18 November Sunday

സൗദി അഴിമതി: തലാൽ രാജകുമാരന് മോചനം

അനസ് യാസിൻUpdated: Sunday Jan 28, 2018

മനാമ > സൗദിയിൽ അഴിമതിക്കേസിൽ അറസ്റ്റിലായ ശതകോടീശ്വരൻ വലീദ് ബിൻ തലാൽ രാജകുമാരന് രണ്ടുമാസത്തിനുശേഷം മോചനം. ശനിയാഴ്ച തലാൽ വീട്ടിൽ തിരിച്ചെത്തിയതായി കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നവംബർ നാലിനാണ് വലീദ് അടക്കം ഇരുനൂറ്റമ്പതോളം പ്രമുഖർ സൗദിയിൽ അറസ്റ്റിലായത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരപുത്രനാണ് വലീദ് ബിൻ തലാൽ. നിക്ഷേപസ്ഥാപനമായ കിങ്ഡം ഹോൾഡിങ്ങും എംബിസി ചാനലും തലാലിന്റെ നിയന്ത്രണത്തിലാണ്. ന്യൂസ് കോർപ്, സിറ്റി ഗ്രൂപ്പ്, ട്വിറ്റർ എന്നിവയിൽ അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അറസ്റ്റ്.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളിലൊന്നായ എംബിസി ചാനൽ ഗ്രൂപ്പ് ഉടമ വലീദ് ആലു ഇബ്രാഹിമിനെയും വിട്ടയച്ചു. അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവിൽ തിരിച്ചടയ്ക്കാൻ ധാരണയുണ്ടാക്കിയതിനെ തുടർന്നാണ് മോചനമെന്നാണ് റിപ്പോർട്ടുകൾ.

 ഫവാസ് അബ്ദുൽ അസീസ് അൽഹുകൈർ കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒരാളായ ഫവാസ് അൽഹുകൈർ, മുൻ റോയൽ കോർട്ട് പ്രസിഡന്റ് ഖാലിദ് അൽതുവൈജിരി, മുൻ കാലാവസ്ഥാനിരീക്ഷണപരിസ്ഥിതി സംരക്ഷണ വകുപ്പ് പ്രസിഡന്റ് തുർക്കി ബിൻ നാസിർ രാജകുമാരൻ തുടങ്ങിയവരടക്കമുള്ള വ്യവസായികളെയും മുതിർന്ന ഉദ്യോഗസ്ഥരെയും വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.

 മുൻ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകൻ മിതബ് ബിൻ അബ്ദുള്ള രാജകുമാരനെ നവംബർ 29ന് മോചിപ്പിച്ചിരുന്നു. അധികൃതരുമായുള്ള ഒത്തുതീർപ്പിനെ തുടർന്നാണ് അറസ്റ്റിലായി മൂന്നാഴ്ചയ്ക്കകം മോചനം സാധ്യമായത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top