16 July Monday
ഇസ്രയേലുമായുള്ള ഉടമ്പടി റദ്ദാക്കാന്‍ ജോര്‍ദാന്‍

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Saturday Dec 9, 2017

ജറുസലേം > ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രക്ഷോഭം വ്യാപിക്കുന്നു.  പലസ്തീനില്‍ പ്രകടനം നടത്തിയവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 50ല്‍പരം പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു. പതിനാറോളംപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. രാമല്ലയിലെ അല്‍ മനാര ചത്വരത്തില്‍നിന്ന് എല്‍-ബിറേയിലേക്ക് മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാര്‍ക്കുനേരെയാണ് ഇസ്രയേലി സൈന്യം ആക്രമണം അഴിച്ചുവിട്ടത്. 200ഓളം പ്രക്ഷോഭകരെ സൈന്യം ബാറ്റണുപയോഗിച്ച് ആക്രമിച്ചു. ഗ്രനേഡ് പ്രയോഗിച്ചു. ഗാസ മുനമ്പില്‍ മാത്രം നാല് പലസ്തീന്‍കാര്‍ക്ക് ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ബെത്ലഹേം, രാമല്ല, ഹെബ്രോന്‍, നബ്ലസ് എന്നിവിടങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുകയാണ്.

അതേസമയം അമ്മനിലെ അമേരിക്കന്‍ എംബസി പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജോര്‍ദാന്‍ജനത പ്രക്ഷോഭം ആരംഭിച്ചു. പൊതുസേവനങ്ങള്‍ നിര്‍ത്തിവച്ചതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജോര്‍ദാനിലെ നഗരങ്ങളിലും അമേരിക്കന്‍ എംബസിക്ക് മുന്നിലും പ്രക്ഷോഭം നടത്താന്‍ ഇസ്ളാമിസ്റ്റുകളും മറ്റ് സ്വതന്ത്രകക്ഷികളും ആഹ്വാനംചെയ്തിരിക്കയാണ്. ജോര്‍ദാനിയന്‍ മണ്ണില്‍ അമേരിക്കന്‍ സ്ഥാപനങ്ങള്‍ വേണ്ടെന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധറാലി നടത്തി. അമേരിക്കയുടെയും ഇസ്രയേലിന്റെയും രാഷ്ട്രീയലക്ഷ്യങ്ങളില്‍ അടുത്ത ഇര തങ്ങളാണെന്ന ഭയമാണ് ജോര്‍ദാന്‍ ജനതയെ പ്രക്ഷോഭത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാന്‍ ജനതയുടെ നല്ല പങ്കും പലസ്തീനികളാണ്.

1994ല്‍ ഇസ്രയേലുമായുണ്ടാക്കിയ സമാധാന ഉടമ്പടി റദ്ദാക്കാനും ടെല്‍ അവീവില്‍നിന്ന്  അംബാസഡറെ തിരിച്ചുവിളിക്കാനും ജോര്‍ദാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈജിപ്ത്, ഇറാന്‍, തുര്‍ക്കി, ഇറാഖ് എന്നീ രാജ്യങ്ങളിലും അമേരിക്കന്‍ നിലപാടിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ബാഗ്ദാദില്‍ പ്രക്ഷോഭകര്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകകള്‍ അഗ്നിക്കിരയാക്കി.  അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നടത്താനിരുന്ന പലസ്തീന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് പലസ്തീന്‍ അറിയിച്ചു.സന്ദര്‍ശനം  മാറ്റിവയ്ക്കാനാകില്ലെന്ന നിലപാടിലാണ് അമേരിക്ക.

പ്രധാന വാർത്തകൾ
Top