ചോരപൊടിഞ്ഞിട്ടും വിട്ടില്ല; മരണമുഖംതാണ്ടി ഹേമന്ദും

Wednesday Jan 10, 2018

തൃശൂര്‍ > വിരലില്‍ ചോരപൊട്ടിയൊഴുകുമ്പോഴും താളം പിഴയ്ക്കാതിരിക്കാന്‍ അഭിരാമി ഇലത്താളം വിട്ടില്ല. മരണമുഖം താണ്ടിയെത്തിയ ഹേമന്ദും കാലങ്ങള്‍ കൊട്ടിക്കയറി. ഇടുക്കി കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് പാണ്ടിയില്‍ പടനയിച്ചു. തൃശൂര്‍ ഹോളി ഫാമിലി സ്കൂള്‍ വേദിയില്‍ ചെണ്ടമേളത്തിനിടെയാണ് ഇലത്താളം പിടിക്കവെ അഭിരാമിയുടെ വിരലുകള്‍ കൂട്ടിയുരഞ്ഞ് ചോരവാര്‍ന്നത്. പക്ഷേ, അവള്‍ മേളത്തിനൊത്ത് മത്സരാവസാനംവരെ ഇലത്താളമിട്ടു.

ഇതേസംഘത്തിലുണ്ടായ ഹേമന്ദ് കഴിഞ്ഞദിവസത്തെ അപകടത്തെ അതിജീവിച്ചാണ് മത്സരത്തിനെത്തിയത്. ഹേമന്ദും സഹോദരന്‍ സുജിത്തും ബൈക്കില്‍ പാലായ്ക്ക് പോകവെ ലോഫ്ളോര്‍ ബസിടിച്ചായിരുന്നു അപകടം. ഹേമന്ദിന്റെ മുഖത്താകെ പരിക്കേറ്റു. കൈക്കും കാലിനും പരിക്കേറ്റു. ചേട്ടന്റെ കാലൊടിഞ്ഞു. ശസ്ത്രക്രിയ നടത്തേണ്ടിവന്നു. പരിക്കുകളില്‍നിന്ന് മോചിതനാകുംമുമ്പേ മുഖത്ത് മുറിപ്പാടുകളുമായാണ് ഹേമന്ദ് മത്സരത്തിനെത്തിയത്. ചേട്ടന്‍ ഇപ്പോഴും ആശുപത്രിയിലാണ്. ശ്രീദേവായിരുന്നു ടീം ലീഡര്‍. ആനന്ദ് എസ് കുമാറാണ് മേളപ്രമാണിയായത്. കാശിനാഥന്‍, അനന്തന്‍, അജയ് എന്നിവരും സംഘത്തിലുണ്ടായി.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