16 November Friday

യുഎഇ തൊഴിൽവിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം

അനസ് യാസിൻUpdated: Wednesday Feb 21, 2018

മനാമ > യുഎഇ തൊഴിൽവിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഞായറാഴ്ച നിലവിൽവന്ന നിയമമനുസരിച്ച് തൊഴിൽവിസയ്ക്ക് അപേക്ഷിക്കുന്ന വിദേശി സ്വന്തം രാജ്യത്തുനിന്നോ അഞ്ചുവർഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ, കുടുംബ‐ സന്ദർശക‐ സ്റ്റുഡന്റ് വിസയിലെത്തുന്നവർക്ക് ഇത് ആവശ്യമില്ല.

പൊലീസിൽനിന്നോ ആഭ്യന്തരമന്ത്രാലയം അധികൃതരിൽനിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് വേണ്ടത്. സ്വഭാവ സർട്ടിഫിക്കറ്റ് അതത് രാജ്യത്തെ യുഎഇ എംബസിയിൽനിന്നോ യുഎഇ വിദേശകാര്യ‐ രാജ്യാന്തര സഹകരണ മന്ത്രാലയത്തിനുകീഴിലെ 'ഹാപ്പിനെസ്' കേന്ദ്രങ്ങളിലോ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത് ഹാജരാക്കിയാലേ വിസ അനുവദിക്കുകയുള്ളൂ.

യുഎഇയിൽ ദീർഘകാലമായി താമസിക്കുന്നവർ പുതിയ വിസയ്ക്ക് അപേക്ഷിക്കുകയാണെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിനായി ദുബായ് പൊലീസിന്റെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പുകൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

അബുദാബി പൊലീസിലോ പൊലീസ് സ്റ്റേഷനിലോ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലോ നേരിട്ടെത്തിയും അപേക്ഷിക്കാം. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് 210 ദിർഹമാണ് ഫീസ്. രാജ്യത്തിന് പുറത്തുനിന്ന് അപേക്ഷിക്കുന്നവർ 300 ദിർഹം നൽകണം.

നിലവിൽ യുഎഇയിൽ ജോലിചെയ്യുന്ന വിദേശികൾ പുതിയ തൊഴിൽവിസയിലേക്ക് മാറുകയാണെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. എന്നാലിത് തീരുമാനിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. യുഎഇയിൽ ജനിച്ചുവളർന്ന വിദേശികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ, കുറച്ചുകാലത്തേക്കെങ്കിലും രാജ്യം വിട്ടവർ സർട്ടിഫിക്കറ്റ് നൽകേണ്ടിവരും.

വീട്ടുവേലക്കാർ ഉൾപ്പെടെയുള്ള ഗാർഹികതൊഴിലാളികൾക്കും ഇത് നിർബന്ധമാണ്. രാജ്യത്തെത്തുന്ന വിദേശികൾക്ക് കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും ദേശീയസുരക്ഷ ഉറപ്പുവരുത്താനുമാണ് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് അധികൃതർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top