18 November Sunday

ഉത്തര കൊറിയയും ചൈനയും ഭീഷണിയെന്ന്‌ ജപ്പാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ടോക്യോ
ഉത്തര കൊറിയ ഇപ്പോഴും ഭീഷണിയാണെന്ന‌് ജപ്പാൻ പ്രതിരോധമന്ത്രി ഇസ‌്തനോറി ഒനേഡറ പറഞ്ഞു. വാർഷിക പ്രതിരോധ അവലോകന യോഗത്തിലാണ‌് അദ്ദേഹം ഉത്തര കൊറിയക്കെതിരെ വീണ്ടും തിരിഞ്ഞത‌്. അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും ഉത്തര കൊറിയ ചർച്ചകൾ നടത്തുകയും മേഖലയിലെ പ്രശ‌്നങ്ങൾ ഒരു പരിധിവരെ കുറഞ്ഞിരിക്കുകയുമാണ‌്.

ഈ സാഹചര്യത്തിലും ജപ്പാൻ ഉത്തര കൊറിയക്കെതിരെ രംഗത്തുവന്നത‌്‌ മേഖലയെ വീണ്ടും ആശങ്കയിലാക്കി. ചൈന വലിയ സൈനികശക്തിയാകുന്നതിനെയും ജപ്പാൻ വിമർശിച്ചു. ചൈന വലിയ സൈനികശക്തിയായി മാറുന്നത‌് മേഖലയ‌്ക്കും അന്താരാഷ്ട്രസമൂഹത്തിനും കടുത്ത സുരക്ഷാപ്രശ‌്നമുണ്ടാക്കുമെന്ന‌് ജപ്പാൻ ആരോപിച്ചു. ചൈനയുടെ സാന്നിധ്യം മേഖലയിൽ പാശ്ചാത്യശക്തികൾക്ക‌് മൂക്കുകയറിടുന്ന സാഹചര്യത്തിലാണ‌് ജപ്പാൻ ചൈനക്കെതിരെ രംഗത്തെത്തിയത്‌. ഇതിനുപിന്നിൽ അമേരിക്കയുടെ സമ്മർദമാണെന്നാണ‌് സൂചന.

അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും ഉത്തര കൊറിയ അനുരഞ്ജനത്തിൽ എത്തിയെങ്കിലും മേഖലയ‌്ക്ക‌് ഇപ്പോഴും ഉത്തര കൊറിയ ഭീഷണിയാണ‌്. ഉത്തര കൊറിയയുടെ ആണവായുധത്തെയും മിസൈൽ സംവിധാനത്തെയും ഭയക്കേണ്ട സാഹചര്യത്തിൽ കുറവുവന്നിട്ടില്ലെന്നും കരട‌് രേഖയിൽ പറഞ്ഞു.

പ്രധാന വാർത്തകൾ
Top