20 November Tuesday

വൈദികർക്കെതിരായ ലൈംഗികാതിക്രമ പരാതി: നടപടിയില്ലാത്തത‌് നാണക്കേട‌്: മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

ഡബ്ലിൻ
പുരോഹിതർ പ്രതിയായ ലൈംഗികാതിക്രമ കേസുകളിൽ അധികാരികൾ നടപടിയെടുക്കാത്തത‌് സഭാ സമൂഹത്തിനാകെ നാണക്കേടാണെന്ന‌് ഫ്രാൻസിസ‌് മാർപാപ്പ. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കണം. കുട്ടികളും സ‌്ത്രീകളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരുചലനംപോലും ഉണ്ടാകാത്തത‌് വീഴ‌്ചയാണ‌്. ഇത്തരം വിവാദങ്ങൾ കണ്ടില്ലെന്ന‌് നടിക്കാനാകില്ലെന്നും അയർലൻഡിലെ ചരിത്രസന്ദർശനത്തിനിടെ മാർപാപ്പ തുറന്നടിച്ചു.

ക്രൂരത വിനോദമാക്കിയ വൈദികരെ തള്ളിപ്പറഞ്ഞ മാർപാപ്പ, പുരോഹിതരുടെ ഇത്തരം നടപടിക്കെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികമാണെന്നും പറഞ്ഞു. കുട്ടികൾവരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടും സഭയിലെ ഉന്നതർ കുറ്റക്കാർക്കെതിരെ ഒരു  നടപടിയും കൈക്കൊണ്ടില്ല. ബിഷപ്പുമാരുടെയും സഭ‐മതമേലധ്യക്ഷന്മാരുടെയും ഇത്തരം നടപടി ക്രൈസ‌്തവ സമൂഹത്തിനാകെ നാണക്കേടാണ‌്.
സഭ മേലധ്യക്ഷന്മാരുടെ നിസംഗ നിലപാടിനെത്തുടർന്നാണ‌് അയർലന്റിൻഡിലും മറ്റും കടുത്ത ജനരോഷം ഉയർന്നുവന്നത‌്. അത‌് സ്വാഭാവികവുമാണ‌്. ചില വൈദികരുടെ ഇത്തരം നടപടിയിൽ തനിക്ക‌് കടുത്ത ദുഃഖവും നാണക്കേടുമുണ്ടെന്നും പാപ്പ തുറന്നടിച്ചു.

കുട്ടികളടക്കമുള്ള സമൂഹത്തിന്റെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട വൈദികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സ‌്ത്രീകളും കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല.
ശക്തമായ നടപടി ഇല്ലാത്തതാണ‌് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. അപകീർത്തികരവും ആപൽക്കരവുമായ ഇത്തരം പ്രവണത എന്തുവിലകൊടുത്തും ഒഴിവാക്കും. ഒന്നിനുപിറകെ ഒന്നായി വൈദികരുടെ ലൈംഗികാതിക്രമ വാർത്തകൾ പുറത്തുവരുമ്പോൾ നാണക്കേട‌ുകൊണ്ട‌് തല താഴുകയാണെന്നും പാപ്പ പറഞ്ഞു.

വൈദികരുടെ കടുത്ത ക്രൂരതകൾക്കിരയായ കുട്ടികളെ ആശ്വസിപ്പിച്ച മാർപാപ്പ അവർക്കൊപ്പം ഏതാനും മിനിറ്റുകൾ ചെലവഴിച്ചു. തുടർന്ന‌് ഇരകളായ കുട്ടികളുടെ പരാതി നേരിൽ കേട്ടു. 39 വർഷത്തെ ഇടവേളയ‌്ക്കുശേഷമാണ‌് മാർപാപ്പ അയർലൻഡ‌് സന്ദർശിക്കുന്നത‌്. ഇതിനുമുമ്പ‌് ജോൺപോൾ രണ്ടാമനാണ‌് അയർലൻഡ‌് സന്ദർശിച്ചത‌്.

പ്രധാന വാർത്തകൾ
Top