ഓട്ടോ കയറിയെത്തി; മടങ്ങുമ്പോള്‍ കൂടെ കൂട്ടി ഒന്നാംസ്ഥാനം

Sunday Jan 24, 2016
സ്വന്തം ലേഖകന്‍
എബിസണും അച്ഛന്‍ ബൈജുവും ഓട്ടോയില്‍ മടങ്ങുന്നു

തിരുവനന്തപുരം > രാവിലെ ഓട്ടോ സ്റ്റാര്‍ട്ടായപ്പോള്‍ എന്താ അച്ഛാ വണ്ടി കലാഭവന്‍ മണിയെപ്പോലെയെന്ന് എബിസണിന്റെ ചോദ്യം. അച്ഛന്‍ ബൈജുവും വിട്ടില്ല. പോ മോനെ ദിനേശാ എന്ന് മോഹന്‍ലാലിന്റെ ശബ്ദത്തില്‍ തിരിച്ചൊരു കൌണ്ടര്‍. ഇതുകേട്ട് ആരോ മത്സരിക്കാന്‍ പോകുന്നത് അച്ഛനോ അതോ മോനോ എന്ന എബിസണിന്റെ അമ്മ അനിതയുടെ സംശയത്തിന് 'ഞങ്ങള്‍ പോട്ടെ പോയിവരുമ്പോള്‍ എന്തുകൊണ്ടുവരണമെന്ന്' സത്യന്‍ സ്റ്റെലില്‍ ചോദ്യമെറിഞ്ഞ് ഇരുവരും വണ്ടിവിട്ടു, കോട്ടയത്തുനിന്ന്.

എബിസണ്‍ അമ്മക്ക് സമ്മാനം നല്‍കാനായി കരുതിയത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മിമിക്രി മത്സരത്തിലെ ഒന്നാം സ്ഥാനം.  ശ്വാസകോശം സ്പോഞ്ച് പോലെയാണ്...എന്ന് തുടങ്ങുന്ന പരസ്യം അവതരിപ്പിച്ചായിരുന്നു തുടക്കം. പിന്നാലെ  തൃശൂര്‍ പൂരവും ജുറാസിക് പാര്‍ക്ക് ചിത്രത്തിന്റെ ട്രയിലറും ജനറേറ്റര്‍ ഓണ്‍ചെയ്യുന്ന ശബ്ദവും തലമുടി വെട്ടുന്ന ശബ്ദവും. നിറഞ്ഞ കൈയടിയോടെയായിരുന്നു സദസ്സിന്റെ പ്രതികരണം. അനുകരണകലയില്‍ ഗുരുനാഥന്‍കൂടിയായ അച്ഛന്‍ ബൈജുവിനുള്ള ദക്ഷിണകൂടിയാണീ സമ്മാനം. എച്ച്എസ് വിഭാഗത്തിലാണ് മത്സരിച്ചത്.

ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന ബൈജുവിന് പണ്ടേ ശബ്ദാനുകരണത്തോട് കമ്പമുണ്ട്. കൊള്ളാലോയെന്ന് കൂട്ടുകാര്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ശബ്ദാനുകരണം തേച്ചുമിനുക്കി. അതോടെ കേള്‍ക്കുന്നവരുടെ കൈയടിയുടെ എണ്ണം കൂടി. പരിശീലനങ്ങളിലൂടെ  ഒന്നാന്തരം മിമിക്രിക്കാരനായി ബൈജു. ഇപ്പോള്‍ അച്ഛന്റെ പാതയിലൂടെ മകനും മിമിക്രിയില്‍ താരമാണ്. കോട്ടയം കാഞ്ഞിരപ്പള്ളി ഗവ. എച്ച്സിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ് എബിസണ്‍. എട്ടാം ക്ളാസുകാരി റിയ, ഒന്നാം ക്ളാസുകാരി ദിയ എന്നിവര്‍ സഹോദരങ്ങളാണ്. 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