21 September Friday

12 സെക്കൻഡ‌് ഹസ‌്‌‌തദാനം; 45 മിനിറ്റ‌് സംഭാഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

സിംഗപ്പുർ > അതെ, ഇതാദ്യമായി അവർ നേർക്കുനേർ നിന്നു. പോരടിക്കാനല്ല; സമാധാനത്തിന്റെ വഴികൾതേടി. ചരിത്രത്തിലാദ്യമായി അമേരിക്കൻ പ്രസിഡന്റും ഉത്തരകൊറിയൻ ഭരണാധികാരിയും ഉച്ചകോടിക്കെത്തി. സിംഗപ്പുർ സിറ്റിയിൽ അധികം അകലെയല്ലാത്ത രണ്ട് ഹോട്ടലിൽ തങ്ങിയ ഡോണൾഡ് ട്രംപും കിം ജോങ് അന്നും അതീവ സുരക്ഷാവലയത്തിലാണ് സെന്റോസ ദ്വീപിലെ ക്യാപെല്ല ഹോട്ടലിലേക്കെത്തിയത്. കിമ്മാണ് ആദ്യമെത്തിയത്. ട്രംപ് എത്തുന്നതിനും ഏഴുമിനിറ്റുമുമ്പ്. പ്രായത്തിൽ ഇളയവർ ആദ്യമെത്തണമെന്ന സംസ്കാരം പിന്തുടർന്നായിരുന്നു ഇത്. ഉത്തരകൊറിയക്കാർ നെഞ്ചേറ്റുന്ന ചുവപ്പുനിറമുള്ള ടൈ ധരിച്ചെത്തി ട്രംപും മാന്യത കാട്ടി.

ഇതാദ്യമായി പരസ്പരം കാണുന്ന ട്രംപും കിമ്മും ആദ്യകാഴ്ചയിൽ അൽപ്പനേരം തമ്മിൽ നോക്കിനിന്നു. പിന്നീട് ഔദ്യോഗികമായി സൗഹൃദം പങ്കിട്ടു. അമേരിക്കയുടെയും ഉത്തരകൊറിയയുടെയും പതാകകളുടെ പശ്ചാത്തലത്തിൽ 12 സെക്കൻഡ് നീണ്ട ഹസ്തദാനം. തുടർന്ന് ഹോട്ടലിലെ ലൈബ്രറിയിലേക്ക് ഇടനാഴിയിലൂടെ നടന്നുനീങ്ങവേ ഇരുവരും പരസ്പരം കുശലം പറഞ്ഞു. പിന്നീട് മാധ്യമപ്രവർത്തകർക്കു മുന്നിൽ കുറച്ചുസമയം. ഉച്ചകോടി ഉജ്വല വിജയമാകുമെന്ന് ട്രംപ്. ഏറെ തടസ്സങ്ങൾ മറികടന്നാണ് ഇവിടെ എത്തിനിൽക്കുന്നതെന്ന് കിം. വളരെയേറെ നന്ദിയെന്ന് ട്രംപിന്റെ പ്രതികരണം.

ഇരുനേതാക്കളും ദ്വിഭാഷികളുടെമാത്രം സാന്നിധ്യത്തിൽ 45 മിനിറ്റോളം പരസ്പരം സംസാരിച്ചു. തുടർന്ന് പ്രതിനിധിതല ചർച്ച. അതിനുശേഷം ഉച്ചവിരുന്നിന് കിമ്മും ട്രംപും ഒരുമിച്ചു. പാശ്ചാത്യ‐ഏഷ്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണത്തിനുശേഷം ഇരു നേതാക്കളും അൽപ്പനേരം നടുമുറ്റത്ത് ഉലാത്തി. തുടർന്ന് സംയുക്ത പ്രസ്താവനയോടെ ഉച്ചകോടിക്ക് പരിസമാപ്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top