• 22 മേയ് 2013
  • 8 ഇടവം 1188
  • 12 റജബ്ബ് 1434
ഹോം  » ദേശാഭിമാനി വാരിക
  • ഏതോ ജന്മകല്‍പനയില്‍
    പൂവച്ചല്‍ ഖാദര്‍/ഷംസുദ്ദീന്‍ കുട്ടോത്ത്
  • പാട്ടെഴുത്തില്‍ നാല്‍പതുകൊല്ലം പിന്നിടുകയാണ് പൂവച്ചല്‍ ഖാദര്‍. പ്രണയവും വിരഹവും സ്വപ്നങ്ങളും തത്വചിന്തയുമെല്ലാം അലിഞ്ഞ് ചേര്‍ന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍ മൂളാത്ത മലയാളികളുണ്ടാവില്ല. ""സരളവും ലളിതവും കോമളവുമാണ് ഖാദറിന്റെ പദഘടന. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നത്ര സംവേദനക്ഷമമാണ് അദ്ദേഹത്തിന്റെ രചനാശൈലി""-"ചിത്തിരത്തോണി" എന്ന ഗാനസമാഹാരത്തിന് എഴുതിയ അവതാരികയില്‍ ശ്രീകുമാരന്‍ തമ്പി നിരീക്ഷിക്കുന്നു. പാട്ടിനെ കവിതയോടടുപ്പിക്കുന്നതില്‍ ജാഗ്രതപുലര്‍ത്തിയ എഴുത്തുകാരനാണദ്ദേഹം.

     

    "നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...." "അനുരാഗിണീ, ഇതായെന്‍ കരളില്‍ വിരിഞ്ഞ..." "ഹൃദയം ഒരു വീണയായ്..." "പൂമാനമേ ഒരു രാഗമേഘം താ..." "രാജീവം വിടരും നിന്മിഴികള്‍...." "ശരറാന്തല്‍ തിരിതാണു മുകിലില്‍ കുടിലില്‍...." തുടങ്ങി ആയിരക്കണക്കിന് ചലച്ചിത്ര ഗാനങ്ങള്‍ ഖാദറിന്റെ ഭാവനയില്‍ വിരിഞ്ഞിട്ടുണ്ട്. ലളിതഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ ഗാനശാഖയ്ക്കും അദ്ദേഹം നല്‍കിയ സംഭാവന അളവറ്റതാണ്. "ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ...." പോലുള്ള ലളിതഗാനങ്ങളും "അഹദോന്റെ തിരുനാമം..", "മണവാട്ടി കരംകൊണ്ട് മുഖം മറച്ചു..." തുടങ്ങിയ സിനിമയിലെ മാപ്പിളഗാനങ്ങളും ഗാനാസ്വാദകരുടെ ഹൃദയത്തില്‍ എക്കാലവും തുളുമ്പിനില്‍ക്കുന്നവയാണ്. പി ഭാസ്കരനുശേഷം ഒപ്പനപ്പാട്ടുകളെന്നും മാപ്പിളപ്പാട്ടുകളെന്നുമൊക്കെ വിളിക്കാവുന്ന കല്യാണപ്പാട്ടുകള്‍ മലയാള സിനിമയില്‍ ഏറ്റവുമധികം രചിച്ചത് പൂവച്ചല്‍ ഖാദറാണ്. നേരിയ മഞ്ഞിന്റെ ചുംബനംകൊണ്ടു തുടുത്ത പൂവിന്റെ കവിളുപോലെ മനോഹരമാണ് ഖാദറിന്റെ ഗാനലോകം. വില്ലുവണ്ടിയേറിയ കുട്ടിക്കാലം തിരുവനന്തപുരത്തിനടുത്തുള്ള പൂവച്ചല്‍ എന്ന ഗ്രാമമാണ് പൂവച്ചല്‍ ഖാദര്‍ എന്ന എഴുത്തുകാരനെ വളര്‍ത്തിയത്. ഗ്രാമത്തിന്റെ സ്പന്ദനങ്ങളെ കൗതുകത്തോടെ നിരീക്ഷിക്കുന്ന സ്വഭാവം കുട്ടിക്കാലത്തേ ഖാദറിനുണ്ടായിരുന്നു. ഈ ഉള്‍നാടന്‍ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് ദൂരെയായി അഗസ്ത്യാര്‍കൂടം കാണാം. വേനല്‍ക്കാല വൈകുന്നേരങ്ങളിലെ അഗസ്ത്യാര്‍കൂടക്കാഴ്ച ഖാദറിന്റെ ബാല്യമനസ്സിനെ ഏറെ ആകര്‍ഷിച്ചു. ആകാശത്തിന് അതിരിട്ട് ഞൊറിപോലെ കിടക്കുന്ന ആ ദൂരക്കാഴ്ചയെ ഖാദര്‍ അനുഭവിക്കുകയായിരുന്നു. ദൂരങ്ങള്‍ക്കുമപ്പുറത്തെ കാഴ്ചകളെയും നാട്ടിന്‍പുറക്കാറ്റിന്റെ തലോടലിനെയും കൗതുകത്തോടെ അനുഭവിച്ച ഖാദര്‍ കുട്ടിക്കാലത്തുതന്നെ ഏകാന്തതയെ ഇഷ്ടപ്പെട്ടുതുടങ്ങി. ""വേനല്‍ക്കാലത്ത് അഗസ്ത്യാര്‍കൂടത്തിലേക്ക് നോക്കിയാല്‍ ആകാശത്തിനു താഴെ തീപടരുന്നത് കാണാം. കാടെരിയുന്ന ആ കാഴ്ച ആകാശത്തിന് ആരോ തീയിട്ടതായാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ മനസ്സിലും സ്വപ്നങ്ങളിലുമൊക്കെ കുറേക്കാലം ഈ തീ പടര്‍ന്നുനിന്നു. നാട്ടിലെ വയലും പാറയും മലഞ്ചെരിവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു,"" ഖാദര്‍ പറയുന്നു. നല്ല സാമ്പത്തികസ്ഥിതിയുള്ള വീടായിരുന്നു ഖാദറിന്റേത്. സാമ്പത്തികാവസ്ഥയെ വിളിച്ചോതുന്ന ബിംബങ്ങളിലൊന്നായിരുന്നു അന്ന് വീടുകളിലുണ്ടായിരുന്ന വില്ലുവണ്ടി. ഒരു ഗ്രാമത്തില്‍ ഒന്നോ രണ്ടോ വീടുകളിലേ അന്ന് വില്ലുവണ്ടി ഉണ്ടായിരുന്നുള്ളൂ. ഖാദര്‍ പള്ളിയിലൊക്കെ പോയിരുന്നത് വില്ലുവണ്ടിയിലായിരുന്നു. ഖാദറിന്റെ ബാപ്പ അബൂബക്കര്‍പിള്ള പലചരക്കു കച്ചവടക്കാരനായിരുന്നു. റാബിയത്തുല്‍ ആദബിയാ ബീവിയാണ് ഉമ്മ. ആറുമക്കളില്‍ അഞ്ചാമനാണ് ഖാദര്‍. ""ബാപ്പയുടെ കടയുടെ തൊട്ടടുത്ത് കൊല്ലന്റെ ആലയുണ്ടായിരുന്നു. ആലമുക്ക് എന്നാണ് ഇന്നും ആ പ്രദേശം അറിയപ്പെട്ടിരുന്നത്. കൊല്ലന്റെ മക്കളൊക്കെ എന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ അവിടെ ഉല ഊതാന്‍ സഹായിക്കും. ബാല്യകാലത്തെ എന്റെ പ്രിയ വിനോദങ്ങളിലൊന്നായിരുന്നു ഉലതിരിക്കല്‍. ചുട്ടുപഴുത്ത ഇരുമ്പിന്റെ കാഴ്ച ഇഷ്ടമായിരുന്നു. അത് വെള്ളത്തില്‍ മുക്കുമ്പോഴുള്ള ശബ്ദവും.""

