ജനുവരിക്ക് ഒരോര്‍മകൂടി; ഇന്ന് തിരശ്ശീല വീഴും

Monday Jan 25, 2016

തിരുവനന്തപുരം >  അനന്തപുരിയെ ഒരാഴ്ച കേരളത്തിന്റെ കലാതലസ്ഥാനമാക്കിയ 56–ാം സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴും. വേദികളെ രാപ്പകലുകളാക്കിയ യുവപ്രതിഭകള്‍ ആഹ്ളാദവും സങ്കടങ്ങളും  പങ്കുവച്ച്  മടങ്ങിത്തുടങ്ങി. 117. 5 പവന്‍ കലാകിരീടം ആരുടെ കൈയിലേക്ക് എന്ന് ഇനിയും ഉറപ്പിക്കാനായില്ല. കോഴിക്കോടിനാണ് നേരിയ മുന്‍തൂക്കമെങ്കിലും പാലക്കാടും കണ്ണൂരും മലപ്പുറവും തൊട്ടുപിന്നാലെയുണ്ട്.  സുവര്‍ണ കിരീടത്തിന് കൈ എത്താന്‍ ആറ് മത്സരം ബാക്കിയുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടത്തെ ഒന്നാംവേദിയായ ചിലങ്കയില്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംനടത്തുന്ന  സമാപനച്ചടങ്ങ് വരെ ഈ പിരിമുറുക്കം തുടരുമെന്നാണ് കരുതുന്നത്.   വിദ്യാഭ്യാസമന്ത്രി  പി കെ അബ്ദുറബ്ബ് കലാകിരീടം സമ്മാനിക്കും.

ആറാം ദിവസവും വര്‍ണശബളമായിരുന്നു കലോത്സവം. കേരള നടനം, സംഘനൃത്തം, ഹയര്‍സെക്കന്‍ഡറി ഒപ്പന, നാടോടിനൃത്തം  എന്നിവയൊക്കെ വിധികര്‍ത്താക്കളെ ഇരുത്തി പരീക്ഷിച്ചു. ഒന്നിനൊന്ന് മികച്ചതായിരുന്നു ഒരോന്നും. നാടന്‍പാട്ട്, നാടോടിനൃത്തം, സംഘനൃത്തം എന്നിവയിലൊകെ പുതുമയും ത്രസിപ്പിക്കുന്ന  യൌവനവും സമന്വയിച്ചപ്പോള്‍ അവിസ്മരണീയ അനുഭവമായി.

സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയത്തിലെവേദി അഞ്ചില്‍ ഹൈസ്കൂള്‍ വിഭാഗം നാടകം തുടങ്ങിയതുമുതല്‍ അലങ്കോലമായി. ഹയര്‍സെക്കന്‍ഡറി വിഭാഗം നാടകവുമായി ബന്ധപ്പെട്ടുയര്‍ന്ന ശബ്ദസജ്ജീകരണത്തിലെ അപാകം പരിഹരിക്കാന്‍ തയ്യാറാവാതിരുന്നതാണ് കാരണം. ആദ്യനാടകത്തിലെ ഡയലോഗുകള്‍   തെളിയാതെവന്നപ്പോള്‍ സദസ്സ്  പ്രതിഷേധവുമായി എഴുന്നറ്റു. സൂര്യകൃഷ്ണമൂര്‍ത്തി, നടന്‍ കൊച്ചുപ്രേമന്‍,  നടി സേതുലക്ഷ്മി തുടങ്ങി നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള നാടകകലാകാരന്മാര്‍ സദസ്സില്‍ ഉണ്ടായിരുന്നു. ചില ഉപകരണങ്ങള്‍ മാറ്റി  നാടകം തുടരാന്‍ ശ്രമിച്ചുവെങ്കിലും  പ്രതിഷേധം ശക്തമായി.

ഒടുവില്‍ മറ്റൊരു വേദിയിലേക്ക് നാടകം മാറ്റാന്‍ തീരുമാനിച്ചു. രാവിലെ പത്തിന് തുടങ്ങേണ്ട നാടകമത്സരം വൈകിട്ട് അഞ്ചിനാണ്് പൂജപ്പുരമൈതാനത്ത് തുടങ്ങിയത്. മത്സരാര്‍ഥികള്‍ ശരിക്കും വട്ടംകറങ്ങി. പെണ്‍കുട്ടികളുടെ ഹൈസ്കൂള്‍ വിഭാഗം നാടോടി മത്സരം നടന്ന വിജെടി ഹാളിലും പ്രതിഷേധമുണ്ടായി. നൃത്തം നടന്നുകൊണ്ടിരിക്കെ സിഡി പ്ളെയര്‍ നിന്നതായിരുന്നു പ്രശ്നം. സിഡിയുടെ കുഴപ്പമാണ് കാരണമെന്ന് വിധിച്ചു അടുത്ത മത്സരാര്‍ഥിയെ വിളിച്ചതോടെ പ്രതിഷേധം ആളി.  തബലമത്സരത്തില്‍ ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയ ഒരു  വിധികര്‍ത്താവിനെതിരെ നടപടി സ്വീകരിക്കേണ്ടിയുംവന്നു.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