Top
25
Sunday, June 2017
About UsE-Paper

ഫ്രാന്‍സില്‍ പ്രചാരണം തീരുന്നു; തെരഞ്ഞെടുപ്പ് മറ്റന്നാള്‍

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

പാരീസ് > ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തില്‍. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. അഞ്ച് പ്രമുഖ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 11 പേരാണ് മത്സരരംഗത്തുള്ളത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടും. മെയ് ഏഴിനാണ് ഈ രണ്ടാംവട്ട വോട്ടെടുപ്പ്. 

ഒന്നരപ്പതിറ്റാണ്ടിനിടെ ആദ്യമായി തീവ്ര വലതുപക്ഷ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ഥിക്ക് മുന്‍നിരയിലെത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മരീന്‍ ലീ പെന്‍ ആണ് സ്ഥാനാര്‍ഥി. അഭിപ്രായസര്‍വേകളില്‍ മധ്യകക്ഷി സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മാക്രോണ്‍ അവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുപ്പത്തൊമ്പതുകാരനായ അദ്ദേഹത്തിനുമുന്നില്‍ ഏറ്റവും പ്രായംകുറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് എന്ന റെക്കോഡാണുള്ളത്. മധ്യവലതുപക്ഷ റിപ്പബ്ളിക്കന്‍ നേതാവ് ഫ്രാന്‍സ്വാ ഫില്ലണ്‍ ആണ് മറ്റൊരു പ്രധാന സ്ഥാനാര്‍ഥി. പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസില്‍ അന്വേഷണം നേരിടുമ്പോഴും മത്സരരംഗത്ത് സജീവമാണ് ഇദ്ദേഹം. ഇടതുപക്ഷ സ്ഥാനാര്‍ഥി ഴാങ് ലുക് മെലങ്കോനും വര്‍ധിച്ച ജനപ്രീതിയുള്ളതിനാല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. മുന്‍ വിദ്യാഭ്യാസമന്ത്രിയായ ബെനോയിറ്റ് ഹാമണ്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദ് വീണ്ടും മത്സരിക്കുന്നില്ല എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ജനപ്രീതി മോശമാണെന്ന വിലിയിരുത്തലിനെത്തുടര്‍ന്നാണ് അദ്ദേഹം രണ്ടാമൂഴത്തിനില്ലെന്ന് തീരുമാനിച്ചത്.