14 November Wednesday

ദക്ഷിണകൊറിയ അതിർത്തിയിൽ ഉച്ചഭാഷിണി ഒഴിവാക്കും; സമയം ഏകീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Apr 30, 2018

സോൾ > ഉത്തര‐ ദക്ഷിണ കൊറിയകളുടെ ഭരണാധികാരികൾ തമ്മിൽ നടത്തിയ കൂടിക്കാഴ‌്ചയ‌്ക്കു പിന്നാലെ കൂടുതൽ  നടപടികളുമായി ദക്ഷിണകൊറിയ. കൊറിയൻ അതിർത്തികയിലെ ഉച്ചഭാഷിണികൾ ഒഴിവാക്കുമെന്ന‌് അധികൃതർ അറിയിച്ചു. അനുരഞ‌്ജനത്തിന്റെ പാതയിലേക്കുള്ള ആദ്യ ചുവടുവയ‌്പായി കണക്കാക്കുന്ന തീരുമാനത്തിനു പിന്നാലെ  ഉത്തരകൊറിയ തെക്കൻ സമയക്രമവുമായി തങ്ങളുടെ സമയം തുല്യപ്പെടുത്തുന്നതിന‌് തീരുമാനിച്ചു.

ഉത്തരകൊറിയൻ വാഴ‌്ചയെ വിമർശിക്കുന്നതും കൊറിയൻ പോപ‌് സംഗീതം പ്രക്ഷേപണം ചെയ്യുന്നതും വാർത്താ പ്രക്ഷേപണവുമൊക്കെയടങ്ങുന്ന ഉച്ചഭാഷിണി സേവനമാണ‌് ചൊവ്വാഴ‌്ചമുതൽ നിർത്തിവയ‌്ക്കാൻ തീരുമാനിച്ചത‌്.

സൈനികവിശ്വാസ്യത സൃഷ്ടിക്കാൻ ഏറ്റവും ലളിതമായ മാർഗമാണിതെന്ന‌് ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം വക്താവ‌് ചോയ‌് ഹ്യുൻസൂ  പറഞ്ഞു. കൊറിയൻ നേതാക്കളുടെ ഉച്ചകോടിക്കിടെ ഗവദിയിൽ ഇരുരാജ്യങ്ങളുടെയും ഇരു സമയക്രമം കാണിക്കുന്ന ക്ലോക്കുകൾ കണ്ട വേദനയിലാണ‌് സമയക്രമം ഏകീകരിക്കാൻ തീരുമാനം എടുത്തതെന്ന‌് അധികൃതർ വ്യക്തമാക്കി. രണ്ടാം ലോകയുദ്ധത്തിനുശേഷം ജപ്പാനിൽനിന്നുള്ള കൊറിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 70‐ാം വാർഷികത്തിൽ 2015ലാണ‌് പ്രത്യേക സമയമേഖല ക്രമീകരിച്ചത‌്. ദക്ഷിണകൊറിയയും ജപ്പാനും ഒരേസമയക്രമമാണ‌് നിലവിൽ. ഉത്തരകൊറിയൻ നേതാവ‌് കിം ജോങ‌് അന്നിന്റെ മറ്റൊരു പ്രധാന കൂടിക്കാഴ‌്ച യുഎസ‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായി ആഴ‌്ചകൾക്കകം നടക്കും.

പ്രധാന വാർത്തകൾ
Top