21 July Saturday

ഷെറിന്‍ മാത്യൂസിന്റെ ദുരൂഹമരണം: മകളെ കാണാന്‍ വെസ്ളിക്കും സിനിക്കും കോടതി വിലക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

ഹൂസ്റ്റണ്‍ > ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലയാളി ദമ്പതികള്‍ക്കെതിരെ കോടതി. വെസ്ളി മാത്യൂസിനും സിനി മാത്യൂസിനും അവരുടെ സ്വന്തം മകളെ കാണുന്നതില്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തി. വളര്‍ത്തുമകളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഇവര്‍ സ്വന്തം കുട്ടിയെ നോക്കുന്നതിനോ കാണുന്നതിനോ അര്‍ഹരല്ലെന്ന് കോടതി നിരീക്ഷിച്ചു. ശിശുക്ഷേമ സമിതി ഏറ്റെടുത്ത ഇവരുടെ നാലുവയസ്സുകാരി കുഞ്ഞ് ഹൂസ്റ്റണില്‍ ബന്ധുക്കള്‍ക്കൊപ്പമാണ്.

ഷെറിന്റെ മരണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിധി. ഇവര്‍ക്ക് രക്ഷിതാക്കള്‍ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടു. ബിഹാറില്‍നിന്ന് ദത്തെടുത്ത ഷെറിനെ ഒക്ടോബര്‍ ഏഴിനാണ് കാണാതായത്. പാല്‍ കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ വീടിനു പുറത്തുനിര്‍ത്തിയതായിരുന്നു. 22ന് വീടിനടുത്തുള്ള കനാലില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തില്‍ അച്ഛനമ്മമാരായ വെസ്ളിയും സിനിയും അറസ്റ്റിലാകുകയായിരുന്നു.

ഷെറിന്റെ മൃതദേഹം ചാക്കില്‍പൊതിഞ്ഞ് കനാലില്‍ തള്ളിയത് വെസ്ളിയാണെന്നാണ് സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. മാത്രമല്ല, കുഞ്ഞിന് ശ്വാസം നിലച്ചപ്പോള്‍ നേഴ്സായ വളര്‍ത്തമ്മ സിനിയുടെ സഹായംതേടുകയോ അടിയന്തര ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്തില്ലെന്നും കണ്ടെത്തി. മൃതദേഹം തള്ളാനായി കാറില്‍ കയറ്റിക്കൊണ്ടുപോയത് വെസ്ളിയാണെന്നും പറയുന്നു.

പ്രധാന വാർത്തകൾ
Top