     

    ? വിദ്യാഭ്യാസം, എഴുത്തിലേക്കുള്ള വഴി = പൂവച്ചല്‍ എല്‍പി സ്കൂള്‍, കുളത്തുമ്മല്‍ യുപി സ്കൂള്‍, ആര്യനാട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കരമനയാറ് കടന്നുവരുന്നത് ആര്യനാട്ടിലൂടെയാണ്്. അതു വളരെ സന്തോഷമുണ്ടാക്കിയ കാഴ്ചയാണ്. കരമനയാറും അതിലെ ഓളങ്ങളുമെല്ലാം അറിഞ്ഞോ അറിയാതെയോ എന്റെ ഭാവനയെ തൊട്ടുണര്‍ത്തിയിട്ടുണ്ടാവാം. പൂവച്ചലില്‍നിന്നും സ്കൂളിലേക്ക് പത്ത് കിലോമീറ്റര്‍ യാത്രയുണ്ട്. ഈ നടത്തം എന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ചതായി തോന്നാറുണ്ട്. കൂട്ടുകൂടിയും ഒറ്റയ്ക്കമുള്ള നടത്തം രസകരമായിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ "ശങ്കരമന്ദിരം" എന്ന വീട്ടില്‍ ട്യൂഷന് പോകാറുണ്ടായിരുന്നു. അവിടത്തെ വിശ്വേശ്വരന്‍നായര്‍ ആയിരുന്നു ക്ലാസെടുത്തത്. പുള്ളി എടുക്കുന്ന ലൈബ്രറി പുസ്തകങ്ങള്‍ വായിക്കാന്‍ തരുമായിരുന്നു. ഒരിക്കല്‍ "സരയൂദേവി" എന്ന നോവല്‍ വായിക്കാന്‍ തന്നു. ആരാണ് എഴുതിയതെന്ന് ഓര്‍മയില്ല. നോവലിലെ പത്ത് പേജ് ദിവസവും വായിക്കണം. ചിലപ്പോള്‍ വായിച്ച ഭാഗത്തുനിന്നു ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അങ്ങനെയാണ് എന്റെ വായന തുടങ്ങുന്നത്. പരിസരത്തുതന്നെ കൈരളി വായനശാലയുണ്ട്. അദ്ദേഹം അതിന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. വായനശാലയ്ക്കുവേണ്ടി അന്ന് "കേരളശ്രീ" എന്ന പേരില്‍ ഒരു കൈയെഴുത്ത് മാസിക പുറത്തിറക്കിയിരുന്നു. വിശ്വേശ്വരന്‍നായര്‍ സാറായിരുന്നു എഡിറ്റര്‍. അതിലേക്ക് എന്തെങ്കിലും എഴുതിക്കൊടുക്കാന്‍ അദ്ദേഹം എന്നോടു പറഞ്ഞു. സത്യത്തില്‍ ആദ്യം എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒടുവില്‍ മനസ്സില്‍ തോന്നിയ എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടു. ""ഉണരൂ നീ കൈരളീ ഉണരൂ നീ വേഗം നെടുമോഹനിദ്ര വിട്ടുണരൂ- നീ വേഗം""- എന്നു തുടങ്ങുന്ന കവിതയാണ് എഴുതിയത്. ആ കവിത ഞാനെന്റെ ജ്യേഷ്ഠനായ ഹനീഫയെ കാണിച്ചു. അദ്ദേഹം അന്ന് ടിടിസിക്ക് പഠിക്കുകയായിരുന്നു. നല്ല വായനയുമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ കവിത കൊള്ളാം എന്നു പറഞ്ഞു. വിശ്വേശ്വരന്‍ സാറും കവിത നന്നായെന്ന് പറഞ്ഞു. ഇത് വലിയ ആത്മവിശ്വാസം തന്നു. അതേ മാസികയില്‍ കെ സി കാട്ടാക്കട എന്ന കവിയുടെ രചനയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരവധി കവിതകള്‍ അക്കാലത്ത് വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്നു. അദ്ദേഹം എന്റെ കവിത കണ്ട് എന്നെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് ഞാന്‍ ഹനീഫയുടെ അനുജനാണെന്നറിഞ്ഞത്. അദ്ദേഹം ജ്യേഷ്ഠന്റെ സുഹൃത്തായിരുന്നു. എന്നോടു അദ്ദേഹത്തെ ചെന്നു കാണാന്‍ പറഞ്ഞതനുസരിച്ച് പോയിക്കണ്ടു. കവിത നന്നായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കവിതയെക്കുറിച്ച് പഠിക്കാനും ഉപദേശിച്ചു. എഴുത്തച്ഛന്‍ }ഉള്‍പ്പെടെയുള്ള കുറേ കവികളുടെ പ്രസിദ്ധ കൃതികള്‍ എനിക്ക് വായിക്കാന്‍ തന്നു. അങ്ങനെ കവിതയെക്കുറിച്ചു കുറച്ചു ധാരണയൊക്കെയായി. പിന്നീട് ചില ചെറിയ പ്രസിദ്ധീകരണങ്ങളില്‍ കവിതയെഴുതിത്തുടങ്ങി.

