പൊന്നാണമ്മ

Monday Jan 25, 2016
കണ്ണീര്‍ക്കല ചന്ദന രാജേന്ദ്രന്റെ നൃത്തത്തിനിടയില്‍ സിഡി നിന്നുപോയതിനെതുടര്‍ന്ന് അമ്മ സന്ധ്യ രാജേന്ദ്രന്‍ സ്റ്റേജിന് മുന്നില്‍ പൊട്ടിക്കരയുന്നു.

തിരുവനന്തപുരം > നാടോടി നൃത്തത്തില്‍ ചന്ദന രാജേന്ദ്രന് ലഭിച്ച ഒന്നാംസ്ഥാനത്തിന് അമ്മ സന്ധ്യയുടെ കണ്ണീരുണ്ട്. നൃത്തവേദിയില്‍ സംഗീതം നിലച്ചപ്പോള്‍ പകച്ചുപോയ മകളുടെ മുഖംകണ്ട് ആര്‍ത്തുനിലവിളിച്ച സന്ധ്യയുടെ മുഖം ഒരുവേള സംസ്ഥാന കലോത്സവത്തിലെ നോവായി. തൊഴുകൈയുമായി മകള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കാന്‍ ആ അമ്മ പരക്കംപാഞ്ഞപ്പോള്‍ പ്രേക്ഷകരുടെ നെഞ്ചും നീറി.

നാടോടി നൃത്തം ഹൈസ്കൂള്‍ വിഭാഗം മത്സരത്തിലായിരുന്നു മകള്‍ക്കായി കേഴുന്ന അമ്മ പ്രേക്ഷകരുടെ മിഴികളെ ഈറനണിയിച്ചത്. അര്‍ച്ചന നൃത്തംചെയ്യുന്നതിനിടെ സിഡി പ്ളെയര്‍ തകരാറിലാവുകയായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ തകരാര്‍ ചൂണ്ടിക്കാട്ടി നിലവിളിയോടെ സന്ധ്യ സംഘാടകര്‍ക്ക് മുന്നിലെത്തി. മകള്‍ക്ക് വീണ്ടുമൊരു അവസരംനല്‍കണമെന്ന് കെഞ്ചി. എന്നാല്‍ രേഖാമൂലം പരാതിനല്‍കാനായിരുന്നു സംഘാടകരുടെ മറുപടി.

സന്ധ്യയുടെയും മകളുടെയും ദുഃഖം കണക്കിലെടുക്കാതെ മത്സരം തുടര്‍ന്നു. എന്നാല്‍ തൊട്ടടുത്ത മത്സരാര്‍ഥിയുടെ പ്രകടനത്തിനിടയിലും സിഡി പ്ളെയര്‍ പണിമുടക്കിയതോടെ ആസ്വാദകരും പ്രതിഷേധവുമായെത്തി. ഇതോടെ ഡിസ്കുകളും സിഡി പ്ളെയറും പരിശോധിക്കുകയും വീഴ്ചസംഭവിച്ചത് മനസ്സിലാക്കി വീണ്ടും മത്സരിക്കാന്‍ അവസരംനല്‍കുകയുമായിരുന്നു. രണ്ടാമതും വേദിയില്‍ കയറിയ ചന്ദന ചുവടുവച്ചു. ഫലമറിഞ്ഞപ്പോള്‍ ഒന്നാംസ്ഥാനം. ഇതോടെ അമ്മയുടെയും മകളുടെയും കണ്ണീര്‍ സന്തോഷച്ചിരിയായി. ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്എസ്എസ് ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയാണ് ചന്ദന.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