20 September Thursday

ഹുതി ഭീഷണി: ബാബല്‍മന്ദബ് വഴി എണ്ണ കയറ്റുമതി സൗദി നിര്‍ത്തി

അനസ് യാസിന്‍Updated: Saturday Jul 28, 2018

മനാമ > ഹുതി വിമത ഭീഷണിയെത്തുടർന്ന് യമനും ജിബൂട്ടിക്കുമിടയിലുള്ള ബാബൽമന്ദബ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ താൽക്കാലികമായി നിർത്തി. ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നാണ് ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ബാബൽമന്ദബ്. സൗദിയുടെ ചെങ്കടലിൽ തീരമേഖലകളിൽനിന്ന‌് ഏഷ്യയിലേക്കുള്ള എണ്ണ കയറ്റുമതിയും ഇതുവഴിയാണ്.

കപ്പൽ ഗതാഗതം സുരക്ഷിതമായി മാറുന്നതുവരെ നിരോധനം തുടരും. കഴിഞ്ഞ ദിവസം രണ്ടു സൗദി എണ്ണക്കപ്പലിന‌്  ഹുതി ആക്രമണശ്രമം സൗദി പരാജയപ്പെടുത്തിയിരുന്നു. സൗദി നാഷണൽ ഷിപ്പിങ‌് കമ്പനിയുടെ കപ്പലുകളിൽ 20 ലക്ഷം ബാരൽ വീതം എണ്ണയുണ്ടായിരുന്നു. ആക്രമണത്തിൽ കപ്പലുകളിൽ ഒന്നിന് സാരമല്ലാത്ത കേടുപാടു പറ്റി.  കപ്പൽ തൊട്ടടുത്ത സൗദി തുറമുഖത്ത് എത്തിക്കുന്നതിനു ശ്രമം നടക്കുന്നു.

മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന‌് യൂറോപ്പിലേക്കുള്ള എണ്ണ കൊണ്ടു പോകുന്നത് ബാബൽമന്ദബ് ചെങ്കടൽ സൂയസ് കനാൽ മധ്യ ധരണ്യാഴി വഴിയാണ്. ഇവിടെയുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ലോകത്താകമാനം പ്രത്യാഘാതമുണ്ടാക്കും. എണ്ണ കപ്പലുകൾക്കു നേരെയുള്ള ഹുതികളുടെ ഭീഷണി ആഗോള വ്യാപാരത്തെയും ബാബൽമന്ദബിലും ചെങ്കടലിലും കപ്പൽ ഗതാഗതത്തെയും ബാധിക്കുമെന്ന് വ്യവസായമന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു.

തന്ത്രപ്രധാനമായ അൽഹുദൈദ തുറമുഖം പിടിയിലായതോടെയാണ് ഹുതികൾ മേഖലയിൽ ആധിപത്യം ലഭിച്ചത്. യുഎൻ മുൻകൈയെടുത്ത് സമാധാന ശ്രമങ്ങൾ നടത്തുന്ന പാശ്ചാത്തലത്തിൽ അൽഹുദൈദ തുറമുഖം മോചിപ്പിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന ഓപറേഷൻ സഖ്യസേന നിർത്തിവച്ചിട്ടുണ്ട്. സമാധാനശ്രമങ്ങൾ പരാജയപ്പെട്ടാൽ അൽഹുദൈദയെ സ്വതന്ത്രമാക്കുകയാണ് സഖ്യസേനയുടെ ലക്ഷ്യം.

പ്രധാന വാർത്തകൾ
Top