     

    ? ക്യാമ്പസ് പഠനകാലം വായനയെ സ്വാധീനിച്ചിരുന്നോ = തീര്‍ച്ചയായും ഉണ്ട്. തൃശൂര്‍ തൃപ്രയാറില്‍ പോളിടെക്നിക്കിന് പഠിച്ചത് എന്റെ വായനയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അവിടുത്തെ അധ്യാപകരും അന്തരീക്ഷവും എഴുത്തിനെയും വായനയേയും സ്വാധീനിച്ചു. അവിടുത്തെ അധ്യാപകരായ ടി ആര്‍ ചന്ദ്രദത്ത്, സി എം ഡി നമ്പൂതിരിപ്പാട്, കൃഷ്ണന്‍കുട്ടി, ശ്രീധരന്‍ തുടങ്ങിയ മാഷന്മാരൊക്കെ കലയോട് താല്‍പര്യമുള്ള വിദ്യാര്‍ഥികളെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. വാര്‍ഷിക പരിപാടിയിലൊക്കെ ഞാന്‍ കവിതാരചനാമത്സരത്തില്‍ പങ്കെടുത്തിരുന്നു. സമ്മാനങ്ങളും കിട്ടി. ആദ്യമായി കവിത അച്ചടിച്ചുവരുന്നതും അവിടുത്തെ പഠനകാലത്താണ്. ആദ്യമായി പാട്ടെഴുതുന്നതും അവിടെവച്ചായിരുന്നു. ""അഴകിലുറങ്ങും കാവുകളില്‍ വസന്തഗായകര്‍ പാടുമ്പോള്‍..."" എന്ന പാട്ടിന് സംഗീതം നല്‍കി പാടി പ്രചരിപ്പിച്ചത് ഗായകനും സതീര്‍ഥ്യനുമായ പി എ മൂസ്സയായിരുന്നു. കോളേജിലെ നാടകത്തിനും അക്കാലത്ത് പാട്ടെഴുതി. തൃപ്രയാര്‍ അമ്പലത്തിനടുത്തായിരുന്നു അന്ന് താമസിച്ചത്. അമ്പലത്തിന്റെ അന്തരീക്ഷം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.

     

    ? മദ്രസ പഠനകാലത്തെ ഓര്‍മകള്‍. അത് എത്രത്തോളം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട് = ആ കാലത്ത് സ്കൂളില്ലാത്ത ദിവസങ്ങളിലായിരുന്നു മദ്രസാ പഠനം. പള്ളിയോട് ചേര്‍ന്നാണ് മദ്രസ. രണ്ടു വിധത്തില്‍ പേടിപ്പെടുത്തുന്നതായിരുന്നു മദ്രസ പഠനം. ഒന്ന്, ഉസ്താദിന്റെ അടി; മറ്റൊന്ന് കാടും ഖബറുകളുമുള്ള അന്തരീക്ഷം. അവിടെ ജിന്നുകള്‍ പാമ്പുകളായി സഞ്ചരിക്കുമെന്നും ചില ഖബറുകളില്‍നിന്നും ശൈത്താന്മാര്‍ പുറപ്പെടുമെന്നും രാത്രിയില്‍ ഖബറുകളില്‍ വെളിച്ചം കാണുമെന്നുമൊക്കെ മുതിര്‍ന്ന കുട്ടികള്‍ പറയുന്ന കഥയും ചുമലിലിരുന്ന് കണക്കെഴുതുന്ന മലക്കുകളെക്കുറിച്ചുള്ള ഉസ്താദിന്റെ പ്രസ്താവനയും ഖബര്‍സ്ഥാനില്‍ വിരിയുന്ന ചില പൂക്കളുടെ രൂക്ഷ ഗന്ധവും ചേര്‍ന്ന് ഭീതിജനകമായിരുന്നു അന്തരീക്ഷം. അങ്ങനെ ഹൗളിലെ മീനുകളേയും പരിസരത്തെ പക്ഷികളേയും ജിന്നുകളായി സങ്കല്‍പ്പിച്ച മനസ്സോടെയായിരുന്നു മദ്രസ പഠനം. ഉസ്താദ് പാഠം ചൊല്ലിത്തന്നാല്‍ ഓതിപ്പഠിച്ച് അടുത്ത ദിവസം ഉസ്താദിന്റെ മുമ്പില്‍ പോയി ഓതിക്കേള്‍പ്പിക്കണം. അതുകൊണ്ടുതന്നെ ഓതുമ്പോള്‍ വിക്കിപ്പോകും. അപ്പോള്‍ കിട്ടും അടി. മദ്രസയില്‍ പോയില്ലെങ്കില്‍ വീട്ടില്‍നിന്നും കിട്ടും അടി. എന്തൊക്കെയായാലും എന്റെ എഴുത്തിനെയും ഭാവനയെയുമൊക്കെ ഏതൊക്കെയോ തരത്തില്‍ ഇതൊക്കെ സ്വാധീനിച്ചിട്ടുണ്ട് എന്നു തന്നെയാണ് തോന്നുന്നത്.

     

    ? ചെറുപ്പത്തില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചല്ലോ = പോളിടെക്നിക് പഠനത്തിനുശേഷം തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ചേര്‍ന്നു. കോഴ്സ് കഴിഞ്ഞ ഉടന്‍ 24-ാം വയസ്സില്‍ ജോലിയും കിട്ടി. കോഴിക്കോട്ടായിരുന്നു പോസ്റ്റിങ്- ഓവര്‍സിയറായിട്ട്. പിന്നീട് എന്‍ജിനിയറായും. അക്കാലത്ത് ഒരുപാട് എഴുതിയിരുന്നു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എറണാകുളത്തുനിന്നും പുറത്തിറങ്ങിയിരുന്ന ജന്മഭൂമി എന്ന മാസികയിലായിരുന്നു ആദ്യ കവിത അച്ചടിച്ചു വന്നത്. പിന്നെ പത്രങ്ങളുടെ വാരാന്തപ്പതിപ്പുകളിലും വാരികകളിലുമായി കവിതകള്‍ ധാരാളമെഴുതി.

     

