20 November Tuesday

കുടിയേറ്റക്കാരിൽനിന്ന‌് കുട്ടികളെ മാറ്റില്ല വേർപിരിക്കൽ നയം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


വാഷിങ‌്ടൺ

അനധികൃത കുടിയേറ്റക്കാരിൽനിന്ന‌് കുട്ടികളെ വേർപ്പെടുത്തുന്ന അമേരിക്കയുടെ വേർപെടുത്തൽ നയത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഈ നടപടി അവസാനിപ്പിച്ച‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ഉത്തരവിറക്കി. പുതിയ ഉത്തരവനുസരിച്ച‌് കുട്ടികളെ രക്ഷിതാക്കളിൽനിന്ന‌് അകറ്റില്ല.

എന്നാൽ, അനധികൃതമായി കുടിയേറിവരെ ഫെഡറൽ കസ്റ്റഡിയിൽ സൂക്ഷിക്കുകയും കുടിയേറ്റ നിയമം ലംഘിച്ചതിന‌് നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട‌്.അമേരിക്ക‐മെക‌്സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റം വർധിക്കുന്നുവെന്ന‌ു കാട്ടിയാണ‌് കുട്ടികളെ കുടുംബത്തിൽനിന്ന‌് അകറ്റുകയെന്ന ക്രൂര നിയമം ട്രംപ‌് നടപ്പാക്കിയത‌്. ഇതിനെതിരെ രാജ്യാന്തരതലത്തിലടക്കം കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

കുടിയേറ്റ കുടുംബത്തിൽപ്പെട്ട രക്ഷിതാക്കളിൽനിന്ന‌് അകറ്റിനിർത്തപ്പെട്ട പിഞ്ചുകുട്ടി കരയുന്ന ചിത്രം മാധ്യമങ്ങ‌ളിൽ വന്നതോടെ അമേരിക്കയിലും പ്രതിഷേധം ഉയർന്നു. യുഎസ‌് എമിഗ്രേഷൻ പുറത്തുവിട്ട കണക്കനുസരിച്ച‌് 2206 രക്ഷിതാക്കളിൽനിന്ന‌് 2342 കുട്ടികളെ വേർപെടുത്തിയിട്ടുണ്ട‌്. ഈവർഷം മെയ‌് അഞ്ചുമുതൽ ജൂൺ ഒമ്പതുവരെമാത്രമുള്ള കണക്കാണിത‌്.

പുതിയ ഉത്തരവിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ‌് അമേരിക്കൻ കോൺഗ്രസിന്റെ പരിഗണനയ‌്ക്ക‌് വിടണമെന്നാണ‌് ഇവരുടെ ആവശ്യം. ഉത്തരവ‌് അടുത്ത ദിവസം അമേരിക്കൻ കോൺഗ്രസിന്റെ പരിഗണനയ‌്ക്ക‌് വിട്ടേക്കും. ഇതോടെ പുതിയ ഉത്തരവും സങ്കീർണമായ രാഷ്ട്രീയ ചർച്ചകൾക്ക‌് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top