21 November Wednesday

കുവൈത്തിൽ പൊതുമാപ്പ് ഇന്നുമുതൽ

അനസ് യാസിൻUpdated: Monday Jan 29, 2018





മനാമ > അനധികൃത താമസക്കാർക്കായി കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് തിങ്കളാഴ്ച നിലവിൽവരും. 22 വരെയുള്ള കാലയളവിൽ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശത്തൊഴിലാളികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ രാജ്യത്തെ എംബസികൾ തയ്യാറെടുത്തു. സഹായത്തിന് സേവനകേന്ദ്രങ്ങളുമായി വിവിധ പ്രവാസി സംഘടനകളും രംഗത്തുണ്ട്.

ഏകദേശം 1,30,000 അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രയോജനംചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ആറു വർഷത്തിനുശേഷമാണ് രാജ്യത്ത് പൂർണ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.

രാജ്യം വിടുന്നവർക്ക് നിയമവിധേയമായി തൊഴിൽ വിസയിൽ വീണ്ടും വരാമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, കുറ്റകൃത്യങ്ങളിലും സാമ്പത്തിക കേസുകളിലുംപെട്ടവർക്ക് പൊതുമാപ്പ് ബാധകമല്ല. ഇക്കാലയളവിൽ പിടിക്കപ്പെടുന്ന അനധികൃത താമസക്കാരനെ നാടുകടത്തും.
രാജ്യത്ത് അനധികൃതമായി തങ്ങിയ ഓരോ ദിവസത്തിനും രണ്ട് കുവൈത്ത് ദിനാർ (424 രൂപ) പിഴ നൽകണം. കൂടിയ പിഴ 600  ദിനാർ ആണ്. രാജ്യം വിടാത്തവർ പിഴയും ശിക്ഷയുമടക്കം കടുത്ത നടപടി നേരിടേണ്ടിവരും.

നാടുകടത്തുന്ന ഇവർക്ക് കുവൈത്തിലേക്ക് പിന്നീട് പ്രവേശനം ഉണ്ടാകില്ല. വിവിധ കാരണങ്ങളാൽ ഇഖാമ കാലാവധി കഴിഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരങ്ങൾക്ക് ഏറെ ആശ്വാസമാകുന്നതാണ് തീരുമാനം.

ശമ്പളം ലഭിക്കാത്തതിനെതുടർന്ന് രാജ്യത്ത് തങ്ങാൻ നിർബന്ധിതരായ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് പേരുണ്ട്.
 

പ്രധാന വാർത്തകൾ
Top