    ? കോഴിക്കോടന്‍ ജീവിതമാണല്ലോ വഴിത്തിരിവായത് = 1970കളിലാണ് ഞാന്‍ കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട്ടെ സാഹിത്യ-സാംസ്കാരിക രംഗവുമായി സജീവമായ ബന്ധമുണ്ടായിരുന്നു. അതിന് കാരണം കാനേഷ് പൂനൂരാണ്. അന്നദ്ദേഹം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നു. ചന്ദ്രിക അന്ന് ഏറെ ശ്രദ്ധനേടിയ പ്രസിദ്ധീകരണമായിരുന്നു. എന്റെ കവിത ചന്ദ്രികയില്‍ വന്നതിനുശേഷമാണ് അദ്ദേഹത്തെ ഞാന്‍ പോയി കാണുന്നത്. അന്ന് ഞാന്‍ എരഞ്ഞിപ്പാലത്തും കൊട്ടാരം റോഡിലും വൈഎംസിഎ റോഡിലും അരക്കിണറിലുമൊക്കെയായിരുന്നു താമസം. പൂനൂര്‍ കെ കരുണാകരന്‍, സലാം കാരശ്ശേരി, എം എന്‍ കാരശ്ശേരി, എ പി കുഞ്ഞാമു, സി കെ താനൂര്‍, അബ്ദുള്ള നന്മണ്ട, പോക്കര്‍ കടലുണ്ടി, മുഹമ്മദ് കോയ നടക്കാവ്, എ പത്മനാഭന്‍(അശ്വതി), എന്‍ എസ് ഐസക്, ശ്രീധരനുണ്ണി, ആബിദ് പള്ളിപ്പുറം, കെ പി മുഹമ്മദലി, യു കെ കുമാരന്‍, ദയാനന്ദന്‍ ഇവരൊക്കെയായിരുന്നു അന്നത്തെ കമ്പനി. എല്ലാവരും അന്ന് ചന്ദ്രികയിലെ എഴുത്തുകാരായിരുന്നു. അന്ന് എന്‍ബിഎസില്‍ ഞങ്ങള്‍ ഒത്തുചേരുമായിരുന്നു. അവടുത്തെ ശ്രീധരന് എല്ലാ എഴുത്തുകാരുമായും നല്ല ബന്ധമായിരുന്നു. എസ് കെ പൊറ്റെക്കാട്, എം ടി, തിക്കോടിയന്‍, കക്കാട്, എന്‍ പി മുഹമ്മദ്, വി പി മുഹമ്മദ്, കെ എ കൊടുങ്ങല്ലൂര്‍, യു എ ഖാദര്‍, കുഞ്ഞുണ്ണിമാഷ് ഉള്‍പ്പെടെയുള്ള എഴുത്തുകാരും അവിടെ വരാറുണ്ടായിരുന്നു. അവരെയൊക്കെ കാണാന്‍ വലിയ താല്‍പര്യമായിരുന്നു. അന്നെന്റെ റൂംമേറ്റായിരുന്ന കെ എസ് കൃഷ്ണന്‍ നായരും ഞാനും കാനേഷ് പൂനൂരുമൊക്കെ മാനാഞ്ചിറയില്‍ പോയിരുന്ന് റേഡിയോ കേള്‍ക്കുന്ന പതിവുണ്ടായിരുന്നു. സായാഹ്നങ്ങളിലെ നടത്തമാണ് മറ്റൊരു വിനോദം. നടക്കാവ്, മുത്തപ്പന്‍കാവ്, മാവൂര്‍ റോഡ്, എസ്എം സ്ട്രീറ്റ്, ഫ്രാന്‍സിസ് റോഡ്, കല്ലായിപ്പുഴയോരം വഴിയുള്ള നടത്തം പതിവായിരുന്നു. നടത്തത്തിനിടയില്‍ സാഹിത്യവും സിനിമയുമൊക്കെ ചര്‍ച്ചചെയ്തു. ഈ നടത്തങ്ങള്‍ എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് ഏറെയാണ്. ക്രൗണ്‍, രാധ, കോറണേഷന്‍, അപ്സര തുടങ്ങിയ സിനിമാ തിയേറ്ററുകളില്‍നിന്ന് സിനിമ കാണലും പതിവായിരുന്നു. ഷെയ്ഖിന്റെ പള്ളിയിലെ അപ്പവാണിഭം ഹൃദ്യമായ അനുഭവമായിരുന്നു.

     

    ? ബാബുരാജ് ഒക്കെ കോഴിക്കോട് നിറഞ്ഞുനിന്ന കാലമാണല്ലോ അത്. അദ്ദേഹത്തെ കാണാറുണ്ടായിരുന്നോ? = തീര്‍ച്ചയായും അതും നല്ല ഓര്‍മകളാണ്. ടൗണ്‍ഹാളിനു അരികിലെ പീടിക അന്ന് ലിറിക്സ് കോര്‍ണര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നാടകസംവിധായകന്‍ കെ ടി സെയ്തിന്റേതായിരുന്നു കട. അവിടെ എല്ലാ പാട്ടുപുസ്തകങ്ങളും കിട്ടും. പാട്ടുപുസ്തകം വായിക്കുക അന്ന് പലരുടേയും പതിവായിരുന്നു. ബാബുക്ക, നിലമ്പൂര്‍ ബാലന്‍ തുടങ്ങിയ നാടക-സിനിമാക്കാര്‍ അവിടെയായിരുന്നു ഒത്തുചേര്‍ന്നത്. പിന്നീട് ഞാന്‍ സിനിമാ പാട്ടെഴുത്തുകാരനായപ്പോള്‍ അവര്‍ക്കിടയിലേക്ക് പ്രമോഷന്‍ കിട്ടി. പിന്നെ ബിച്ചാക്ക, വടേരി ഹസ്സന്‍ തുടങ്ങിയ കച്ചവടക്കാര്‍ക്കിടയിലെ കലാസംഘത്തിലേക്കും. അക്കാലത്ത് ഞാന്‍ ആകാശവാണിയില്‍ ഒരുപാട് ലളിതഗാനങ്ങള്‍ എഴുതി. ഉറൂബ്, തിക്കോടിയന്‍, രാഘവന്‍ മാഷ്, പി എസ് നമ്പീശന്‍, ശ്രീധരനുണ്ണി, ജി എസ് കൃഷ്ണന്‍, ആര്‍ച്ചി ഹട്ടന്‍, മാരാര്‍ മാഷ് തുടങ്ങിയരൊക്കെ അന്നവിടെ വര്‍ക്കുചെയ്യുന്നുണ്ടായിരുന്നു. 25 രൂപയായിരുന്നു അന്ന് ആകാശവാണിയില്‍നിന്നും പാട്ടിനു പ്രതിഫലം കിട്ടിയിരുന്നത്. നാട്ടിലെ ചില നാടകങ്ങള്‍ക്ക് പാട്ടുകള്‍ എഴുതിയിരുന്നെങ്കിലും ആകാശവാണിയിലൂടെയാണ് പ്രശസ്തനായത്.

     

     

     

