22 September Saturday

ഹജ്ജിന് ഇന്ന് പരിസമാപ്തി

അനസ് യാസിന്‍Updated: Friday Aug 24, 2018

മനാമ
ഈവർഷത്തെ ഹജ്ജ‌് കർമങ്ങൾക്ക് വെള്ളിയാഴ്ച സമാപനമാകും. തീർഥാടകർ സൂര്യാസ്തമയത്തിനുമുമ്പായി മിനായോട് വിടപറയും. മിനായിൽനിന്നു മടങ്ങുന്നവർ ഹറമിൽ പോയി കഅ്ബ പ്രദക്ഷിണം ചെയ്യുന്നതോടെ ഹജ്ജിന് പര്യവസാനമാകും.
ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരടക്കം വലിയൊരു വിഭാഗം തീർഥാടകർ മൂന്നാംദിവസത്തെ ജംറയിലെ കല്ലേറുകർമം പൂർത്തിയാക്കി വ്യാഴാഴ്ചതന്നെ ഹജ്ജിനോട് വിടപറഞ്ഞു.
മസ്ജിദുൽ ഹറമിലേക്കുള്ള വഴികളിലും ഹറമിലും ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്ത് കുറെ ഹാജിമാർ മിനായിൽ തങ്ങുന്നുണ്ട്. ഇവർക്ക് കർമങ്ങൾ പൂർത്തീകരിക്കാൻ സമയം ക്രമീകരിച്ചുനൽകി. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന‌് എത്തിയവരും സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ തീർഥാടകരും നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി.
കഴിഞ്ഞ മൂന്നുദിവസങ്ങളിൽ ജംറയിൽ തീർഥാടകർ സുഗമമായി കല്ലേറ‌് നിർവഹിച്ചു. കല്ലേറുകർമം പൂർത്തീകരിക്കാനുള്ളവർ വെള്ളിയാഴ്ച നിർവഹിക്കും. തുടർന്ന് തീർഥാടകർ വിടവാങ്ങൽ പ്രദക്ഷിണത്തിനായി മക്കയിലേക്ക് പോകും.
പകുതിയിലേറെ ഇന്ത്യൻ ഹാജിമാരും ഇതിലുൾപ്പെടും. വിദേശ തീർഥാടകരിൽ മദീന സന്ദർശനം നടത്താനുള്ളവർ അതിനായി പുറപ്പെടും.
എഴുപത്തൊന്നുലക്ഷംപേർ ഈവർഷം ഹജ്ജിനെത്തി. ഇതിൽ 17.58 ലക്ഷംപേർ വിദേശത്തുനിന്നും ബാക്കി ആഭ്യന്തരഹാജിമാരുമാണ്. ഇന്ത്യയിൽനിന്ന‌് 1,75,025 തീർഥാടകർ എത്തി. ഇതിൽ 1,28,154 തീർഥാടകർ ഹജ്ജ‌് കമ്മിറ്റിവഴി എത്തിയവർ. കേരളത്തിൽനിന്ന‌് 11,689 തീർഥാടകർ ഹജ്ജിനെത്തി. ഈമാസം 27 മുതലാണ് ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര തുടങ്ങുക.
ഇന്ത്യൻ തീർഥാടകർക്ക് സുഗമമായി ഹജ്ജ‌് നിർവഹിക്കുന്നതിനാവശ്യമായ സേവനങ്ങൾ ലഭ്യമാക്കിയ സൗദി ഭരണകർത്താക്കളെ ഇന്ത്യൻ ഹജ്ജ‌് സൗഹൃദസംഘത്തലവൻ ഡോ. സെയ്ദ് മുഹമ്മദ് അമ്മാർ റിസ്വിയും ഉപമേധാവി ജമാൽ സിദ്ദീഖിയും അഭിനന്ദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top