13 November Tuesday

റൌള്‍ ഏപ്രിലില്‍ സ്ഥാനമൊഴിയും

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017

ഹവാന > അടുത്തവര്‍ഷം ഏപ്രിലില്‍ റൌള്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിന് അധികാരം കൈമാറും. അധികാരം ഒഴിയാന്‍ തയ്യാറെടുക്കുന്നതായി 86കാരനായ റൌള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചത്. എന്നാല്‍, ഇര്‍മ കൊടുങ്കാറ്റ് രാജ്യത്ത് വ്യാപക നാശനഷ്ടം വരുത്തിയതിനെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് ഏപ്രിലിലേക്ക്് മാറ്റാനാണ് സാധ്യത. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഏപ്രില്‍വരെ ദീര്‍ഘിപ്പിക്കാന്‍ ക്യൂബന്‍ ദേശീയ അസംബ്ളി അംഗീകാരംനല്‍കി. ഭരണപരമായ നേതൃസ്ഥാനം ഒഴിഞ്ഞാലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ തലപ്പത്ത് റൌള്‍ തുടര്‍ന്നേക്കും.

ക്യൂബന്‍ വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോ 2006ല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് റൌള്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയത്. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിലും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിലും ഫിദല്‍ കാസ്ട്രോയുടെ മാതൃക പിന്തുടര്‍ന്ന് റൌള്‍ മികച്ച നേട്ടം കൈവരിച്ചു. 2016ല്‍ സാമ്പത്തിക പ്രതിസന്ധി അതിജീവിച്ച് ഈ വര്‍ഷം സാമ്പത്തികവളര്‍ച്ചയില്‍ 1.6 ശതമാനം നേട്ടം കൈവരിക്കാനും ക്യൂബയ്ക്കായി.
 

പ്രധാന വാർത്തകൾ
Top