    ? ചലച്ചിത്രരംഗത്ത് എങ്ങനെയാണ് എത്തിപ്പെടുന്നത്. = സംവിധാകന്‍ ഐ വി ശശി കാനേഷ് പൂനൂരിന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം മദ്രാസില്‍നിന്നും കോഴിക്കോട്ട് വന്നാല്‍ ചന്ദ്രികയില്‍ വരും. പല സിനിമകളുടേയും ആര്‍ട്ട് ഡയറക്ടറായിരുന്നു അന്ന് ശശി. "കവിത" എന്ന ചിത്രത്തെക്കുറിച്ച് ആലോചന നടക്കുന്നുണ്ടായിരുന്നു. ആലപ്പി ഷരീഫായിരുന്നു സ്ക്രിപ്റ്റ്. ഐ വി ശശിയുടെ വെസ്റ്റ്ഹില്ലിലെ വീട്ടില്‍ ഞങ്ങള്‍ പോകുക പതിവായിരുന്നു. ബീച്ചിലും മറ്റുമായി ഒത്തുചേരാറുമുണ്ട്. അദ്ദേഹത്തിന്റെ മദ്രാസ് കഥകള്‍ ഞങ്ങള്‍ കൗതുകത്തോടെയും ആവേശത്തോടെയുമാണ് കേട്ടിരുന്നത്. അന്ന് മദ്രാസില്‍നിന്നും പുറത്തിറങ്ങിയ "അന്വേഷണം" മാസികയില്‍ ഞാന്‍ എഴുതിയിരുന്നു. കവിയെന്ന നിലയില്‍ ശശിക്കെന്നെ നേരത്തെ അറിയാമായിരുന്നു. "കളിപ്പാവ" എന്ന പടം ഷരീഫിന്റേതായി നേരത്തെ ഇറങ്ങിയിരുന്നു. ശശിയായിരുന്നു അതിന്റെ ആര്‍ട്ട് ഡയറക്ടര്‍. ഞാന്‍ പാട്ടെഴുതുമെന്ന് കാനേഷ് ശശിയോട് പറഞ്ഞു. സിനിമയില്‍ അവസരമുണ്ടെങ്കില്‍ നല്‍കണമെന്നും. അക്കാലത്ത് ആകാശവാണിയില്‍ രാഘവന്‍ മാഷൊക്കെ എന്റെ പാട്ടിന് സംഗീതം നല്‍കിയിരുന്നു. സംഗീതപാഠത്തില്‍ ഞാനെഴുതിയ പാട്ടുകള്‍ മാഷ് പഠിപ്പിച്ചിട്ടുമുണ്ട്്. അങ്ങനെ "കവിത" എന്ന ചിത്രത്തില്‍ എന്നെക്കൊണ്ട് പാട്ടെഴുതിക്കാന്‍ ശശി തീരുമാനിച്ചു. എന്നാല്‍ ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് പുതിയ ആളെക്കൊണ്ട് പാട്ടെഴുതിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അങ്ങനെ "കവിത"യില്‍ പി ഭാസ്കരന്‍ മാഷ് പാട്ടെഴുതി. ഞാനതില്‍ കവിതകളെഴുതി. പ്രധാന കഥാപാത്രമായ കവയിത്രിക്കുവേണ്ടി ഞാനെഴുതിയ കവിതകള്‍ പി സുശീലയാണ് ആലപിച്ചത്. ""പിന്നെയും വത്മീകങ്ങ- ളുയര്‍ന്നൂ നൂറ്റാണ്ടിന്റെ കിന്നര പ്രകാണ്ഡത്തില്‍ മാനിഷാദകള്‍ പൂത്തു""- എന്നു തുടങ്ങുന്ന കവിതയാണ് പടത്തിന്റെ ടൈറ്റിലിലും ഉപയോഗിച്ചത്. രാഘവന്‍ മാഷായിരുന്നു സംഗീതം. ദാസേട്ടനായിരുന്നു അതിന്റെ ആലാപനം. ദാസേട്ടനില്‍ തുടങ്ങാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. "കാറ്റ് വിതച്ചവന്‍" ആണ് രണ്ടാമത്തെ പടം, പാട്ടെഴുതുന്ന ആദ്യ പടവും. അതില്‍ നാലു ഗാനങ്ങളാണ് ഞാനെഴുതിയത്. രണ്ടെണ്ണം യേശുദാസ് പാടി. ജാനകി, മേരി ഷൈല തുടങ്ങിയവരാണ് മറ്റു ഗാനങ്ങള്‍ പാടിയത്. കാറ്റ് വിതച്ചവനില്‍ ഐ വി ശശി ആര്‍ട്ട് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. ആലപ്പി ഷരീഫിന്റെ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച "നിറങ്ങള്‍" എന്ന നോവല്‍ സിനിമയാക്കിയതായിരുന്നു. റവറന്റ്് സുവിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മദ്രാസ് ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ആയിരുന്നു പടം നിര്‍മിച്ചത്. ജേസി ജോര്‍ജൊക്കെയായിരുന്നു ചിത്രത്തിന്റെ അസി. ഡയറക്ടര്‍. ഞങ്ങള്‍ തമ്മില്‍ നേരത്തെ വ്യക്തിബന്ധവും നാടകബന്ധവുമുണ്ടായിരുന്നു.

     

    ? ആദ്യ മദിരാശി യാത്രയുടെ ഓര്‍മകള്‍. = "കവിത"യില്‍ കവിതകള്‍ എഴുതാനായിരുന്നു ആദ്യയാത്ര. മറക്കാനാവാത്തതായിരുന്നു അത്. ജോലിയില്‍നിന്നും ലീവെടുത്തിരുന്നു. കവിത, കാറ്റുവിതച്ചവന്‍, ചുഴി, ക്രിമിനല്‍സ്, ഉത്സവം തുടങ്ങിയ അഞ്ച് സിനിമകളില്‍ അക്കാലത്ത് പാട്ടെഴുതി. "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു", "നീയെന്റെ പ്രാര്‍ഥന കേട്ടു", "അക്കല്‍ദാമയില്‍ പാപം പേറിയ"....തുടങ്ങിയവ അന്ന് വന്‍ ഹിറ്റായിരുന്നു. ആകാശവാണിയില്‍ പാട്ടുകള്‍ വന്നുകഴിഞ്ഞാല്‍ നമ്മള്‍ പെട്ടെന്ന് പ്രശസ്തനാകുമായിരുന്നു. തുടര്‍ന്നായിരുന്നു വിവാഹം. കൂടുതല്‍ പടം കിട്ടിത്തുടങ്ങിയതോടെ മദിരാശിയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. 1979ല്‍ അവിടെ താമസം തുടങ്ങി. കോടമ്പാക്കം, സാലിഗ്രാമം തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു താമസം. സാലിഗ്രാമില്‍ സ്ഥലം വാങ്ങി വീടൊക്കെ വച്ച് 15 വര്‍ഷം അവിടെ താമസിച്ചു.

     

    ? ചെന്നൈ ജീവിതവും സിനിമയും = 15 വര്‍ഷത്തെ സംഭവബഹുലമായ ജീവിതമായിരുന്നു ചെന്നൈയിലേത്. ഒരുപാടു പ്രശസ്തരുമായി നല്ല ബന്ധങ്ങളുണ്ടായി. അഞ്ചുവര്‍ഷം ലീവെടുത്തത് പിന്നീട് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. രവീന്ദ്രന്‍, ജോണ്‍സണ്‍, ഷെരീഫ് ഇവരുടെ കുടുംബവുമായൊക്കെ നല്ല ബന്ധമായിരുന്നു. എ ആര്‍ റഹ്മാനുമായി ജിങ്കിള്‍സ് ചെയ്യാന്‍ അക്കാലത്ത് കഴിഞ്ഞിട്ടുണ്ട്. അര്‍ജുനന്‍ മാഷ്ക്ക് കീബോര്‍ഡ് വായിച്ചിരുന്നത് റഹ്മാനായിരുന്നു. ജോണ്‍സന്‍ മാഷായിരുന്നു കണ്ടക്ട് ചെയ്തത്. റഹ്മാനുമായി നല്ല ബന്ധമായിരുന്നു. റോജയ്ക്കുശേഷവും ഒരു വര്‍ക്കുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പോയിട്ടുണ്ട്.

