ങള്‍ ലോക ജനതയാണ് അനുഭവിക്കുന്നത്.
പാകിസ്ഥാന്‍ ഭരിക്കുന്ന സൈനികനേതൃത്വം ജനാധിപത്യ-സാമൂഹ്യ അവകാശങ്ങള്‍ നിഷേധിക്കുന്നു. പാര്‍ടി നേതാവ് ഹസന്‍ നാസര്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. പാര്‍ടിയെ നിരോധിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജയിലിലാണ്. ഈ അവസ്ഥയിലും പോരാട്ടം തുടരുകയാണ്. സംഘടനാപരമായ അച്ചടക്കമാണ് ഇതിന് സഹായിക്കുന്നത്.

1980ലെ പട്ടാള നിയമമായിരുന്നു കൂടുതല്‍ പൈശാചികം. രാജ്യത്തിന്റെ സോഷ്യലിസ്റ്റ് അടിത്തറ തകര്‍ക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ 60,000 മദ്രസകളാണ് സ്ഥാപിച്ചത്. സൌദി കയറ്റുമതിചെയ്യുന്ന മതപഠനമാണ് ഇവിടെ നടക്കുന്നത്. ജിഹാദിന് തിളക്കം കൂട്ടാന്‍ സര്‍വകലാശാലകളിലും കോളേജുകളിലുംവരെ പ്രത്യേക നിയമനങ്ങള്‍ നടത്തി. അഫ്ഗാന്‍ അതിര്‍ത്തിയിലെ പല ഗ്രാമങ്ങളും ജിഹാദികള്‍ക്ക് കീഴിലായി. രാജ്യം മുഴുവന്‍ വര്‍ഗീയജ്വരം പരത്തി. ഇതിനായി പാഠപുസ്തകങ്ങളിലും കരിക്കുലത്തിലും മതസങ്കുചിത ലേഖനങ്ങള്‍ തിരുകിക്കയറ്റി. ജനാധിപത്യവും മതനിരപേക്ഷതയും അര്‍ഥമില്ലാത്ത വാക്കുകളായി. ഇന്നും അതു തുടരുകയാണ്.

മത-ദൈവ നിന്ദ ആരോപിച്ച് ആരെയും ഏതുനിമിഷവും കൊല്ലാം. പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണറെയും കേന്ദ്ര ന്യൂനപക്ഷ മന്ത്രിയെയും പരസ്യമായി കൊന്നു. ഇവയ്ക്ക് എതിരായ യോജിച്ചപോരാട്ടത്തിന് പുരോഗമനശക്തികള്‍ സജ്ജമാകേണ്ടതുണ്ട്. കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ടികളുടെ സാഹോദര്യവും ഐക്യവും പുതിയ കാലത്ത് ആയുധമാക്കണമെന്നും പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടി സന്ദേശത്തില്‍ പറഞ്ഞു.

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം