14 December Friday

റഷ്യയിൽനിന്ന‌് യുദ്ധവിമാനങ്ങൾ വാങ്ങൽ: ചൈനീസ‌് സൈനിക ഏജൻസിക്കും യുഎസ‌് ഉപരോധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

വാഷിങ്ടൺ > റഷ്യയില്‍നിന്ന‌് യുദ്ധവിമാനങ്ങൾ വാങ്ങിയതിന്റെ പേരില്‍ ചൈനീസ് സൈനിക സ്ഥാപനത്തിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ചൈനയിൽനിന്നുള്ള ഇറക്കുമതികൾക്ക് കനത്ത തീരുവ പ്രഖ്യാപിച്ച‌് വ്യാപാര യുദ്ധത്തിനു തുടക്കമിട്ടതിന‌് തൊട്ടുപിന്നാലെയാണ് നടപടി. ഇതോടൊപ്പം മുപ്പതോളം റഷ്യൻ കമ്പനികളെ യുഎസ‌് കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുമുണ്ട‌്. റഷ്യയില്‍നിന്നു പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇന്ത്യക്കും തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന.

റഷ്യയില്‍നിന്ന് ആയുധം വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യക്കും ട്രംപ‌് ഭരണകൂടം മുന്നറിയിപ്പ‌് നൽകി. റഷ്യയില്‍നിന്ന് എസ് 4000 പ്രതിരോധ സംവിധാനം വാങ്ങുന്നതുമായി മുന്നോട്ടുപോകരുതെന്നാണ‌് മുന്നറിയിപ്പ‌്. ഇന്ത്യയിലെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട 60 ശതമാനം ഇറക്കുമതിയും റഷ്യയില്‍നിന്നാണ്. സുഖോയ് എസ‌് യു 35 വിമാനങ്ങളും എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനവും വാങ്ങിയതിനാണ‌് ചൈനീസ് സൈന്യത്തിനുമേല്‍ യുഎസ‌് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത‌്. ചൈനീസ് മിലിട്ടറി കമീഷന്റെ ഭാഗമായ ചൈനീസ് ഏജന്‍സി എക്വിപ്മെന്റ് ‍ഡെവലപ‌്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് ഉപരോധം.

സൈന്യത്തിന് പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഏജന്‍സിയാണ് എക്വിപ്മെന്റ് ‍ഡെവലപ‌്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്. ചൈനയുടെ സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ ചുമതലകളും ഇതേ ഏജന്‍സിക്കാണ്. എന്നാല്‍, യുഎസ് ഉപരോധം ചൈനയുമായുള്ള വ്യാപാരത്തെ ബാധിക്കില്ലെന്ന് റഷ്യ പ്രതികരിച്ചു.

ഉപരോധം ഉടന്‍ പിന്‍വലിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈന അറിയിച്ചു.  ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ അമേരിക്ക അന്താരാഷ‌്ട്ര ബന്ധങ്ങളുടെ അടിസ്ഥാനതത്വം ലംഘിക്കുകയാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top