     

    ? ആദ്യപാട്ടുകളിലെ സംഗീതസംവിധായകര്‍. = പീറ്റര്‍-രൂപനായിരുന്നു "കാറ്റ് വിതച്ചവര്‍" ചെയ്തത്. "ചുഴി"യില്‍ ബാബുരാജ്. ഐ വി ശശിയുടെ "ഉത്സവ"ത്തിന് എ ടി ഉമ്മര്‍ ആയിരുന്നു സംഗീതം. "ആദ്യസമാഗമലജ്ജയില്‍".... "സ്വയംവരത്തിനു പന്തലൊരുക്കി"... "കരിമ്പുകൊണ്ടൊരുനയമ്പുമായെന്‍"... "ഏകാന്തതയുടെ കടവില്‍"... തുടങ്ങിയ പാട്ടുകളൊക്കെ ഉമ്മറാണ് ചെയ്തത്. പടം ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പിന്നീട് വലിയ സൗഹൃദമായിരുന്നു ഉമ്മറും ഞാനും തമ്മില്‍.

     

    ? ബാബുരാജുമായുള്ള സൗഹൃദം. = "ചുഴി"യിലെ പാട്ടുകള്‍ ചെയ്തത് മുതലാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. അദ്ദേഹവുമായി നല്ല അടുപ്പം എപ്പോഴും പുലര്‍ത്തിയിരുന്നു. "ഹൃദയത്തില്‍ നിറയുന്ന മിഴിനീരാല്‍ ഞാന്‍ തൃക്കാല്‍ കഴുകുന്നു നാഥാ"- എന്ന "ചുഴി"യിലെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട്ടായിരുന്നപ്പോള്‍ എന്റെ ഓഫീസില്‍ ഇടയ്ക്കൊക്കെ ബാബുക്ക വരും. നഗരത്തില്‍ കാണുമ്പോള്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി സല്‍ക്കരിക്കും. ചില സ്കൂളുകളിലും കലാവേദിയുടെ പരിപാടിയിലുമൊക്കെ ഒരുമിക്കാറുണ്ടായിരുന്നു.

     

    ? പഴയ പാട്ടുകളുടെ ആസ്വാദ്യത പലപ്പോഴും പുതിയ പാട്ടുകള്‍ക്ക് കിട്ടുന്നില്ല. പാട്ടുകേട്ട് ഉറങ്ങാനോ വെറുതെയിരിക്കാനോ നമ്മള്‍ തെരഞ്ഞെടുക്കുന്നത് പഴയ പാട്ടുകളെയാണ്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ = മറവിയുടെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്കൂളിലൊന്നും പഠിക്കാത്ത എന്റെ ഉമ്മയ്ക്ക് നല്ല ഓര്‍മശക്തിയുണ്ടായിരുന്നു. ഞാന്‍ കോഴിക്കോട്ടുനിന്നും മദ്രാസില്‍നിന്ന് നാട്ടില്‍ വന്നാല്‍ മുമ്പ് ഞാനെപ്പോഴാണ് വന്നത് എന്നൊക്കെ പറയാന്‍ ഉമ്മയ്ക്ക് കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ മുമ്പുള്ള തീയതിവരെ. സിനിമ കാണാത്ത ഉമ്മയ്ക്ക് റേഡിയോയില്‍ വരുന്ന എന്റെ പാട്ടുകള്‍ തിരിച്ചറിയാമായിരുന്നു. ജീവിതത്തെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണം അവര്‍ക്കൊക്കെയുണ്ട്. നമുക്കത് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എല്ലാറ്റിനും വേഗതകൂടിയ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പാട്ടുകള്‍ നമ്മള്‍ സ്വീകരിച്ചാലും പെട്ടെന്നുതന്നെ മറവിയിലേക്ക് തള്ളുന്നു. എന്നാല്‍ നല്ല പാട്ടുകളും പുതിയ കാലത്ത് ഉണ്ടാകുന്നുണ്ട്. മാത്രമല്ല പണ്ടൊക്കെ ഒരു പാട്ട് രൂപപ്പെടുത്താന്‍ ഒരു ടീം ഒരുമിച്ച് വര്‍ക്ക്ചെയ്തിരുന്നു. സിനിമയുടെ ആദ്യചര്‍ച്ച മുതല്‍ ഗാനരചയിതാവും കൂടെയുണ്ടാകും. ചിലപ്പോള്‍ സ്ക്രിപ്റ്റ് വായിക്കാനും പറ്റും. അതുകൊണ്ടൊക്കെത്തന്നെ കഥയെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാന്‍ ഏറെ സമയം കിട്ടിയിരുന്നു. ധ്യാനംപോലെ ഒരു പാട്ടിനു പിന്നില്‍ എഴുത്തുകാരനും സംഗീതസംവിധായകനും ഗായകരുമൊക്കെയുണ്ടാവും. ഇന്ന് ഗാനരചയിതാവും സംഗീതസംവിധായകനും ഗായകരുമൊന്നും പലപ്പോഴും പരസ്പരം കാണാറുപോലുമില്ല.

     

    ? കവികള്‍ പാട്ടെഴുതുന്നത് എത്രത്തോളം ഗുണകരമാണ് = പണ്ട് കവിതയെഴുതിയാലേ പാട്ടെഴുതാന്‍ പറ്റുമായിരുന്നുള്ളൂ. കവിയായി പേരെടുത്തിട്ടായിരുന്നു ഗാനരചനയിലേക്ക് വന്നിരുന്നത്. കവിതയുടെ അംശമില്ലാത്ത ഗാനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം.

     

    ? ട്യൂണിട്ടശേഷം പാട്ടെഴുതുന്നത് പാട്ടിന്റെ ക്വാളിറ്റിയെ ബാധിക്കുമോ "രാജീവം വിടരും നയനങ്ങള്‍".... "ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍"... "ഹൃദയം ഒരു വീണയായ്"... "മൃദുലേ ഇതാ..." "പൂമാനമേ...." "ഈ നീലിമ തന്‍ ചാരുതയില്‍....." "ഏതോ ജന്മകല്‍പനയില്‍...." "അനുരാഗിണീ ഇതാ...." തുടങ്ങിയ പാട്ടുകളെന്നല്ല തൊണ്ണൂറു ശതമാനം പാട്ടും ഞാന്‍ എഴുതിയിട്ടുള്ളത് ട്യൂണുകള്‍ക്കാണ്. അവയിലൊക്കെ ഒരു ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷേ ട്യൂണിട്ടെഴുതേണ്ടി വരുമ്പോള്‍ ഗാനരചയിതാവ് രണ്ടു പ്രതിബദ്ധതകള്‍ക്കിടയിലാകുന്നു. ഗാനസൗന്ദര്യവും ട്യൂണും-രണ്ടിനോടും നീതി പുലര്‍ത്തേണ്ടിവരുമ്പോള്‍ മുന്‍കൂട്ടിയുള്ള ഈണനിര്‍മാണം കൊണ്ട് രചന വിഷമമുള്ളതാവും.

     

    ?വയലാര്‍, പി ഭാസ്കരന്‍ തുടങ്ങിയവരോടൊക്കെ നല്ല ബന്ധമായിരുന്നോ? = വയലാറിനെ കാണുകയും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്്. പക്ഷേ അടുത്തിടപഴകാന്‍ അവസരമുണ്ടായിട്ടില്ല. ഭാസ്കരന്‍ മാഷുമായി നല്ല ബന്ധമായിരുന്നു. ഒ എന്‍ വി സാറുമായും നല്ല ബന്ധമുണ്ട്. തുടക്കം മുതല്‍ എന്നെ ശ്രദ്ധിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന തുടര്‍ച്ചയില്‍ നിന്നുള്ള ജ്യേഷ്ഠാനുജ ബന്ധമാണ് ശ്രീകുമാരന്‍ തമ്പിയുമായുള്ളത്. ബിച്ചുതിരുമല, ചുനക്കര എന്നിവരുമായും നല്ല അടുപ്പമാണ്. ഭരണിക്കാവ് ശിവകുമാറുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

     

    ? ചലച്ചിത്രനടന്മാരില്‍ ഏറ്റവും അടുപ്പം ആരോടായിരുന്നു = പ്രേംനസീര്‍ സാറുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നാണ് ഞാന്‍ വിവാഹം കഴിച്ചത്. എന്റെ ഭാര്യയുടെ എളാപ്പയാണ് അദ്ദേഹം. എഴുത്തുകാരോടും സംഗീതജ്ഞരോടും ആദരവും നല്ല അടുപ്പവുമായിരുന്നു നസീറിന്. മദ്രാസിലായിരുന്നപ്പോള്‍ വീട്ടില്‍ വരലും പോകലുമൊക്കെയുണ്ടായിരുന്നു. ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പ്രേംനസീര്‍ ഫൗണ്ടേഷനില്‍ ഞാന്‍ ട്രസ്റ്റ് അംഗമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മറ്റ് അംഗങ്ങള്‍. അതുപോലെ സോമന്‍, സുകുമാരന്‍, മധു, കെ പി ഉമ്മര്‍ എന്നിവരോടും നല്ല അടുപ്പമായിരുന്നു.

     

    ?എപ്പോഴാണ് ചെന്നൈയില്‍നിന്നും തിരിച്ചുപോന്നത് = ലീവ് തീര്‍ന്നതോടെ 2000ല്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുപോന്നു. ജോലിയും എഴുത്തുമായി തിരക്കുതന്നെയായിരുന്നു അക്കാലത്ത്.

     

    ? വേണ്ടത്ര അംഗീകാരം താങ്കള്‍ക്ക് ലഭിച്ചിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ = എവിടെ പോയാലും ആള്‍ക്കാര്‍ക്ക് എന്നെ അറിയാം എന്നത് വലിയ അംഗീകാരമാണ്. സര്‍ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടില്ല. ആ അര്‍ഥത്തില്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല എന്നു പറയാമെങ്കിലും ആസ്വാദകന്റെ അവാര്‍ഡ് എനിക്കെന്നുമുണ്ട്.

     

    ? സ്വന്തം പാട്ടുകള്‍ കേള്‍ക്കാറുണ്ടോ = മറ്റൊരാളുടെ പാട്ടു കേള്‍ക്കുമ്പോലെ സ്വന്തം പാട്ടുകേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മള്‍ ഉപയോഗിച്ച ചില വാക്കുകള്‍ ഗായകന്റെ/ഗായികയുടെ ശബ്ദത്തില്‍ വരുമ്പോള്‍ സൗന്ദര്യം കൂടും. അതൊക്കെ ആസ്വദിക്കാറുണ്ട്. യാത്രക്കിടയില്‍ എന്റെ പാട്ട് മറ്റുള്ളവര്‍ ആസ്വദിക്കുന്നത് കാണാനും രസമാണ്. ചിലപ്പോഴൊക്കെ രാത്രി ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ ട്രെയിനില്‍നിന്നും എന്റെ പാട്ടു കേള്‍ക്കാറുണ്ട്. "ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍.." എന്നെ അറിഞ്ഞുകൊണ്ട് യാത്രക്കാര്‍ പാടുന്നതല്ല, ചിറയിന്‍കീഴ് എന്ന ബോര്‍ഡ് കാണുമ്പോള്‍ അവര്‍ അറിയാതെ പാടിപ്പോകുന്നതാണ്. അജ്ഞാതനായി മാറിനിന്ന് എന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ രസമാണ്. ചില കല്യാണവീടുകളില്‍ വച്ചും ഇങ്ങനെ എന്റെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്.

     

    ? റിയാലിറ്റി ഷോ- ഇന്ന് നെഗറ്റീവായും പോസിറ്റീവായും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം = എന്തു പോരായ്മയുണ്ടായാലും ഞങ്ങളുടെയൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയ പല ഗാനങ്ങളും ഇന്ന് ഈ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

     

    ? പുതിയ കവിതകള്‍ ശ്രദ്ധിക്കാറുണ്ടോ = നല്ല കവിതകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ കവിതയുടെ പേരില്‍ ഒരുപാട് കള്ളനാണയങ്ങള്‍ ഇന്നുണ്ട്. ഇഷ്ടകവികള്‍? = ഒ എന്‍ വി, സച്ചിദാനന്ദന്‍, ശങ്കരപ്പിള്ള, രാവുണ്ണി, വീരാന്‍കുട്ടി, സെബാസ്റ്റ്യന്‍.

     

    ? ഒരുപാട് മാപ്പിളപ്പാട്ടുകള്‍ താങ്കളുടേതായിട്ടുണ്ടല്ലോ. ഇന്ന് ചാനലുകളില്‍ അടക്കം "മാപ്പിളപ്പാട്ട് തരംഗം" തന്നെ ഉണ്ടായിട്ടുണ്ട്. എന്തുതോന്നുന്നു = ഞങ്ങളൊക്കെ വളരെ പേടിച്ചായിരുന്നു മാപ്പിളപ്പാട്ട് എഴുതിയിരുന്നത്. "മാപ്പിളീയം" അല്ലാത്ത ബിംബങ്ങള്‍ കടന്നുവരാതിരിക്കാന്‍ ഒരുപാടു ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ ട്രെന്‍ഡ് ആ ഗാനശാഖയ്ക്ക് ഗുണംചെയ്യില്ല. അതിന്റെ കള്‍ച്ചറില്‍നിന്നും വിട്ടിട്ടുള്ള രീതിയാണ് പൊതുവെ കണ്ടുവരുന്നത്. കരിങ്കുരങ്ങ് രസായനം മാതിരി പലതും ചേര്‍ത്താണ് ഇന്ന് മാപ്പിളപ്പാട്ട് രൂപപ്പെടുത്തുന്നത്്. മാപ്പിളപ്പെണ്ണുങ്ങളുടെ പേരും സെക്സിന്റെ ഘടകവും വല്ലാതെ ചേര്‍ത്താല്‍ മാപ്പിളപ്പാട്ടായി എന്നു ധരിക്കുന്നവരും നമുക്കിടയിലുണ്ട്. മാപ്പിളജീവിതം, സംസ്കാരം എന്നിവ പഴയ സിനിമകളിലെ മാപ്പിളപ്പാട്ടുകളില്‍പ്പോലും വ്യക്തമായി കാണിച്ചിരുന്നു.

     

    ? പണ്ട് പാട്ടുപുസ്തകങ്ങള്‍ സുലഭമായിരുന്നു. ഇപ്പോള്‍ പുതിയ രൂപത്തില്‍ വലിയ പ്രസാധകര്‍ പാട്ടുപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത് ചലച്ചിത്രഗാനശാഖയ്ക്ക് ഗുണകരമാണോ = പഴയ പാട്ടുപുസ്തകങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരം നേടിയിരുന്നു. പാട്ടിന്റെ സാഹിത്യം സാധാരണക്കാരില്‍ പാട്ടുപുസ്തകങ്ങള്‍ എത്തിച്ചു. പാട്ട് വായിക്കാന്‍ കൂടിയുള്ളതാണ്. വായനയുടെ അനുഭൂതിയും ഇത്തരം പുസ്തകങ്ങള്‍ ആസ്വാദകരെ അറിയിച്ചിരുന്നു. കഥകളിയൊക്കെ കാണുമ്പോഴും ആട്ടക്കഥ വായിച്ചിട്ടാണ് അതിന്റെ സാഹിത്യം ശരിക്കും നമ്മള്‍ അറിയുന്നത്. ഇന്ന് കൂടുതല്‍ ആകര്‍ഷകമായ രൂപത്തില്‍ പാട്ടുപുസ്തകങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇത് നല്ല സൂചനയാണ്. ? മലയാളം ഗസലുകള്‍ക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. ശ്രദ്ധിക്കാറുണ്ടോ = നല്ല ട്രെന്‍ഡാണ്. കവികളാണ് പല ഗസലുകളും എഴുതിയത്. അതുകൊണ്ട് വലിയ പരിക്കേല്‍ക്കാതെ ഈ രംഗം നില്‍ക്കുന്നുണ്ട്.

     

    ? ചലച്ചിത്ര ഗാനരചയിതാവിന് എന്തൊക്കെ തരത്തിലുള്ള റോയല്‍റ്റികളാണ് ഇപ്പോള്‍ ലഭിക്കുന്നത് ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ്സൊസൈറ്റിയില്‍ (ഐപിആര്‍എസ്)നിന്നുള്ള റോയല്‍റ്റി മാത്രമാണുള്ളത്. അത് ആകാശവാണിയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും ഐപിആര്‍എസിന് ലഭിക്കുന്നവയാണ്. പക്ഷേ, കോപ്പിറൈറ്റ് ആക്ട് പ്രകാരം പബ്ലിക് വേദിയില്‍ പ്ലേ ചെയ്യപ്പെടുന്ന ഏതു പാട്ടിനും ഐപിആര്‍എസ് നിശ്ചയിച്ചിട്ടുള്ള റോയല്‍റ്റിക്ക് അതിന്റെ ഗാനരചയിതാവും സംഗീത സംവിധായകനും അവകാശികളാണ്. പ്ലേ ചെയ്യുന്ന സ്ഥാപനങ്ങള്‍ അത് നല്‍കേണ്ടതാണ്. പ്രതിഫലം പറ്റിക്കൊണ്ടുള്ള ഗാനമേള ട്രൂപ്പുകള്‍ക്കും, ചാനലുകള്‍, എഫ്എം സ്റ്റേഷനുകള്‍, റിങ്ടോണായി പാട്ടുപയോഗിക്കുന്ന മൊബൈല്‍ കമ്പനികള്‍ എന്നിവര്‍ അത് നല്‍കാന്‍ ബാധ്യസ്ഥരാണെങ്കിലും പാട്ടുകള്‍കൊണ്ട് അവര്‍ സമ്പന്നരാകുമ്പോഴും ക്രിയേറ്റേഴ്സിന് നിശ്ചയിക്കപ്പെട്ട റോയല്‍റ്റി നല്‍കാതിരിക്കുന്നു എന്നതാണ് സത്യം. അത് പാലിക്കപ്പെടുകയാണെങ്കില്‍ ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റേയും പേരില്‍ കുടുംബങ്ങള്‍ക്കുവേണ്ടി പിരിവുകള്‍ നടത്തേണ്ടിവരില്ലയെന്നതും സത്യമാണ്.

     

    ? ഇഷ്ടപ്പെട്ട പത്ത് സ്വന്തം ഗാനങ്ങള്‍ = "മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു..." "അക്കല്‍ദാമയില്‍ പാപം പേറിയ..." "ആദ്യസമാഗമലജ്ജയില്‍..." "ശരറാന്തല്‍ തിരിതാഴും..." "ചിത്തിരത്തോണിയില്‍ അക്കരെ..." "സിന്ദൂരസന്ധ്യയ്ക്ക് മൗനം..." "ഏതോ ജന്മകല്‍പനയില്‍..." "രാജീവം വിടരും നിന്‍ മിഴികള്‍..." "അനുരാഗിണീ ഇതാ.." "ഹൃദയം ഒരു വീണയായ്..." ? ഇതുവരെ എത്ര സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ടാവും കൃത്യമായ കണക്കില്ലെങ്കിലും 380-ല്‍ പരം ചിത്രങ്ങളിലായി 1200 ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. അതിലേറെ മറ്റു മീഡിയങ്ങള്‍ക്കുവേണ്ടി എഴുതിയ ലളിതഗാനങ്ങളുമുണ്ട്.

     

    ? പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ കളിവീണ, പാടുവാന്‍ പഠിക്കുവാന്‍, (കവിതാ സമാഹാരങ്ങള്‍)ചിത്തിരത്തോണി(ചലച്ചിത്ര ഗാനങ്ങള്‍).

     

    ? പുതിയ പ്രോജക്ടുകള്‍ = യാത്രക്കൊടുവില്‍, ദി ഹാജര്‍, കസ്തൂരിമാമ്പഴം, കാസാബ്ലാങ്ക, ബാച്ച് 162, തുടങ്ങിയവയാണ് പുതിയ ചിത്രങ്ങള്‍. ? കുടുംബം = ഭാര്യ അമീന. മക്കള്‍: തുഷാര, പ്രസൂന.